ADVERTISEMENT

‘അന്നും ഇന്നും’ എന്ന താരതമ്യം എല്ലാകാലത്തും തർക്ക വിഷയമാണ്. എന്നാൽ പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂളിനെ സംബന്ധിച്ചിടത്തോളം അവരുടെ എക്കാലത്തെയും മികച്ച മാനേജർമാരിലൊരാളാണ് യുർഗൻ ക്ലോപ്പെന്ന കാര്യത്തിൽ സംശയമില്ല. ഉടച്ചുവാർക്കലുകൾക്ക് പേരുകേട്ട പരിശീലകനാണ് ക്ലോപ്പ്. അങ്ങനെയാണ് മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന ലിവർപൂളിന്റെ കിരീട ദാരിദ്ര്യത്തിന് അവസാനം കുറിക്കാൻ 2019-2020 സീസണിൽ ക്ലോപ്പിന് സാധിച്ചതും. ലിവർപൂളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സീസണുകളിൽ ഒന്നുകൂടിയായിരുന്നു അത്. പ്രീമിയർ ലീഗിന് പുറമെ ചാമ്പ്യൻസ് ലീഗ്, സൂപ്പർ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് കിരീടങ്ങളും ആൻഫീൽഡിലെത്തിയ വർഷം. തൊട്ടടുത്ത സീസണിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ലിവർപൂൾ 2021-2022 സീസണിൽ ഒരിക്കൽകൂടി കിരീട പ്രതീക്ഷകളിൽ മുന്നിലായിരുന്നെങ്കിലും ഫൈനൽ ലാപ്പിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു. ആ പ്രകടനങ്ങളോടൊന്നും നീതി പുലർത്താൻ 2022 - 2023 സീസണിൽ ലിവർപൂളിന് സാധിച്ചില്ല. 

ഒരു ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തേക്ക് വരെ വീണു ലിവർപൂൾ. ലീഗിലെ ചെറിയ ടീമുകളോടുപോലും വലിയ തോൽവികൾ, സമനില തെറ്റിച്ച സമനില ഫലങ്ങൾ. ആൻഫീൽഡിൽ ക്ലോപ്പിന്റെ ഏറ്റവും മോശം സമയം. ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും നേടാനാകാതെ അഞ്ചാം സ്ഥാനത്തായിരുന്നു ലീവർപൂൾ സീസൺ അവസാനിപ്പിച്ചത്. എന്നാൽ തൊട്ടതെല്ലാം പൊന്നാക്കിയ മാനേജർ എന്ന വിശേഷണത്തോട് കൂറുപുലർത്താൻ ആഗ്രഹിച്ച ക്ലോപ്പ് പുതിയ തന്ത്രങ്ങളിൽ ചെമ്പടയെ ഉടച്ചുവാർത്തു. നടപ്പ് സീസണിൽ ചെമ്പടയുടെ കുതിപ്പിനാണ് യൂറോപ്യൻ ഫുട്ബോൾ സാക്ഷിയാകുന്നത്. പ്രീമിയർ ലീഗിലെ ടേബിൾ ടോപ്പേഴ്സ് മറ്റ് ടൂർണമെന്റുകളിലും മിന്നും ഫോമിലാണ്. ‘ലിവർപൂൾ 2.0’ എന്നാണ് ക്ലോപ്പ് തന്നെ സ്വന്തം ടീമിനെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്.

ഇതിന്റെയെല്ലാം തുടക്കം കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ്. ഉപനായകൻ ട്രെന്റ് അലക്സാണ്ടർ അർണോൾഡിന് മധ്യനിരയുടെ അധിക ചുമതല നൽകി ക്ലോപ്പ്. പൊസഷൻ നഷ്ടപ്പെടുമ്പോൾ പ്രതിരോധം തീർക്കാനും പന്ത് കൈവശമുള്ളപ്പോൾ മധ്യനിരയിൽ കളിമെനയാനുമായിരുന്നു അർണോൾഡിനെ ചുമതലപ്പെടുത്തിയത്. പിന്നാലെ അന്നുവരെ ഇല്ലാത്ത തരത്തിൽ സ്ക്വാഡിൽ നിരന്തര പരീക്ഷണങ്ങളുമായി ടീമിനെ പൂർണമായും ഉപയോഗപ്പെടുത്തുന്ന ക്ലോപ്പിനെയാണ് ലിവർപൂൾ കാണുന്നത്. ജാറൽ ക്വാൻസയെപോലെയുള്ള യുവതാരങ്ങളിൽ വലിയ പ്രതീക്ഷവെച്ച ക്ലോപ്പിന് തെറ്റിയില്ല. നിരന്തര പരുക്കുകൾ ടീമിനെ വേട്ടയാടിയപ്പോഴും റെഡ് കാർഡ് സസ്പെൻഷൻസ് വലച്ചപ്പോഴും അവശേഷിക്കുന്ന ടീമിനെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നായിരുന്നു ക്ലോപ്പ് ആലോചിച്ചത്. അതിന് ഫലം കാണുകയും ചെയ്തു. പ്രധാനമായും മൂന്ന് വഴികളാണ് ഇതിനായി ക്ലോപ്പ് തിരഞ്ഞെടുത്തത്. 

പിടിച്ചുകെട്ടാനും പിടിച്ചെടുക്കാനും പോന്ന 10 പേർ 

ലിവർപൂൾ 2.0യെ അടയാളപ്പെടുത്തുന്ന ഏറ്റവും സുപ്രധാന മത്സരമായിരുന്നു മൂന്നാം മത്സര ആഴ്ചയിലെ ന്യൂകാസിലിനെതിരായ പോരാട്ടം. 28-ാം മിനിറ്റിൽ നായകൻ വിർജിൻ വാൻഡെക്ക് റെഡ് കാർഡ് കണ്ട് പുറത്തേക്ക്. മൂന്ന് മിനിറ്റുകൾക്ക് മുൻപ് ഗോർഡൻ നേടിയ ഗോളിൽ ന്യൂകാസിൽ മുന്നിട്ട് നിൽക്കുമ്പോഴായിരുന്നു ഈ തിരിച്ചടി. പിന്നാലെ 4-4-1 ഫോർമാറ്റിലേക്ക് മാറിയ ലിവർപൂൾ സാവധാനം മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. കോഡി ഗാപ്കോ മുന്നിൽ നിന്ന് നയിച്ചപ്പോൾ ഗോൾവലയ്ക്ക് മുന്നിൽ അലിസൺ കോട്ടകെട്ടി. ഇതോടെ കൂടുതൽ ഗോളിനുള്ള ന്യൂകാസിൽ ശ്രമങ്ങൾ പരാജയപ്പെട്ടുകൊണ്ടിരുന്നു. രണ്ടാം പകുതിയുടെ മധ്യഭാഗത്തേക്ക് എത്തിയപ്പോൾ കളിയുടെ നിയന്ത്രണം പൂർണമായും ലിവർപൂൾ ഏറ്റെടുക്കുകയായിരുന്നു. 77-ാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ ഡാർവിൻ നൂനസ് 81-ാം മിനിറ്റിൽ സമനില ഗോളും ഇഞ്ചുറി ടൈമിൽ വിജയഗോളും കണ്ടെത്തി. പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ അതിഗംഭീര തിരിച്ചുവരവുകളിലൊന്ന്. 

അതേമാസം തന്നെ ടോട്ടനത്തിനെതിരായ മത്സരത്തിലും ആദ്യ പകുതിയിൽ തന്നെ ലിവർപൂൾ പത്ത് പേരായി ചുരുങ്ങി. പിന്നാലെ സൺ സ്പർസിന് ലീഡ് സമ്മാനിക്കുകയും ചെയ്തു. ഒരിക്കൽകൂടി 4-4-1 ഫോർമേഷനിൽ കളിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ചെമ്പടയ്ക്കായി. വാറിലെ പിഴവുമൂലം സ്കോർബോർഡിൽ രേഖപ്പെടുത്താതെ പോയ ഗോളിനും ആ വീര്യത്തെ തളർത്താനായില്ല. മത്സരത്തിന്റെ 69-ാം മിനിറ്റിൽ ജോട്ടയും റെഡ് കാർഡ് കണ്ടതോടെ ഒൻപത് പേരായി ചുരുങ്ങിയ ലിവർപൂളിന്റെ പ്രതിരോധം ശക്തമാക്കാനായിരുന്നു ക്ലോപ്പ് തീരുമാനിച്ചത്. ഇതോടെ പ്രതിരോധ നിരയിൽ അഞ്ച് പേരെത്തി. മധ്യനിരയിൽ പോരാളിയായി അർണോൾഡിനെയുമെത്തിച്ചു. ഇതോടെ പന്ത് കൈവശമുണ്ടെങ്കിലും ടോട്ടനം താരങ്ങളെ അനങ്ങാൻ അനുവദിക്കാതെ കളിയുടെ നിയന്ത്രണം ലിവർപൂൾ ഭദ്രമാക്കി. എന്നാൽ ഇഞ്ചുറി ടൈമിൽ മാറ്റിപ്പിന് പറ്റിയ അബദ്ധം ഓൺഗോളായി കലാശിച്ചതോടെ ടോട്ടനം വിജയം നേടി. ടീം പരാജയപ്പെട്ടെങ്കിലും ക്ലോപ്പിന്റെ പദ്ധതികളുടെ സമ്പൂർണ വിജയമായിരുന്നു മത്സരം. 

മുഴുവൻ സ്ക്വാഡിനെയും മുതലാക്കുക 

ലിവർപൂളിന്റെ സമീപകാല സൈനിങ്ങുകളുടെ പൊതുസ്വഭാവം വ്യത്യസ്ത പൊസിഷനുകളിലും റോളുകളിലും തിളങ്ങാൻ സാധിക്കുന്ന താരങ്ങളാണ് ലിവർപൂളിന്റെ റഡാറിലുണ്ടായിരുന്നുവെന്നതാണ്. അവരുടെ അഞ്ച് ഫോർവേർഡുകളിലെല്ലാവർക്കും കുറഞ്ഞത് രണ്ട് മുൻനിര പൊസിഷനുകളിലെങ്കിലും കളിക്കാൻ സാധിക്കും. മധ്യനിരയിലും സ്ഥിതി വ്യത്യസ്തമല്ല. പ്രതിരോധ നിരയിൽ അലക്സാണ്ടർ അർണോൾഡും ജോ ഗോമസുമെല്ലാം കളി മെനയാനും ഗോൾ കണ്ടെത്താനും സാധിക്കുന്നവർ. പിന്നിട്ടു നിൽക്കുന്ന മത്സരങ്ങളിൽപോലും അതിവേഗം കളിയുടെ നിയന്ത്രണം ഏറ്റെടുക്കാനും വിജയം കണ്ടെത്താനും സ്ക്വാഡിന്റെ ആ വൈദഗ്ധ്യം ക്ലോപ്പിനെ സഹായിക്കുന്നു. താരങ്ങളുടെ ഫോം, ഗ്രൗണ്ടിന്റെ സ്വഭാവം, മത്സരത്തിന്റെ ഗതി ഇവയെല്ലാം അനുസരിച്ച് ലഭ്യമായ താരങ്ങളെ വിവിധ റോളുകളിൽ ക്ലോപ്പ് നിയമിക്കുന്നു. ഇത്തരത്തിൽ മത്സരത്തിനിടെതന്നെ പലതവണ ഫോർമേഷനുകൾ മാറ്റാനും എതിരാളികളെ സമ്മർദത്തിലാക്കാനും ചെമ്പടയ്ക്ക് പറ്റിയിട്ടുണ്ട്. 4-2-4, 4-3-3, 4-2-3-1 ഫോർമേഷനുകളിലെല്ലാം വിജയം കണ്ടെത്താൻ ക്ലോപ്പിന് സാധിച്ചു. സീസണിൽ ഇതുവരെ സ്റ്റാർട്ടിംഗ് ഇലവനിൽ ഏറ്റവും കൂടുതൽ മാറ്റങ്ങൾ വരുത്തിയ ക്ലബ്ബും ലിവർപൂളാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 

പകരംവയ്ക്കാനില്ലാത്ത പകരക്കാർ 

പകരക്കാരെ വിദഗ്ധമായി ഉപയോഗിക്കുന്നതിലും ക്ലോപ്പിന് സാധിച്ചിട്ടുണ്ട്. അത് അടിവരയിടുന്ന നിരവധി മത്സര ഫലങ്ങളാണ് ഈ സീസണിലുള്ളത്. നേരത്തെ സൂചിപ്പിച്ചതുപോലെ കളിയിൽ തത്സമയം വരുത്തുന്ന മാറ്റങ്ങൾക്കനുസരിച്ചായിരിക്കും ക്ലോപ്പ് പകരക്കാരെ മൈതാനത്തേക്ക് പറഞ്ഞയക്കുക. സ്റ്റാർട്ടിംഗ് ഇലവൻ പോലെ തന്നെ ശക്തമാണ് ചെമ്പടയുടെ ബെഞ്ച് സ്ക്വാഡ് എന്നതും ക്ലോപ്പിനും ലിവർപൂളിനും മേൽക്കൈ നൽകുന്നു. അതുകൊണ്ടുതന്നെ പകരക്കാരായി എത്തുന്ന താരങ്ങൾക്കെല്ലാം ടീമിന്റെ ആവശ്യമനുസരിച്ചുള്ള സംഭവനകൾ നൽകാൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ അനുവദിക്കപ്പെട്ട അഞ്ച് സബ്സ്റ്റിറ്റ്യൂഷൻ അവസരങ്ങളും ഉപയോഗിക്കുന്നതിൽ ക്ലോപ്പ് മുൻനിരയിലായിരുന്നു. 4.5 ശരാശരി മാറ്റങ്ങളാണ് ക്ലോപ്പിന്റെ പേരിലുള്ളത്. 

മത്സരത്തിൽ ഇടയ്ക്കിടെ തന്റെ സാന്നിധ്യവും സ്വാധീനവും അറിയിക്കാനും എതിരാളികളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിൽ ഒന്നിലധികം സംഭവങ്ങൾ ഒരേസമയം കളിക്കളത്തിൽ ആവിഷ്കരിക്കാനും ക്ലോപ്പിന് അനായാസം സാധിക്കുന്നു. കഴിഞ്ഞ സീസണിൽ മാത്രം ലിവർപൂളിനുവേണ്ടി പകരക്കാർ 16 ഗോളുകൾ കണ്ടെത്തുകയും 8 എണ്ണത്തിന് അവസരമൊരുക്കുകയും ചെയ്തു. പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഉയർന്ന നിരക്കുകളിലൊന്നാണിത്. പകരക്കാരിൽ മുന്നിൽ ഡാർവിൻ നൂനസ് തന്നെ. ഇതുവരെ മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളുമാണ് ഉറുഗ്വേൻ താരത്തിന്റെ പേരിൽ പകരക്കാരനായി ഇറങ്ങിയപ്പോൾ ഉള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com