ADVERTISEMENT

കൊച്ചി∙ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിന് ഇന്നു വീണ്ടും കിക്കോഫ്. പോരാട്ടം പഴയതിന്റെ തുടർച്ചയാണെങ്കിലും ഒരു മാസം മുൻപു കളമൊഴിയുമ്പോഴുള്ള ചിത്രമല്ല ഈ വരവിൽ ടീമുകളുടേത്. നിലവിലെ ജേതാക്കളായ മോഹൻ ബഗാൻ മുതൽ ഒന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സ് വരെയുള്ള ടീമുകളിൽ പലതും ആശങ്കയുടെ നിഴലിലാണ്. പോയിന്റ് പട്ടികയുടെ തലപ്പത്തുള്ളവരിൽ ഗോവയും ഒഡീഷയും വർധിത വീര്യത്തോടെ കളത്തിലെത്തുമ്പോൾ കലിംഗ സൂപ്പർ കപ്പ് ജേതാക്കളായ ഈസ്റ്റ് ബംഗാൾ പിൻനിരയിൽനിന്നുള്ള കുതിപ്പും പ്രതീക്ഷിക്കുന്നു.

മോഹൻ ബഗാൻ

ശേഷിക്കുന്ന മത്സരങ്ങൾ– 12

മോഹൻ ബഗാന്റെ സൂപ്പർ താരനിരയ്ക്കു കളത്തിൽ അത്ര നല്ല കാലമല്ല. ഐഎസ്എലിലെ മികച്ച തുടക്കം കൈമോശം വന്ന ടീമിനു കലിംഗ സൂപ്പർ കപ്പിലും പേരിനൊത്ത പ്രകടനം നടത്താനായില്ല. പരുക്കിന്റെ വെല്ലുവിളി വേറെ. യുവാൻ ഫെറാൻഡോയെ പുറത്താക്കി മുൻ കോച്ച് അന്റോണിയോ ഹബാസിനെ തിരിച്ചുവിളിച്ച ബഗാന് ഈസ്റ്റ് ബംഗാളിനെതിരായ ആദ്യ മത്സരം തൊട്ടേ നിർണായകം.

എഫ്സി ഗോവ

ശേഷിക്കുന്ന മത്സരങ്ങൾ– 12

ഐഎസ്എൽ പത്താം പതിപ്പിൽ തോൽവി അറിയാത്ത ഒരേയൊരു ടീമാണു ഗോവ. ആക്രമണവും പ്രതിരോധവും ഒരുപോലെ ഭദ്രമാക്കിയ മനോലോ മാർക്കേസിന്റെ ഗോവൻ ടീം 10 മത്സരം മാത്രം കളിച്ചാണു ബ്ലാസ്റ്റേഴ്സിനു തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്തുള്ളത്. പരുക്കേറ്റ വിക്ടർ റോഡ്രിഗസിനു പകരക്കാരനായി മുൻതാരം ബോർഹ ഫെർണാണ്ടസിനെ വായ്പക്കരാറിൽ വിളിച്ചാണു ഗോവ വരുന്നത്.

ഒഡീഷ എഫ്സി

ശേഷിക്കുന്ന മത്സരങ്ങൾ– 10

സൂപ്പർ കപ്പിന്റെ ഫൈനലിൽ വീണെങ്കിലും വർധിച്ച ആത്മവിശ്വാസത്തോടെയാണ് ഒഡീഷയുടെ വരവ്. സ്പാനിഷ് കോച്ച് സെർജിയോ ലൊബേറയുടെ വരവോടെ തലവര മാറിയ ഒഡീഷയുടെ കരുത്ത് ആക്രമണനിരയാണ്.

മുംബൈ സിറ്റി

ശേഷിക്കുന്ന മത്സരങ്ങൾ– 11

മുംബൈ സിറ്റി എന്ന പേരു കേട്ടാൽ എതിരാളികൾ ഭയപ്പെടുന്ന കാലം കഴിഞ്ഞു. പ്ലേമേക്കർ ഗ്രെഗ് സ്റ്റുവർട്ട് കൂടുമാറിയതോടെ ലീഗിലെ ഏതു ടീമിനും വീഴ്ത്താവുന്ന ‘സാധാരണ’ ടീം എന്ന നിലയിലായി മുംബൈ. ഇന്ത്യൻ യുവതാരങ്ങളേറെയുള്ള ടീമിൽ പുതിയ വിദേശ താരങ്ങളെ ഉപയോഗിച്ചു കോച്ച് പീറ്റർ ക്രാറ്റ്കി ഇനി എന്തു ചെയ്യുമെന്ന ആകാംക്ഷയിലാണ് ആരാധകർ.

ഈസ്റ്റ് ബംഗാൾ

ശേഷിക്കുന്ന മത്സരങ്ങൾ– 12

സൂപ്പർ കോച്ച് കാർലെസ് ക്വാദ്രത്തിനു കീഴിൽ സൂപ്പർ കപ്പ് ജേതാക്കളായ ഈസ്റ്റ് ബംഗാൾ സൂപ്പർ ലീഗിലും ആ മികവ് ആവർത്തിക്കാൻ ലക്ഷ്യമിട്ടാണ് വരുന്നത്. നിലവിൽ 11 പോയിന്റുമായി എട്ടാമതാണ് ക്ലബ്. 12 മത്സരം ബാക്കിയുള്ളതു ഫോം വീണ്ടെടുത്ത കൊൽക്കത്ത ടീമിന്റെ പ്ലേഓഫ് മാർച്ചിനു കരുത്തേകും.

ബ്ലാസ്റ്റേഴ്സിന് ‘ഇൻജറി ടൈം’

പരുക്കിന്റെ ശാപം വിടാതെ പിന്തുടരുന്നതിന്റെ ആശങ്കയിലാണു ബ്ലാസ്റ്റേഴ്സിന്റെ കളത്തിലിറക്കം. പ്ലേയിങ് ഇലവനിലെ ചില താരങ്ങൾ പൂർണ ശരീരക്ഷമത വീണ്ടെടുക്കേണ്ടത് വെല്ലുവിളിയാണെന്ന കോച്ച് ഇവാൻ വുക്കോമനോവിച്ചിന്റെ വാക്കുകൾ ആശങ്കയുടെ ആഴം വ്യക്തമാക്കുന്നു. അഡ്രിയൻ ലൂണയുടെ അഭാവത്തിലും ഐഎസ്എലിൽ തുടർവിജയം കണ്ടെത്തിയ ടീമിലെ നിർണായക സാന്നിധ്യമായ ഘാന താരം ക്വാമേ പെപ്രയും മടങ്ങിയതോടെ മുന്നേറ്റത്തിൽ പുതിയ പരീക്ഷണം നടത്തേണ്ട നിലയിലാണു ടീം. പ്രീ സീസണിൽ ടീമിനൊപ്പമുണ്ടായിരുന്ന നൈജീരിയൻ താരം ജസ്റ്റിൻ ഇമ്മാനുവലാകും ദിമിത്രി ഡയമന്റകോസിനു കൂട്ടായി മുന്നേറ്റത്തിലെത്തുക.  ലൂണയ്ക്കു പകരമെത്തിയ ലിത്വാനിയൻ വിങ്ങർ ഫെദോർ ചെർനിച്ചിലാകും ടീമിന്റെ പ്രതീക്ഷ. പരുക്ക് മാറിയെത്തുന്ന ജീക്സൺ സിങ്ങും വിബിൻ മോഹനനും ഉൾപ്പെടെയുള്ള യുവതാരങ്ങളുടെ പ്രകടനവും ടീം ഉറ്റുനോക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി 7.30ന് ഭുവനേശ്വറിൽ ഒഡീഷ എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം.

English Summary:

ISL to resume tonight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com