ഇടിമുഴക്കി ആർസനൽ, ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ രണ്ടാമത്
Mail This Article
ലണ്ടൻ ∙ ശീതകാല അവധിക്കു ശേഷം പുനരാരംഭിച്ച ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിന് ഇടിവെട്ട് തുടക്കം. ഇന്നലെ 5 കളികളിലായി പിറന്നത് 16 ഗോളുകൾ. നോട്ടിങ്ങാം ഫോറസ്റ്റിനെ 2–1നു തോൽപിച്ച് ആർസനൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനു ഭീഷണിയായി മാറിയതാണ് പ്രധാന വാർത്ത. 21 കളിയിൽ ലിവർപൂളിന് 48 പോയിന്റ്; രണ്ടാം സ്ഥാനത്തെത്തിയ ആർസനലിന് 22 കളിയിൽ 46.
ഗബ്രിയേൽ ജിസ്യൂസ് (65), ബുകായോ സാക്ക (72) എന്നിവരുടെ ഗോളുകളിലാണ് ആർസനലിന്റെ വിജയം. നൈജീരീയൻ താരം തായ്‌വോ അവോനിയി 89–ാം മിനിറ്റിൽ നോട്ടിങ്ങാമിന്റെ ഏക ഗോൾ മടക്കി. പ്രിമിയർ ലീഗിന്റെ ആദ്യപാദത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ആർസനൽ വീണ്ടും കിരീടപ്പോരാട്ടത്തിലേക്കു തിരികെ വന്ന മത്സരമായി ഇത്. ഇനിയുള്ള മത്സരങ്ങൾ ഇതോടെ ലിവർപൂളിനും നിർണായകമായി.
അതേസമയം, ആസ്റ്റൻ വില്ല സ്വന്തം ഗ്രൗണ്ടിൽ ന്യൂകാസിലിനോട് 3–1 തോൽവി വഴങ്ങിയതു വൻ തിരിച്ചടിയായി. 22 കളിയിൽ 43 പോയിന്റുമായി നാലാം സ്ഥാനത്താണ് വില്ല.
ലൂട്ടൺ 4–0ന് ബ്രൈട്ടനെ തോൽപിച്ചതോടെ ടീം തരംതാഴ്ത്തൽ മേഖലയിൽനിന്നു താൽക്കാലികമായി രക്ഷപ്പെട്ടു. കളി തുടങ്ങി 18–ാം സെക്കൻഡിൽ ലൂട്ടൺ താരം എലിജാ അഡബായോ ആദ്യ ഗോൾ നേടി. ക്രിസ്റ്റൽ പാലസിനോടു 3–2നു തോറ്റ മത്സരത്തിൽ, ഷെഫീൽഡ് യുണൈറ്റഡിന്റെ ബെൻ ബ്രെറട്ടൻ ഡയസ് 21–ാം സെക്കൻഡിലും ഗോൾ നേടിയിരുന്നു.