അഡ്രിയൻ ലൂണയും ക്വാമെ പെപ്രയുമില്ല; ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇനി എന്തു ചെയ്യും?
Mail This Article
കൊച്ചി∙ അഡ്രിയൻ ലൂണയെ ചുറ്റിത്തിരിയുന്നൊരു ഗെയിം ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ‘പ്ലാൻ എ’. എന്നാൽ ലൂണയ്ക്കു പരിക്കേറ്റതോടെ കളിയൊരുക്കാനൊരു പ്ലേമേക്കറിനു പിന്നാലെ പോകാതെ അടിമുടി അറ്റാക്കിങ് എന്നതായി ടീമിന്റെ തന്ത്രം. ഗ്രീക്ക് ഫോർവേഡ് ദിമിത്രിയോസ് ഡയമന്റകോസിനൊത്ത പങ്കാളിയായി ഘാന താരം ക്വാമേ പെപ്ര ഉയർന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ പരീക്ഷണം ഹിറ്റും ആയി. പെപ്രയുടെ പരുക്കിലൂടെ ആ ‘പ്ലാൻ ബി’യും പൊളിഞ്ഞതോടെ പുതിയ വഴികൾ തേടേണ്ട നിലയിലാണു കോച്ച് ഇവാൻ വുക്കോമനോവിച്ചും സംഘവും. ഐഎസ്എലിൽ ഒഡീഷയ്ക്കെതിരായ മത്സരത്തോടെ മഞ്ഞപ്പട നാളെ വീണ്ടും കളത്തിലെത്തുമ്പോൾ എന്താകും ഇവാന്റെ കരുതിവച്ചിട്ടുള്ള ‘പ്ലാൻ സി’?
പകരം വന്നവരുടെ ഊഴം
ലൂണയുടെ പകരക്കാരനായെത്തിയ ലിത്വാനിയൻ താരം ഫെദോർ ചെർനിച്ചിനെയും ഗോകുലം കേരളയിൽ നിന്നു തിരിച്ചുവിളിച്ച നൈജീരിയൻ താരം ജസ്റ്റിൻ ഇമ്മാനുവലിനെയും കേന്ദ്രീകരിച്ചാണു ബ്ലാസ്റ്റേഴ്സിനു പുതുതന്ത്രങ്ങളുടെ വഴി തുറക്കേണ്ടത്. മധ്യത്തിലും പാർശ്വത്തിലും മുന്നേറ്റത്തിലും കളിച്ചിട്ടുള്ള ലൂണയ്ക്കു ചേർന്ന പകരക്കാരനാണു ചെർനിച്ച്.
ലൂണയെപ്പോലെ പല റോളുകൾ ഏറ്റെടുക്കുന്നയാൾ. ഇരുവിങ്ങുകളും കൈകാര്യം ചെയ്യും. സെന്റർ ഫോർവേഡാകും. പിന്നോട്ടിറങ്ങാനും തയാർ. പെപ്രയെപ്പോലെ ആഫ്രിക്കൻ കരുത്തുള്ള ഫോർവേഡാണു ഇമ്മാനുവൽ. യുവതാരം. മത്സരപരിചയത്തിൽ അത്ര കരുത്തില്ല. പക്ഷേ, ഫിസിക്കൽ ഗെയിം കൊണ്ട് എതിരാളികളുടെ മടയിൽ ഇടിച്ചുകയറാൻ മിടുക്കുണ്ട്.
1. ഗോൾ തേടാൻ ചെർനിച്ച്
സീസണിൽ കളിച്ച 9 മത്സരങ്ങളിൽ നാലിലും ലൂണ ഫോർവേഡിന്റെ റോളിലാണു കളത്തിലെത്തിയത്. 3 ഗോളും ഒരു അസിസ്റ്റും സംഭാവന ചെയ്ത ലൂണയുടെ ആ റോളിലേക്ക് യുവേഫ നേഷൻസ് ലീഗിലടക്കം സെന്റർ ഫോർവേഡായി കളിച്ചിട്ടുള്ള ചെർനിച്ചിനെ ഇവാൻ പരിഗണിച്ചേക്കും. ഇരുകാലുകളും ‘സ്ട്രോങ് ഫൂട്ട്’ ആയ ചെർനിച്ചിന്റെ ഡ്രിബ്ളിങ് പാടവവും കുറിയ പാസുകൾ തൊടുക്കാനുള്ള മികവും ഉയരത്തിന്റെ ആനുകൂല്യവും ഫൈനൽ തേഡിൽ മുതൽക്കൂട്ടാകുമെന്നതും ടീം മാനേജ്മെന്റ് കണക്കിലെടുത്തേക്കാം.
2. കളി മെനയാൻ ചെർനിച്ച്
ലൂണയുടെ അഭാവത്തിൽ ഇവാൻ മധ്യനിര ഏൽപ്പിച്ചത് ഇന്ത്യൻ താരങ്ങളിലാണ്.യുവതാരങ്ങളുടെ ഹൈപ്രസിങ് ഗെയിമിൽ ഫൈനൽ തേഡിലേക്കു നിരന്തരം പന്തെത്തിയതോടെയാണു ദിമിത്രി–പെപ്ര സഖ്യം ഗോളിലേക്ക് അനായാസം വഴിവെട്ടിയത്. പക്ഷേ, ഐഎസ്എൽ ജീവൻമരണപ്പോരാട്ടങ്ങളിലേക്കു കടക്കുമ്പോൾ മധ്യത്തിലൊരു പടനായകൻ വേണമെന്നാണു കോച്ച് കണക്കുകൂട്ടുന്നതെങ്കിൽ ചെർനിച്ചിന്റെ റോൾ കളി മെനയാനാകും. വിങ്ങുകളിലും അറ്റാക്കിങ് മിഡ്ഫീൽഡിലും ദൗത്യമേറ്റെടുത്തിട്ടുള്ള ലിത്വാനിയൻ നായകന്റെ പരിചയസമ്പത്തിൽ പ്രതീക്ഷയർപ്പിച്ചാകും വുക്കോമനോവിച്ചിന്റെ ആ നീക്കം.
3. ഗ്രീക്കോ ആഫ്രിക്കൻ കരുത്ത്
ആക്രമണത്തിൽ ഡയമന്റകോസിനു കൂട്ടായെത്തിയ പെപ്രയുടെ സാന്നിധ്യം ഗോൾ കൊണ്ട് അളക്കാനാകുന്നതല്ല. എതിരാളികളെ കൂസാത്ത ഫിസിക്കൽ ഗെയിമുമായി ബോക്സിൽ പെപ്ര സൃഷ്ടിച്ച സമ്മർദമാണു ബ്ലാസ്റ്റേഴ്സിനു കാര്യങ്ങൾ എളുപ്പമാക്കിയത്. പെപ്രയുടെ വഴി പിന്തുടരാൻ കരുത്തുള്ള ഫോർവേഡാണ് ഇമ്മാനുവൽ. ഇമ്മാനുവലിലൂടെ ഇവാൻ അത് ആവർത്തിക്കാനുള്ള സാധ്യതയും സജീവം. പ്രീസീസണിൽ ടീമുമായി ഒത്തിണങ്ങിയതും നൈജീരിയൻ താരത്തിന് അനുകൂലഘടകമാണ്.