ഒന്നിനെതിരെ രണ്ടടിച്ച് ഒഡീഷ; ബ്ലാസ്റ്റേഴ്സിന് സീസണിലെ നാലാം തോൽവി
Mail This Article
ഫിജി താരം റോയ് കൃഷ്ണയുടെ തലയിൽ നിന്നു പിറന്ന ഇരട്ട ഗോളിൽ ഒഡീഷ എഫ്സി കലിംഗ കോട്ടയിലെ വാലിബൻമാരായി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് കേരള ബ്ലാസ്റ്റേഴ്സിനെ തറപറ്റിച്ച ഒഡീഷ (1–2) ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് പട്ടികയിൽ (27) രണ്ടാം സ്ഥാനത്തേക്കു കയറി. ബ്ലാസ്റ്റേഴ്സ് ഒരു പടി താഴോട്ടിറങ്ങി മൂന്നാമതായി (26). ഒന്നാം സ്ഥാനത്തുള്ള ഗോവയ്ക്കും 27 പോയിന്റാണെങ്കിലും അവർക്ക് കൂടുതൽ മത്സരങ്ങൾ ബാക്കിയുണ്ട്. ഗ്രീക്ക് താരം ദിമിത്രി ഡയമന്റക്കോസിലൂടെ (11–ാം മിനിറ്റ്) ബ്ലാസ്റ്റേഴ്സാണ് ആദ്യ വെടിപൊട്ടിച്ചത്. നാലു മിനിറ്റിനുള്ളിൽ രണ്ടുവട്ടം (53,57 മിനിറ്റുകളിൽ) നിറയൊഴിച്ച റോയ് കൃഷ്ണ ആതിഥേയർക്ക് വിജയ വിരുന്നൊരുക്കി. 12ന് പഞ്ചാബിനെതിരെ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. 5ന് ഹൈദരാബാദിനെതിരെ അവരുടെ തട്ടകത്തിലാണ് ഒഡീഷയുടെ കളി.
ബ്ലാസ്റ്റേഴ്സ് കൊടിയേറ്റം
കളിയിൽ ഗോളിന്റെ കൊടിയേറ്റിയത് ബ്ലാസ്റ്റേഴ്സാണ്. ഒഡീഷ നിലയുറപ്പിക്കുന്നതിനു മുൻപുള്ള ആ ഗോളിനു നന്ദി പറയേണ്ടത് നിഹാൽ സുധീഷിന്റെ അതിവേഗത്തിനും. വലതു വിങ്ങിൽ നിഹാലിന്റെ കാലിൽ പന്തു ലഭിക്കുമ്പോൾ അതിൽ ഗോളിന്റെ സൂചനയില്ലായിരുന്നു. തടയാനെത്തിയ പ്യൂട്ടിയയെ ഒറ്റ കുതിപ്പിൽ മറികടന്ന് നിഹാലിന്റെ കാലിൽ നിന്നു പാഞ്ഞത് ചെത്തിമിനുക്കിയ ഒരു ക്രോസ്. ഒഡീഷ പ്രതിരോധത്തെ മറികടന്നെത്തിയ ഡയമന്റകോസ് കാലൊന്നു നീട്ടി അതിനെ ഗോളിലേക്ക് തിരിച്ചു വിട്ടു. ഗ്രീക്ക് താരത്തിന് ടൂർണമെന്റിലെ എട്ടാം ഗോൾ. സ്കോർ 1–0. ഗാലറിയിൽ മഞ്ഞപ്പടയുടെ ബാനർ തൂക്കിയ ഭാഗത്തു ആരവം മുഴങ്ങി.
ഒഡീഷ ഉത്സവം
സൂചി കുത്താൻ ഇടം നൽകിയാൽ അതുവഴി പന്തു കടത്താൻ ശേഷിയുള്ള താരമാണ് ഒഡീഷയുടെ റോയ് കൃഷ്ണ. ഒന്നാം പകുതിയിൽ പലവട്ടം ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൽ പഴുതൊന്നും കണ്ടെത്താനായില്ല. 53–ാം മിനിറ്റിൽ പക്ഷേ കൃഷ്ണ വഴി തുറന്നു. മൗറീഷ്യോ നടത്തിയ മുന്നേറ്റം ബ്ലാസ്റ്റേഴ്സ് പ്രതിരോധം തടഞ്ഞത് കോർണർ വഴങ്ങിയാണ്. കിക്കെടുത്തത് ജാഹു. പെനൽറ്റി ബോക്സിലേക്ക് താഴ്ന്നിറങ്ങിയ പന്തിലേക്ക് റോയ് കൃഷ്ണയുടെ തലയെത്തി (1–1).
നാലു മിനിറ്റിനകം രണ്ടാം ഭാഗമെന്ന് പറയാവുന്ന വിജയ ഗോളെത്തി. ഇത്തവണ വലതു വിങ്ങിൽ നിന്ന് പ്രതിരോധ താരം റനവാഡെയുടെ കിടിലൻ ക്രോസ്. വീണ്ടും റോയ് കൃഷ്ണയുടെ തല. ബ്ലാസ്റ്റേഴ്സിന്റെ സമനില തെറ്റി (2–1).
ഫിജി താരത്തിന് ടൂർണമെന്റിലെ 9–ാം ഗോൾ. ഫെയദോർ ചെർനിച്ചും ജസ്റ്റിൻ ഇമ്മാനുവലും സൗരവ് മണ്ഡലും ഇഷാൻ പണ്ഡിതയുമെല്ലാം പകരക്കാരായെത്തിയെങ്കിലും ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഗോൾ വഴി തുറന്നില്ല.
പരുക്കിന് മരുന്ന് യുവ രക്തം
പ്രധാന താരങ്ങളുടെ പരുക്കേൽപിച്ച ക്ഷീണം യുവത്വത്തിന്റെ ചോരത്തിളപ്പിലൂടെ മറികടക്കാനായിരുന്നു ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കൊമനോവിച്ചിന്റെ ശ്രമം. ആദ്യ ഇലവനിലെ 4 പേർ ബ്ലാസ്റ്റേഴ്സ് അക്കാദമിയിൽ നിന്ന് ‘സ്ഥാനക്കയറ്റം’ ലഭിച്ച് സീനിയർ ടീമിലെത്തിയവർ. ഗോൾ വലയിൽ സച്ചിൻ സുരേഷ്. മധ്യനിരയിൽ ഇരട്ട സഹോദരന്മാരായ അയ്മനും അസ്ഹറും. മുന്നേറ്റത്തിൽ ഈ സീസണിലെ ആദ്യ ഐഎസ്‌എൽ മത്സരം കളിക്കുന്ന കൊച്ചിക്കാരൻ നിഹാൽ സുധീഷ്.