ADVERTISEMENT

റിയാദ് ∙ അവസാന മിനിറ്റുകളിൽ മൈതാനത്തിറങ്ങിയ മെസ്സിയല്ല, ആദ്യാവസാനം ഗാലറിയിലിരുന്ന ക്രിസ്റ്റ്യാനോയാണ് ചിരിച്ചത്! പ്രീ സീസൺ സൗഹൃദ മത്സരത്തിനെത്തിയ ലയണൽ മെസ്സിയുടെ ഇന്റർ മയാമി ക്ലബ്ബിനെ സൗദി അറേബ്യൻ പ്രൊ ലീഗ് ക്ലബ് അൽ നസ്ർ 6–0നു തോൽപിച്ചു. മത്സരത്തിന്റെ അവസാന നിമിഷം സബ്സ്റ്റിറ്റ്യൂട്ടായാണ് മെസ്സി ഇറങ്ങിയത്. പരുക്കു മൂലം വിട്ടുനിന്ന അൽ നസ്ർ താരം ക്രിസ്റ്റ്യാനോ മത്സരം കാണാൻ ഗാലറിയിലുണ്ടായിരുന്നു. ബ്രസീലിയൻ താരം ആൻഡേഴ്സൻ ടാലിസ്ക അൽ നസ്റിനായി ഹാട്രിക് നേടി. ഒട്ടാവിയോ, അയ്മെറിക് ലപോർട്ട്, മുഹമ്മദ് മാരൻ എന്നിവരാണ് സൗദി ക്ലബ്ബിന്റെ മറ്റു സ്കോറർമാർ. 

റിയാദിലെ കിങ്ഡം അരീനയി‍ൽ സൂപ്പർ സ്റ്റാർ പോരാട്ടം കാണാൻ കാത്തിരുന്ന ആരാധകരെ നിരാശരാക്കിയായിരുന്നു മത്സരത്തിനു തുടക്കം. ക്രിസ്റ്റ്യാനോ അൽ നസ്റിനായി ഇറങ്ങില്ല എന്നുറപ്പായിരുന്നെങ്കിലും, മെസ്സിയെ മയാമി കോച്ച് ജെറാർദ് മാർട്ടിനോ റിസർവ് ബെഞ്ചിലിരുത്തിയത് അപ്രതീക്ഷിതമായി. അൽ നസ്ർ 6–0നു മുന്നിലെത്തിയ ശേഷം 83–ാം മിനിറ്റിൽ മാത്രമാണ് മെസ്സി ഇറങ്ങിയത്. ലൂയി സ്വാരസ്, സെർജിയോ ബുസ്കെറ്റ്സ്, ജോർഡി ആൽബ തുടങ്ങിയവർ മയാമിയുടെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നെങ്കിലും അൽ നസ്റിന്റെ ആക്രമണങ്ങൾക്കു മുന്നിൽ ഒന്നും ചെയ്യാനായില്ല. 

ആദ്യ 12 മിനിറ്റിൽ തന്നെ അൽ നസ്ർ 3–0നു മുന്നിലെത്തിയതോടെ മത്സരത്തിന്റെ ഫലം കുറിക്കപ്പെട്ടു. കഴിഞ്ഞ ദിവസം അൽ ഹിലാൽ ക്ലബ്ബിനോട് മയാമി 4–3നു പരാജയപ്പെട്ടിരുന്നു. അടുത്ത മത്സരങ്ങൾക്കായി മയാമി ഇന്നലെ ഹോങ്കോങ്ങിലെത്തി. നാളെ ഹോങ്കോങ് ഇലവനെതിരെയും ബുധനാഴ്ച ജപ്പാൻ ക്ലബ് വിസൽ കോബെയ്ക്കെതിരെയുമാണ് മത്സരം.

English Summary:

Cristiano's Al Nasr defeated Messi's Miami

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com