ഐഎസ്എലിലെ സ്പാനിഷ് ടച്ച് !; ഒഡീഷ എഫ്സി കോച്ച് സെർജിയോ ലൊബേറ മനോരമയോട് സംസാരിക്കുന്നു

Mail This Article
ഭുവനേശ്വർ ∙ ഐഎസ്എൽ ചരിത്രത്തിലെ സൂപ്പർതാരം ആര് എന്ന ചോദ്യത്തിന് പല ഉത്തരങ്ങളുണ്ടാകും. എന്നാൽ താര പരിശീലകനെ അന്വേഷിക്കുമ്പോൾ ആദ്യം മുന്നിലേക്കെത്തുന്നത് സെർജിയോ ലൊബേറയെന്ന പേരാകും. ഗോവ എഫ്സിക്കൊപ്പം വിന്നേഴ്സ് ഷീൽഡും സൂപ്പർ കപ്പും നേടിയ ലൊബേറ, മുംബൈയ്ക്ക് വിന്നേഴ്സ് ഷീൽഡും ഐഎസ്എൽ കിരീടവും സമ്മാനിച്ചിട്ടുണ്ട്. ബാർസിലോന യൂത്ത് ടീമിന്റെ മുൻ കോച്ചായ സ്പെയിൻകാരൻ തന്ത്രമൊരുക്കുന്ന ഒഡീഷ എഫ്സി നിലവിൽ ഐഎസ്എൽ പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. സൂപ്പർ കപ്പ് രണ്ടാം സ്ഥാനക്കാരെന്ന നിലയിൽ എഎഫ്സി കപ്പ് നോക്കൗട്ട് ഘട്ടത്തിലേക്കും യോഗ്യത നേടി. ലൊബേറ മനോരമയോട് സംസാരിക്കുന്നു.
ബ്ലാസ്റ്റേഴ്സിനെതിരെ ഒന്നാം പകുതിയിൽ കണ്ട ഒഡീഷ ടീമിനെയല്ല രണ്ടാം പകുതിയിൽ കണ്ടത്. ഇടവേളയിൽ താങ്കൾ എന്താണ് ടീമംഗങ്ങളോട് പറഞ്ഞത്?
കലിംഗ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ കപ്പ് ഫൈനലിൽ ഈസ്റ്റ് ബംഗാളിനെതിരെ ഞങ്ങൾ തോറ്റത് കഴിഞ്ഞയാഴ്ചയാണ്. അതിന്റെ നിരാശ ആദ്യ പകുതിയിൽ ടീമിനുണ്ടായിരുന്നു. പതിവില്ലാതെ ഞങ്ങളുടെ പല താരങ്ങളും പിഴവുകൾ വരുത്തി. കഴിഞ്ഞത് മറക്കാനും ആത്മവിശ്വാസത്തോടെ കളിക്കാനുമാണ് ഇടവേളയിൽ ഞാൻ പറഞ്ഞത്. രണ്ടാം പകുതിയിൽ ടീം അത് നടപ്പാക്കി.
ബ്ലാസ്റ്റേഴ്സ് ടീമിനെ എങ്ങനെ വിലയിരുത്തുന്നു?
ടൂർണമെന്റിൽ ഏറ്റവും കടുപ്പമേറിയ ടീമുകളിലൊന്നാണ് ബ്ലാസ്റ്റേഴ്സ്. ഇടവേളയ്ക്കു പിരിഞ്ഞപ്പോൾ പോയിന്റ് പട്ടികയിൽ അവരായിരുന്നല്ലോ ഒന്നാമത്. അത് അവർ തീർത്തും അർഹിച്ചതാണ്. പരുക്കും വിലക്കുമെല്ലാം വെല്ലുവിളിയായിട്ടും വിജയം തുടരാനാകുകയെന്നത് മികച്ച ടീമിന് മാത്രം കഴിയുന്ന കാര്യമാണ്.
ഐഎസ്എല്ലിലെ റഫറീയിങ്ങിനെക്കുറിച്ച് വ്യാപക പരാതിയുണ്ടല്ലോ. എന്താണ് പറയാനുള്ളത്?
ഞാൻ പരാതി പറയുകയല്ല. സൂപ്പർ കപ്പ് ഫൈനലിൽ റഫറീയിങ്ങിലെ ചില തീരുമാനങ്ങളും ഞങ്ങളുടെ തോൽവിക്ക് കാരണമായി. പിഴവുകൾ മനുഷ്യ സഹജമാണ്. പിഴവ് പറ്റിയിട്ടുണ്ടെങ്കിൽ താഴ്മയോടെ അത് അംഗീകരിക്കണം.ഇവിടെ പല റഫറിമാരിലും അതു കാണുന്നില്ല. ചിലരെങ്കിലും ഈ ലവലിലെ മത്സരങ്ങൾ നിയന്ത്രിക്കാൻ അർഹരല്ലെന്ന് പറയേണ്ടിവരും.