കിരീടപ്പോരാട്ടം മുറുകുന്നു; ലിവർപൂളിനെ വീഴ്ത്തി ആർസനലിന്റെ കുതിപ്പ്
Mail This Article
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ കിരീടക്കുതിപ്പിന് ആവേശകരമായ ഇന്ധനം പകർന്ന് ആർസനൽ. ലീഗിലെ മുമ്പൻമാരായ ലിവർപൂളിനെ ആർസനൽ 3–1നു തോൽപിച്ചു. ഇതോടെ, പോയിന്റ് പട്ടികയിൽ ഇരുടീമിനും ഇടയിലെ അകലം 2 പോയിന്റായി കുറഞ്ഞു. ബുകായോ സാക്ക, ഗബ്രിയേൽ മാർട്ടിനെല്ലി, പകരക്കാരൻ ലിയാൻഡ്രോ ട്രോസാർദ് എന്നിവരാണ് ആർസനലിന്റെ ഗോളുകൾ നേടിയത്. ഗബ്രിയേലിന്റെ സെൽഫ് ഗോളാണ് ലിവർപൂളിന്റെ അക്കൗണ്ട് കാലിയാകാതെ കാത്തത്. ലിവർപൂൾ ഗോൾകീപ്പർ അലിസന്റെ പിഴവുകളാണ് ആർസനലിനു മികച്ച വിജയം നേടിക്കൊടുത്തത്. കളി തീരാനൊരുങ്ങവേ, കായ് ഹാവേർട്സിനെ ഫൗൾ ചെയ്തതിനു രണ്ടാം മഞ്ഞക്കാർഡ് കിട്ടി ലിവർപൂൾ താരം ഇബ്രാഹിം കാനോട്ട് പുറത്താവുകയും ചെയ്തു. 23 കളിയിൽ ലിവർപൂളിന് 51 പോയിന്റ്; ആർസനലിന് 49.
ഞായറാഴ്ച രാത്രി നടന്ന മറ്റൊരു മത്സരത്തിൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് 3–0ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ തോൽപിച്ചു. യുവതാരങ്ങളായ റാസ്മസ് ഹൊയ്‌ലൻ, അലയാന്ദ്രോ ഗർനാച്ചോ, കോബി മെയ്നൂ എന്നിവരാണു യുണൈറ്റഡിനായി ഗോളുകൾ നേടിയത്.