ഫുട്ബോൾ മത്സരത്തിനിടെ 10 മിനിറ്റ് താരത്തെ പുറത്താക്കാം; നീല കാർഡുകൾ അവതരിപ്പിക്കാൻ നീക്കം
Mail This Article
സൂറിച്ച്∙ ഫുട്ബോളിൽ മഞ്ഞ, ചുവപ്പു കാർഡുകൾക്കു പുറമേ നീല കാർഡുകളും അവതരിപ്പിക്കാൻ നീക്കം. രാജ്യാന്തര ഫുട്ബോൾ അസോസിയേഷൻ ബോർഡ് പരീക്ഷണാടിസ്ഥാനത്തിലാണ് നീല കാർഡുകളുമായെത്തുന്നത്. ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉടനുണ്ടായേക്കും. 1970 ലോകകപ്പിലാണ് മഞ്ഞ, ചുവപ്പു കാർഡുകൾ ഫുട്ബോളിൽ കൊണ്ടുവന്നത്.
ഫൗളിന്റെ പേരിൽ ഒരു താരം നീല കാർഡ് കണ്ടാൽ 10 മിനിറ്റ് നേരത്തേക്ക് ഗ്രൗണ്ടിനു പുറത്താക്കാനാണു തീരുമാനം. എന്നാൽ പ്രധാനപ്പെട്ട മത്സരങ്ങളിലൊന്നും ഇത് ഉടൻ നടപ്പാകില്ല. ഒരു കളിയിൽ തന്നെ രണ്ട് നീല കാർഡുകൾ ലഭിച്ചാൽ ചുവപ്പു കാർഡായി കണക്കാക്കി താരത്തെ കളിയിൽനിന്ന് പുറത്താക്കാം. ഒരു നീല കാർഡും ഒരു മഞ്ഞ കാർഡും കിട്ടിയാലും ചുവപ്പു കാർഡ് ആകും.
എഫ് എ കപ്പ് ഫുട്ബോളിൽ നീല കാർഡ് ഉപയോഗിച്ചേക്കുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിലെ സീസണിൽ ഒരു മാറ്റവും വരുത്തില്ല. അടുത്ത സീസൺ മുതല്‍ നീല കാർഡുകൾ കൊണ്ടുവരാനാണു നീക്കം. ചുവപ്പു കാർഡ് കാണിക്കാൻ സാധിക്കാത്ത, എന്നാൽ മഞ്ഞ കാർഡിനും മുകളിൽ നിൽക്കുന്ന കുറ്റകൃത്യങ്ങൾക്കാണു റഫറിമാർ നീല കാർഡ് പ്രയോഗിക്കുക. റഫറിമാരോടു മോശമായി പെരുമാറുന്ന താരങ്ങൾക്കും നീല കാർഡ് കിട്ടും.