ADVERTISEMENT

ലുസെയ്ൽ (ഖത്തർ) ∙ അക്രം അഫീഫിന്റെ ഹാട്രിക് ഗോൾ നേട്ടത്തിന്റെ കരുത്തിൽ എഎഫ്സി ഏഷ്യൻ കപ്പ് ഫൈനലിൽ ഖത്തറിന് തകർപ്പൻ ജയം. ലഭിച്ച മൂന്ന് പെനാൽറ്റികളും ലക്ഷ്യത്തിലെത്തിച്ചാണ് അഫീഫ് ഹാട്രിക് സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾ നേടിയാണ് ഖത്തർ തുടർ‌ച്ചയായ രണ്ടാം കപ്പുയർത്തിയത്. അട്ടിമറി പ്രകടനങ്ങളിലൂടെ ഫൈനലിൽ എത്തിയ ജോർദാൻ, ഇടയ്ക്ക് മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഖത്തറിനോട് പൊരുതി ജയിക്കാനായില്ല.

22, 73 മിനിറ്റുകളിലും ഇഞ്ചറി ടൈമിലും (90+5) ലഭിച്ച പെനാൽറ്റികളാണ് അഫീഫ് ഗോളാക്കി മാറ്റിയത്. 67–ാം മിനിറ്റിൽ യാസൻ അൽനയിമത്ത് ആണ് ജോർദാനായി ആശ്വാസ ഗോൾ കണ്ടെത്തിയത്. ആദ്യ പകുതിയിൽ 1–0ന് മുന്നിൽ നിന്ന ഖത്തറിനെതിരെ 67–ാം മിനിറ്റിൽ ഗോള്‍ നേടിയതോടെ ജോർദാന്‍ ഒപ്പമെത്തി. എന്നാൽ പിന്നീട് രണ്ടു തവണ കൂടി അഫീഫ് ഗോൾ വല കുലുക്കിയതോടെ ഖത്തർ കിരീട നേട്ടത്തിലെത്തുകയായിരുന്നു.

തുടക്കം മുതല്‍തന്നെ ആവേശം നിറഞ്ഞ മത്സരത്തിനാണ് ലുസൈല്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. 21-ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍വെച്ച് ജോര്‍ദാന്‍ താരം നസീബ്, അക്രം അഫീഫിനെ പിന്നില്‍നിന്ന് ഫൗള്‍ ചെയ്തു. ഇത് വാര്‍ പരിശോധനയ്ക്ക് വിധേയമാക്കിയതോടെ പെനാല്‍റ്റി വിധിച്ചു. ബോക്‌സിന്റെ ഇടതുമൂലയിലേക്ക് അക്രം അഫീഫ് ഉതിര്‍ത്ത ഷോട്ട് ജോര്‍ദാന്‍ ഗോളിക്ക് ഭേദിക്കാനായില്ല. 

രണ്ടാംപകുതിയില്‍ 67-ാം മിനിറ്റില്‍ യാസൻ അൽനയിമത്തിലൂടെ ജോര്‍ദാന്‍ തിരിച്ചടിച്ചു. വലതു വിങ്ങില്‍നിന്നെത്തിയ ക്രോസ് നയിമത്ത് അതിവേഗത്തോടെ പോസ്റ്റിലേക്ക് വഴിതിരിച്ചു. പക്ഷേ, ജോർദാന്റെ സന്തോഷം ഏറെനീണ്ടില്ല. അഞ്ചു മിനിറ്റു പിന്നിട്ടപ്പോൾ ജോര്‍ദാന്‍ വീണ്ടും പെനാല്‍റ്റി വഴങ്ങി. ഇത്തവണയും ഗോൾവല കുലുക്കിയത് അഫീഫ് തന്നെയായിരുന്നു. രണ്ടാം പകുതിയുടെ അധികസമയത്ത് ലഭിച്ച മൂന്നാം പെനാൽറ്റിയും അഫീഫ് ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ മൂന്ന് പെനാല്‍റ്റികളിലൂടെ അഫീഫ് ഹാട്രിക് നേടി, ഖത്തർ വീണ്ടും ഭൂഖണ്ഡത്തിലെ ചാംപ്യന്മാരായി.

English Summary:

Jordan vs Qatar in Asian Cup football final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com