ചൈനയിൽ ‘മെസ്സി വിരോധം’ ശക്തം; അർജന്റീന – നൈജീരിയ സൗഹൃദ മത്സരം റദ്ദാക്കി
Mail This Article
ഹോങ്കോങ് ∙ ഇന്റർ മയാമിയുടെ ഹോങ്കോങ്ങിലെ പ്രദർശന മത്സരത്തിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി കളിക്കാതിരുന്നതിലുള്ള വിവാദം തീരുന്നില്ല. മാർച്ച് 18നും 26നും ഇടയിൽ ചൈനയിൽ നടക്കേണ്ടിയിരുന്ന അർജന്റീനയുടെ ഒരു രാജ്യാന്തര സൗഹൃദ മത്സരം ഇക്കാരണത്താൽ റദ്ദാക്കി.
ഹോങ്കോങ്ങിൽ കഴിഞ്ഞയാഴ്ച നടന്ന മത്സരത്തിൽ പരുക്കുമൂലം മെസ്സിക്കു കളിക്കാനായില്ലെന്നാണ് വിശദീകരണം. എന്നാൽ, തൊട്ടടുത്ത ദിവസം ജപ്പാനിൽ നടന്ന സൗഹൃദമത്സരത്തിൽ 30 മിനിറ്റ് മെസ്സി കളിക്കുക കൂടി ചെയ്തതോടെയാണ് വിവാദം ഹോങ്കോങ് കടന്നു ചൈനയിലേക്കെത്തിയത്.
ഹാങ്ചോയിൽ നൈജീരിയയ്ക്കെതിരെയും ബെയ്ജിങ്ങിൽ ഐവറി കോസ്റ്റിനെതിരെയുമായിരുന്നു മെസ്സി ക്യാപ്റ്റനായ അർജന്റീന ടീമിന്റെ സൗഹൃദ മത്സരങ്ങൾ തീരുമാനിച്ചിരുന്നത്. ഇതിൽ നൈജീരിയയ്ക്കെതിരായ മത്സരം റദ്ദാക്കുന്നതായി ഹാങ്ചോ പ്രാദേശിക ഭരണകൂടം അറിയിച്ചു. അർജന്റീന ഫുട്ബോൾ ഫെഡറേഷനും ഇതു ശരിവച്ചു. ഐവറി കോസ്റ്റിനെതിരായ മത്സരത്തിനു മാറ്റമൊന്നുമില്ലെന്നാണു സൂചന.