ADVERTISEMENT

ഒരു വലിയ ഇടവേളയ്ക്ക് ശേഷം സ്വന്തം തട്ടകത്തിൽ വിജയക്കുതിപ്പ് തുടരാനിറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. പോയിന്റ് പട്ടികയിൽ ഏറെ പിന്നിലുള്ള പഞ്ചാബ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. വിജയത്തിൽ കുറഞ്ഞതൊന്നും പഞ്ചാബിനെതിരെ ബ്ലാസ്റ്റേഴ്സും മഞ്ഞപ്പടയും പ്രതീക്ഷിക്കുന്നില്ല. സൂപ്പർ കപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ഒഡിഷയ്ക്കെതിരെയും പരാജയം ഏറ്റുവാങ്ങിയത് ടീമിന് തിരിച്ചടിയായിരുന്നു. 

എന്നാൽ കിരീടം തന്നെയാണു ലക്ഷ്യമെന്നും വിജയങ്ങൾ ആവർത്തിക്കുമെന്നും പറയുകയാണ് ബ്ലാസ്റ്റേഴ്സിന്റെ അക്രമണങ്ങൾക്കു ചുക്കാൻ പിടിക്കുന്ന മുന്നേറ്റനിര താരം ദിമിത്രിയോസ് ഡയമെന്റക്കോസ്. അതേസമയം, ലൂണയുടെയും പെപ്രയുടെയും അഭാവം ടീമിന് വെല്ലുവിളിയാണെന്നും ദിമിത്രിയോസ് പറയുന്നു. പഞ്ചാബിനെതിരായ മത്സരത്തിന് മുൻപ് ബ്ലാസ്റ്റേഴ്സിനെക്കുറിച്ചും വിജയപ്രതീക്ഷകളെക്കുറിച്ചും മനസ് തുറക്കുന്നു.

∙ രാജ്യാന്തര ഇടവേളയ്ക്കു ശേഷം ലീഗ് ആരംഭിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവിയെ എങ്ങനെയാണു നോക്കികാണുന്നത്? പ്രത്യേകിച്ച് ലൂണയും പെപ്രയും ഇല്ലാത്ത സാഹചര്യത്തിൽ?

സീസണിന്റെ ആദ്യഭാഗം പൂർത്തിയാക്കിയ അതേ രീതിയിൽ തന്നെ ഇടവേളയ്ക്കു ശേഷവും തുടരേണ്ടതുണ്ട്. അതേ മികവ് തുടരണം, വിജയങ്ങൾ ആവർത്തിക്കണം, അങ്ങനെ നല്ല മത്സര ഫലങ്ങളുമുണ്ടാക്കണം. അഡ്രിയൻ ലൂണയും ക്വാമെ പെപ്രയും ഇല്ലാതെ കളിക്കുന്നത് ഒട്ടും എളുപ്പമായിരിക്കില്ല. പക്ഷെ എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കും, എനിക്കുവേണ്ടിയും അവർക്കുവേണ്ടിയും ടീമിനുവേണ്ടിയും.

luna-148
അഡ്രിയൻ ലൂണ

∙ കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്പോൾ ഐഎസ്എല്ലിൽ ഇത്തവണ കാണുന്ന പ്രധാന മാറ്റമെന്താണ്?

എല്ലാ ടീമുകളും കൂടുതൽ മത്സരബുദ്ധിയോടെയാണു കളിക്കുന്നത് എന്നതാണ് എനിക്കു കാണാൻ കഴിയുന്ന ഏറ്റവും ശ്രദ്ധേയമായ വ്യത്യാസം. ഒന്നാം സ്ഥാനത്തെത്താനും പ്ലേ ഓഫ് യോഗ്യത നേടാനുമെല്ലാം ശക്തമായ മത്സരമാണു നടക്കുന്നത്. കഴിഞ്ഞ തവണത്തേക്കാളും ഈ സീസണിൽ എല്ലാ ടീമുകളും കൂടുതൽ പോരാട്ടവീര്യത്തോടെ മത്സരിക്കുന്നതു കാണാം. 

∙ വിബിൻ, അസ്ഹർ, ഐമൻ തുടങ്ങി വളർന്നുവരുന്ന ടീമിലെ പ്രാദേശിക പ്രതിഭകളെക്കുറിച്ച്...

വിബിനും അസ്ഹറും ഐമനുമെല്ലാം ഈ സീസണിലുടനീളം കേരള ബ്ലാസ്റ്റേഴ്സിനായി വലിയ സംഭാവനകൾ നൽകിയ മികച്ച കളിക്കാരാണ്. അവരുടെ കഴിവും അർപ്പണബോധവും പ്രശംസനീയമാണ്. തുടർന്നും അവർ ഇതേരീതിയിൽ മികവു പുലർത്തുമെന്നും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നുണ്ട്.

ബ്ലാസ്റ്റേഴ്സ് താരം ദിമിത്രി ഡയമന്റകോസിന്റെ മുന്നേറ്റം തടയുന്ന ഒഡീഷ താരങ്ങൾ. ചിത്രം: സലിൽ ബേറ ∙ മനോരമ
ബ്ലാസ്റ്റേഴ്സ് താരം ദിമിത്രി ഡയമന്റകോസിന്റെ മുന്നേറ്റം തടയുന്ന ഒഡീഷ താരങ്ങൾ. ചിത്രം: സലിൽ ബേറ ∙ മനോരമ

∙ യുവപ്രതിഭകളെ കണ്ടെത്തുന്നതിലും അവർക്ക് അവസരം നൽകുന്നതിലും കേരള ബ്ലാസ്റ്റേഴ്സ് എന്നും മുൻനിരയിലാണ്. അവരെ പിന്തുണയ്ക്കുന്നതിലും സഹായിക്കുന്നതിലും താങ്കളെപോലെ ഒരു മുതിർന്ന താരത്തിന്റെ പങ്കിനെ എങ്ങനെ വിലയിരുത്തുന്നു?

തീർച്ചയായും, എല്ലാക്കാലത്തും കേരള ബ്ലാസ്റ്റേഴ്സ് കേരളത്തിൽ നിന്നുള്ള പുതിയ താരങ്ങളെ കണ്ടെത്തി ടീമിലെത്തിക്കാറുണ്ട്. പരിശീലനസമയത്തും മത്സരങ്ങൾക്കിടയിലുമെല്ലാം അവരെ സഹായിക്കുന്നുണ്ട്. അവരുടെ കഴിവിൽ ഞങ്ങൾ വിശ്വസിക്കുന്നതിനാൽ നിരന്തരം അവരെ മുന്നോട്ടു കൊണ്ടുവരാനുള്ള ശ്രമങ്ങളാണു നടത്തുന്നത്. അവർക്ക് കൂടുതൽ മികച്ചതു ചെയ്യാനാകുമെന്നു ഞങ്ങൾക്കറിയാം.

∙ കേരള ബ്ലാസ്റ്റേഴ്സിലെത്തി തുടക്കകാലത്ത് ദിമി താളം കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് ടീമിന്റെ മുന്നേറ്റനിര അടക്കി ഭരിക്കുന്നതിലേക്ക് എത്തിയതെങ്ങനെയാണ്?

നിങ്ങളുടെ ടീമംഗങ്ങളുമായി ഒരു കെമിസ്ട്രി ഉണ്ടാക്കിയെടുക്കുക എന്നതാണ് ഏറ്റവും നിർണായകമായ വശമെന്നു ഞാൻ വിശ്വസിക്കുന്നു. അതു കണ്ടെത്തിക്കഴിഞ്ഞാൽ മൊത്തത്തിൽ പൊരുത്തപ്പെടാൻ വളരെ എളുപ്പമായിരിക്കും. കഴിഞ്ഞ വർഷം എനിക്കതിനു കുറച്ചു സമയം വേണ്ടിവന്നു. കാരണം, പ്രീ-സീസണിൽ വൈകിയാണ് ഞാൻ ടീമിനൊപ്പം ചേർന്നത്. എന്നാൽ, മറ്റു ടീമംഗങ്ങളുമായുള്ള കെമിസ്ട്രി കണ്ടെത്തിയതോടെ എനിക്കും കാര്യങ്ങൾ എളുപ്പമാകുകയായിരുന്നു.

∙ ഒരു ഫുട്ബോളറെന്ന നിലയിൽ കരിയറിൽ കേരള ബ്ലാസ്റ്റേഴ്സിനെ എവിടെയാണു നിങ്ങൾ കാണുന്നത്?

ഉറപ്പായും എന്റെ കരിയറിലെ ഒരു പ്രധാന ഭാഗം തന്നെയാണു കേരളം. ഇവിടെയായിരുന്ന സമയമെല്ലാം ഞാൻ വളരെയധികം ആസ്വദിച്ചു. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കളി ആരംഭിച്ചതു മുതൽ എനിക്ക് അവിശ്വസനീയമായ പിന്തുണയാണു ലഭിക്കുന്നത്. അവയെല്ലാം എന്റെ കരിയറിൽ ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്.ജംഷഡ്പുർ എഫ്സിക്കെതിരെ ദിമിത്രി ഡയമന്റകോസ് കേരള ബ്ലാസ്റ്റേഴ്സിനായി പെനൽറ്റിയിൽനിന്ന് ഗോൾ നേടുന്നു
ജംഷഡ്പുർ എഫ്സിക്കെതിരെ ദിമിത്രി ഡയമന്റകോസ് കേരള ബ്ലാസ്റ്റേഴ്സിനായി പെനൽറ്റിയിൽനിന്ന് ഗോൾ നേടുന്നു

∙ നിലവിലെ സീസണിനപ്പുറത്തേക്ക് നോക്കുമ്പോൾ, ഭാവിയിലേക്കുള്ള ലക്ഷ്യങ്ങൾ എന്തൊക്കെയാണ്, കേരള ബ്ലാസ്റ്റേഴ്സിനൊപ്പം തുടരാനുള്ള സാധ്യതയുണ്ടോ?

നിങ്ങൾക്കറിയാവുന്നതുപോലെ, ഈ സീസൺ അവസാനം വരെയാണ് എനിക്ക് കേരള ബ്ലാസ്റ്റേഴ്സുമായി കരാറുള്ളത്. ഈ സമയം ക്ലബ്ബിനായി എന്റെ എല്ലാം പൂർണമായി നൽകാൻ ഞാൻ തയാറാണ്. കേരള ബ്ലാസ്റ്റേഴ്സിനായി പുതിയ നേട്ടങ്ങൾ കൈവരിക്കാനും കിരീടങ്ങൾ നേടാനും ഞാൻ ആഗ്രഹിക്കുന്നു. അതിനായി എന്റെ പരമാവധി ഞാൻ ചെയ്യും. അതിനുശേഷമുള്ള ഭാവി എന്തായിരിക്കുമെന്ന് പിന്നീടു നോക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com