ഫുട്ബോൾ മത്സരത്തിനിടെ താരത്തിന് മിന്നലേറ്റു, ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരണം- വിഡിയോ
Mail This Article
ജാവ∙ ഫുട്ബോൾ മത്സരത്തിനിടെ ഗ്രൗണ്ടിൽ വച്ച് മിന്നലേറ്റ് ഇന്തൊനീഷ്യൻ ഫുട്ബോൾ താരം മരിച്ചു. കഴിഞ്ഞ ദിവസം എഫ്സി ബന്ദുങ്ങും എഫ്ബിഐ സുബാങ്ങും തമ്മിലുള്ള സൗഹൃദ മത്സരത്തിനിടെയാണ് സുബാങ് താരമായ സെപ്റ്റെയ്ൻ രഹജയ്ക്ക് മിന്നലേറ്റത്. ഗ്രൗണ്ടിൽ കുഴഞ്ഞു വീണ താരത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ജാവയിലെ സുബാങ് സ്വദേശിയായ 30 വയസ്സുകാരൻ ക്ലബ്ബിന്റെ പ്രതിരോധ താരമായിരുന്നു. മത്സരത്തിനിടെ താരത്തിന് മിന്നലേൽക്കുന്നത് ഇന്തൊനീഷ്യയിൽ ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ വർഷം നവംബറിൽ കിഴക്കൻ ജാവയിൽ നടന്ന ഒരു ഫുട്ബോൾ മത്സരത്തിനിടെ താരത്തിന് മിന്നലേറ്റിരുന്നു. സൊറാറ്റിൻ കപ്പ് മത്സരത്തിനിടെയായിരുന്നു ഇത്. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതിനാൽ യുവ താരത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചു.
25 വർഷം മുൻപ് കോംഗോയിൽ ഒരു ഫുട്ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 11 പേർ മരിച്ചിരുന്നു. രണ്ടു ടീമുകളുടെയും താരങ്ങളും കളി കാണാനെത്തിയ ആളുകളുമാണ് അന്നു മരിച്ചത്. മുപ്പതിലേറെ പേർക്ക് സംഭവത്തിൽ പൊള്ളലേറ്റിരുന്നു.