ADVERTISEMENT

ഗ്രാന്മ എന്ന ബോട്ടിൽ ക്യൂബയിലേക്കു പുറപ്പെട്ട പോരാളി സംഘത്തിനു വിപ്ലവം വിജയിപ്പിക്കാൻ സാധിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന ഒരേ ഒരാളേ ഉണ്ടായിരുന്നുള്ളൂ– ഫിഡൽ കാസ്ട്രോ. ആ ഉറപ്പ് ചരിത്രം സൃഷ്ടിച്ചതു പിന്നീട് ലോകം കണ്ടു. ക്യൂബയിലെ സാന്റ ക്ലാര സർവകലാശാലയിൽ കായിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സതീവൻ ബാലനും 2018ൽ ഏതാണ്ട് ഇതേ അവസ്ഥയായിരുന്നു. ട്രെയിനിൽ കൊൽക്കത്തയിലേക്കു പുറപ്പെട്ട കേരള ഫുട്ബോൾ സംഘം സന്തോഷ് ട്രോഫി ജേതാക്കളാകുന്നത് ആരും സ്വപ്നം കണ്ടിരുന്നില്ല; സതീവൻ ബാലനൊഴികെ.

പക്ഷേ, ടൂർണമെന്റിന്റെ ആതിഥേയരായിരുന്ന ബംഗാളിനെ മുട്ടുകുത്തിച്ച് അവരതു സാധ്യമാക്കി. അതേ, സതീവൻ ബാലനും സംഘവും സന്തോഷ് ട്രോഫി കിരീടം തേടി അരുണാചൽ പ്രദേശിലേക്കു യാത്ര തിരിക്കുകയാണ് നാളെ. ട്രെയിനിലല്ല, വിമാനത്തിലാണ് യാത്ര. അപ്പോൾ പ്രതീക്ഷയ്ക്കും ആകാശപ്പൊക്കം വരും. ഇത്തവണ സതീവൻ ബാലന്റെ മനസ്സിലെന്താണ്? നോക്കാം‍...

∙ പരിശീലനം, ഒരുക്കം, പ്രതിസന്ധി, അതിജീവനം ? 

കെപിഎൽ ടൂർണമെന്റ് നടക്കുന്ന സമയത്താണ് സന്തോഷ് ട്രോഫി പരിശീലന ക്യാംപും വന്നത്. സന്തോഷ് ട്രോഫി ക്യാംപിൽ പങ്കെടുക്കേണ്ട പലരും കെപിഎൽ  കളിക്കുന്നുണ്ടായിരുന്നു. കെപിഎൽ കഴിഞ്ഞ് വളരെക്കുറച്ച് ദിവസങ്ങളാണ് ടീം ഒരുമിച്ചു പരിശീലനത്തിനു ലഭിച്ചത്. പക്ഷേ, ഇതൊരു പ്രശ്നമാകില്ലെന്നാണു പ്രതീക്ഷ. ടൂർണമെന്റിൽ കളിക്കുന്ന സമയമായതിനാൽ എല്ലാവരും ഫിറ്റാണ്. 

∙ നമ്മുടെ ടീമിന്റെ പ്രധാന പോസിറ്റീവ് വശം എന്താണ് ?

നമ്മുടെ ടീം കൂടുതൽ ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നവരാണ്. അതിൽ എത്രയെണ്ണം ഗോളാക്കി മാറ്റാനാകുന്നു എന്നതു മറ്റൊരു കാര്യം. എങ്കിലും ഗോൾ അവസരങ്ങൾ കൂടുതൽ സൃഷ്ടിച്ചാലേ വിജയസാധ്യതയും വർധിക്കൂ.  ഗോൾ കീപ്പിങ് മുതൽ അറ്റാക്കിങ് വരെയുള്ള വിഭാഗങ്ങളുടെ കാര്യമെടുത്താൽ ടീമിന്റെ ഘടനയിലൊരിടത്തും നിലവിൽ പോരായ്മയില്ല. പിന്നെ ഫുട്ബോളാണ്, പ്രവചനാതീതമാവുക എന്നത് അതിന്റെ സ്വഭാവമാണ്. 

∙ മികച്ച ഫോമിലുള്ള അസം ടീമുമായാണ് ആദ്യമത്സരം. അരുണാചലിലെ കാലാവസ്ഥ, സമുദ്രനിരപ്പിൽനിന്ന് വളരെ ഉയരമുള്ള സ്റ്റേഡിയത്തിലാണ് കളി എന്നീ ഭൗതികഘടകങ്ങൾ അവർക്ക് അനുകൂലമാണോ?

ഏതു ടീമിനെതിരെയായാലും ആദ്യ മത്സരം എപ്പോഴും ഒരു കടമ്പയാണ്.അസം യോഗ്യത നേടിയത് അവരുടെ നാട്ടിൽ നടന്ന ഗ്രൂപ്പ് റൗണ്ടിലാണ്. കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ നമ്മൾ രണ്ടു ദിവസം മുൻപേ അവിടെ എത്തുന്നുണ്ട്. 

∙ മലയാളി കാണികളുടെ കുറവ് അരുണാചലിൽ ഉണ്ടാകാം. ഗാലറി സപ്പോർട്ട് ഇല്ലെന്നതു പ്രതിസന്ധിയാകുമോ?

ഗാലറി സപ്പോർട്ട് ടീമിന്റെ പ്രകടനത്തെ വളരെയധികം ബാധിക്കാറില്ലെന്നതാണ് എന്റെ അനുഭവം. ഐഎസ്‌എലിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുന്നത് ഗാലറി സപ്പോർട്ട് ഇല്ലാത്തതുകൊണ്ടല്ലല്ലോ.    പൊതുവേ യൂറോപ്യൻ ഫുട്ബോൾ പോലെ നമ്മുടെ ഫുട്ബോൾ താരങ്ങൾ പ്രഫഷനലായി അത്ര      മുന്നോട്ടുപോയിട്ടില്ല. 

English Summary:

Kerala team to Arunachal Pradesh to play Santosh Trophy football final round

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com