ബ്ലാസ്റ്റേഴ്സിന് മേലാകെ പരുക്ക്! ഇനിയുള്ള മത്സരങ്ങൾ നിർണായകം

Mail This Article
ആക്രമണത്തിനു ചുക്കാൻ പിടിക്കാൻ ഓസ്ട്രേലിയയിൽ നിന്നു കണ്ടെത്തിയ ജോഷ്വ സൊത്തീരിയോ ഒരു മത്സരം പോലും കളിക്കുന്നതിനു മുൻപേ പരുക്കേറ്റു മടങ്ങുന്നതിനു സാക്ഷി ആയാണു കേരള ബ്ലാസ്റ്റേഴ്സ് ഈ സീസൺ തുടങ്ങിയത്. സീസണിലെ ആദ്യ താരത്തിളക്കമായി ടീമിലെത്തിയ സൊത്തീരിയോയിലൂടെ ബ്ലാസ്റ്റേഴ്സിനെ പിടികൂടിയ പരുക്കിന്റെ ശാപം പടർന്നു പിടിച്ച് പ്രകടനത്തിലും പ്രതീക്ഷകളിലും ഒരു ചോദ്യചിഹ്നമായി മാറിയ നിലയിലാണിപ്പോൾ. പ്ലേമേക്കറും ക്യാപ്റ്റനുമായ അഡ്രിയൻ ലൂണ ഉൾപ്പെടെ 4 താരങ്ങൾക്കു സീസൺ നഷ്ടം തന്നെ സമ്മാനിച്ചാണു ബ്ലാസ്റ്റേഴ്സ് ക്യാംപിൽ പരുക്കുകളുടെ വിളയാട്ടം.
സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസും ഡിഫൻഡർ മാർക്കോ ലെസ്‌കോവിച്ചും വീണ്ടും പരുക്കിന്റെ പിടിയിലാണ്. തോളിന് പരുക്കേറ്റ ഗോളി സച്ചിൻ സുരേഷിന്റെ തിരിച്ചുവരവും സംശയത്തിലാണ്. പ്ലേഓഫിൽ കടക്കാൻ ഇനിയുള്ള 7 മത്സരങ്ങളിൽ മികച്ച പ്രകടനം അനിവാര്യമാണെന്നിരിക്കെ കോച്ച് ഇവാൻ വുക്കൊമനോവിച്ചിന്റെ വലിയ തലവേദന താരങ്ങളുടെ പരുക്കു തന്നെ. നിലവിൽ പോയിന്റ് പട്ടികയിൽ 5–ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ആദ്യ 6 ടീമുകളാണ് പ്ലേഓഫിലെത്തുക.
