ADVERTISEMENT

ആന്ദ്രെ ബ്രെയ്മെ ഒരു ആൽമരമായിരുന്നു. ജർമനിയുടെ പല തലമുറകൾ ആ മരംകണ്ടു വിസ്മയിച്ചു; ആരാധനയോടെ നോക്കിനിന്നു. ബ്രെയ്മെയുണ്ടല്ലോയെന്ന് സമ്മർദത്തിന്റെ നിമിഷങ്ങളിൽ ആശ്വാസം കൊണ്ടു. ആൽമരത്തിന്റെ ഇലകൾ ഇളകുന്നതുപോലെ, സ്വർണത്തലമുടി കാറ്റിൽപ്പറത്തി കയറിപ്പോകുന്ന ഫുൾബാക്കിനെ ജർമൻ ആരാധകർ ആവേശത്തോടെ പ്രോത്സാഹിപ്പിക്കുമായിരുന്നെങ്കിലും എതിർ ടീമുകളും ആരാധകരും ആശങ്കയോടെയാണു കണ്ടുനിന്നത്. അത്രയ്ക്ക് അപകടകാരിയായ കളിക്കാരനായിരുന്നു ബ്രെയ്മെ. കളിയുടെ ചാരുത എന്നതിനപ്പുറം ഒറ്റവാചകത്തിൽ വിശേഷിപ്പിക്കാം: മാരകമായ കാര്യക്ഷമതയായിരുന്നു ബ്രെയ്മെ. മർമം പിളർക്കുന്ന മാരകായുധം.

അർജന്റീനയും ആരാധകരും ആ ആയുധമേറ്റുണ്ടായ മുറിവ് ഇന്നും മറക്കാത്തവർ. 1990 ലോകകപ്പ് ഫൈനലിൽ 85–ാം മിനിറ്റിലെ പെനൽറ്റി കിക്ക്, വാൾ‌വീശുംപോലെയാണു ബ്രെയ്മെ എന്ന മൂന്നാം നമ്പർതാരം തൊടുത്തത്. മറഡോണയുടെയും കൂട്ടുകാരുടെയും തുടർച്ചയായ രണ്ടാം ലോകകപ്പ് എന്ന സ്വപ്നത്തിന്റെ ഹൃദയത്തിലൂടെയാണ് ആ വാൾ കടന്നുപോയത്. അതിന്റെ മുറിവ് ലോകമെങ്ങുമുള്ള അർജന്റീന ആരാധകരുടെ ആ തലമുറ മറന്നിട്ടില്ല, ഒരിക്കലും മറക്കുകയുമില്ല. ഇന്നലെ ബ്രെയ്മെ വിടപറഞ്ഞെങ്കിലും ആ പന്ത്, അതിന്റെ മൂർച്ച, മറഡോണയുടെ കണ്ണീര്...

ബ്രെയ്മെ പിന്നീടു പറഞ്ഞു: ‘‘ആ പെനൽറ്റി വിധി ദുരൂഹമാണെന്നു പറയുന്നവരുണ്ടാകാം. അനീതിയാണെന്നു ലോതർ മത്തേയസിനോടു മറഡോണ പറയുന്നുണ്ടായിരുന്നു. ലോതറിന്റെ മറുപടി വ്യക്തമായില്ല. എനിക്കെന്റെ ജോലി ചെയ്യണമായിരുന്നു. പന്തു സ്പോട്ടിൽവച്ചു. ഗോളി ഗോയ്ക്കോച്ചെയയെ ഞാൻ നോക്കിയതേയില്ല. രണ്ടുകാലുകൊണ്ടും ഞാൻ പെനൽറ്റിയെടുക്കുമായിരുന്നു. വലിയ മത്സരങ്ങളിൽ ഒരിക്കൽമാത്രമാണ് ഇടങ്കാൽകൊണ്ടു പെനൽറ്റിയെടുത്തിട്ടുള്ളത്. അന്നു ഞാൻ വലതുകാലുപയോഗിച്ചു. വല കുലു‍ങ്ങി....’’

സ്ഥിതിവിവരക്കണക്കിനും ട്രോഫികളുടെ എണ്ണത്തിനും പിടികൊടുക്കുന്നില്ല ബ്രെയ്മെയുടെ വ്യക്തിത്വം. കഠിനാധ്വാനവും ദൃഢനിശ്ചയവും പോരാട്ടവീര്യവും ഒത്തുചേർന്ന കളിമിടുക്കാണു ലോകം കണ്ടത്. നേതൃപാടവവും ചേർത്തുവയ്ക്കാം. സമ്മർദമത്സരങ്ങളിലും നിമിഷങ്ങളിലും പതറാത്ത പോരാളി എന്നതാവും യോജിച്ച വിശേഷണം. സമ്മർദമേറുമ്പോൾ പോരാളി കൂളാകും. പോരാട്ടവീര്യം പുറത്തെടുക്കും. സൂക്ഷ്മമായ ദൗത്യനിർവഹണം, പിഴവില്ലാതെ. ഗോൾകാവലൊഴികെ കളത്തിലെ സകല മേഖലയിലും തിളങ്ങി.

ലോതർ മത്തേയസിന്റെ ‘കൈവശമുണ്ടായിരുന്ന’ ഏറ്റവും ഉറപ്പുള്ള ബൂട്ടായിരുന്നു ആന്ദ്രെ ബ്രെയ്മെ. ലോകഫുട്ബോളിലെതന്നെ ഏറ്റവും ഉറപ്പുള്ള ബൂട്ട്. അതിപ്പോൾ കാലം അഴിച്ചുവച്ചിരിക്കുന്നു. ഇനി ഓർമകളുടെ ഷോകേയ്സിൽ.

മത്തേയസ് ആ പെനൽറ്റി എടുക്കാതിരുന്നതെന്ത്? 

1990 ലോകകപ്പ് ഫൈനലിൽ അർജന്റീനയ്ക്കെതിരെ ലോതർ മത്തേയസ് 85–ാം മിനിറ്റിലെ പെനൽറ്റി കിക്ക് എടുത്താതിരുന്നതെന്തേ? ആന്ദ്രെ ബ്രെയ്മെ വിടപറയുമ്പോൾ, ആ പെനൽറ്റി വീണ്ടും തെളിഞ്ഞുവരുമ്പോൾ ഈ ചോദ്യവും വീണ്ടുമുയരുന്നു.

ലോതർ സ്വന്തം ബൂട്ടിൽ അത്രയ്ക്കങ്ങു വിശ്വസിച്ചിരുന്നില്ല. ആദ്യപകുതിയിൽ ധരിച്ച ബൂട്ടിന്റെ അടിഭാഗത്തിന് ഇളക്കംതട്ടിയിരുന്നു. ഇടവേളയിൽ അദ്ദേഹം ബൂട്ട് മാറ്റി. രണ്ടാം പകുതിയിൽ ധരിച്ച ബൂട്ട് കുറച്ചുമാസം മുൻപൊരു ചാരിറ്റി മാച്ചിനിടെ മറഡോണയുമായി വച്ചുമാറിയതാണെന്നൊരു കഥയുമുണ്ട്. ആ കഥ ശരിയാണെങ്കിൽ മറഡോണയുടെ ബൂട്ടിലാണ് മത്തേയസ് രണ്ടാംപകുതി കളിച്ചത്. ആ ബൂട്ടിന്റെ വള്ളികെട്ടിയതിൽ ലോതർ കംഫർട്ടബിൾ ആയിരുന്നില്ല.

 പെനൽറ്റി വിധിച്ചപ്പോൾ അദ്ദേഹം കിക്കെടുക്കാൻ ബ്രെയ്മെയ്ക്കു നിർദേശം നൽകി. മറഡോണ നൽകിയ ബൂട്ടിട്ട് മറഡോണയുടെ ടീമിനെതിരെ പെനൽറ്റിയെടുക്കാനുള്ള വിമുഖതയായിരുന്നോ കാരണം? ആർക്കറിയാം. ബ്രെയ്മെ പിന്നീടു വെളിപ്പെടുത്തി: ‘‘ലോതറിന്റെ തീരുമാനം ലോജിക്കൽ ആയിരുന്നു.’’

English Summary:

Remembering André Brayme German footballer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com