ADVERTISEMENT

കെ.അബ്ദുറഹീം തൊടുത്ത പന്ത് ഫോർമുല വൺ കാറുകൾ വളവു തിരിയും പോലെ അസം ഗോൾ പോസ്റ്റിലേക്കു വളഞ്ഞുപറന്നപ്പോൾ അറിയാതെ പറഞ്ഞു പോയി ‘ഹേ പ്രഭു യേ ക്യാ ഹുവാ’. ഗോൾ ഹുവാ എന്നു മാത്രമല്ല, വരാനിരിക്കുന്ന മത്സരഫലത്തിന്റെ ഏകദേശ രൂപവും തെളിഞ്ഞു കിട്ടി. സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ അസം എന്ന ആദ്യ കടമ്പ കേരളം മറികടന്നിരിക്കുന്നു. സ്കോർ: കേരളം –3, അസം–1. സന്തോഷത്തുടക്കം; ഇനിയതു നോൺ സ്റ്റോപ് ആകട്ടെ! ഇ.സജീഷ് (67–ാം മിനിറ്റ്), ക്യാപ്റ്റൻ നിജോ ഗിൽബർട്ട് (90+5) എന്നിവരാണ് കേരളത്തിന്റെ മറ്റു സ്കോറർമാർ. ദിപു മൃധ (77–ാം മിനിറ്റ്) ആണ് അസമിന്റെ ആശ്വാസഗോൾ നേടിയത്. കേരളത്തിന്റെ അടുത്ത മത്സരം നാളെ രാത്രി 7ന് ഗോവയ്ക്കെതിരെ. 

വണ്ടർ ഗോൾ

2 മുൻ ഐഎസ്എൽ താരങ്ങൾ ഉൾപ്പെടെ ശക്തമായ നിരയുമായാണ് യുപിയ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ അസം കേരളത്തിനെതിരെ പോരിനിറങ്ങിയത്. 5 മിഡ്ഫീൽഡർമാരെ നിരത്തി മധ്യനിര അടക്കിഭരിക്കാനിറങ്ങിയ അസമിന്റെ കണക്കുകൂട്ടലുകൾ പക്ഷേ, തുടക്കത്തിലേ പാളി. പന്തും തന്ത്രവും കേരളത്തിന്റെ കാലുകളിലായിരുന്നു. മികച്ച മുന്നേറ്റങ്ങൾക്കു ശേഷം 19–ാം മിനിറ്റിലായിരുന്നു കേരളത്തിന്റെ ആദ്യ ഗോൾ. ഇടതുവിങ്ങിൽനിന്നുള്ള നിജോ ഗിൽബർട്ടിന്റെ ക്രോസ് ക്ലിയർ ചെയ്യാനുള്ള ശ്രമം മുഹമ്മദ് ആഷിക്കിന്റെ കാലിൽ തട്ടി കെ.അബ്ദുറഹീമിന്റെ മുന്നിലേക്ക്. വളഞ്ഞു പറന്ന ആ പന്ത് വലയുടെ ഇടതുഭാഗത്തു തുളച്ചു കയറി.

ടീം ഗോൾ

വെറും 7 ടച്ച്. ഈ മത്സരത്തിലെ ഏറ്റവും മനോഹരമായ ടീം ഗോളിന് അത്രയേ വേണ്ടി വന്നുള്ളൂ. ഇടതുവിങ്ങിൽ കേരളത്തിന്റെ പ്രതിരോധതാരം മുഹമ്മദ് സാലിമിൽ നിന്നാരംഭിച്ച് നിജോ ഗിൽബർട്ട്, മുഹമ്മദ് ആഷിഖ് എന്നിവരിലൂടെ ഇ.സജീഷിനു മുന്നിലേക്ക് പന്തെത്തിയപ്പോൾ കാലൊന്നു വയ്ക്കേണ്ട ആവശ്യമേയുണ്ടായിരുന്നുള്ളൂ. സജീഷ് അതു കൃത്യമായി ചെയ്തതോടെ കേരളത്തിന്റെ രണ്ടാം ഗോൾ 67–ാം മിനിറ്റിൽ പിറന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ കളം നിയന്ത്രിച്ചത് വേഗമേറിയ നീക്കവുമായി അസം താരങ്ങളാണ്. ഒറ്റ ഗോളിൽ തൂങ്ങി നിന്നാൽ കളി പിടിവിട്ടുപോകുമോ എന്ന ആശങ്കയ്ക്കിടെയാണ് കേരളത്തിന്റെ രണ്ടാം ഗോൾ പിറന്നത്. 

ക്യാപ്റ്റൻസ് ടച്ച്

മുൻ ഐഎസ്എൽ താരമായ ദിപു മൃധ 77–ാം മിനിറ്റിൽ ഗോൾ നേടിയതോടെ അസം ആക്രമണം കൂടുതൽ ശക്തമാക്കി.  മികച്ച അവസരങ്ങൾ പിന്നീടും അവർക്കു ലഭിച്ചെങ്കിലും ഗോൾ നേടാനായില്ല. ഒടുവിൽ ഫൈനൽ വിസിലിനു തൊട്ടു മുൻപ് ക്യാപ്റ്റൻ നിജോ ഗിൽബർട്ട് കൂടി ഗോൾ നേടിയതോടെ സ്കോർബോർഡ് പൂർണം (3–1).

ആദ്യ ഗോൾ; അതും മലയാളി

ഇറ്റാനഗൽ ∙ 77–ാം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ആദ്യ ഗോൾ പിറന്നതും മലയാളിയുടെ ബൂട്ടിൽനിന്ന്. ഇന്നലെ രാവിലെ മേഘാലയയ്ക്കെതിരെ നടന്ന മത്സരത്തിൽ സർവീസസിന്റെ മലയാളി താരമായ പി.പി. ഷഫീൽ ആണ് പെനൽറ്റിയിലൂടെ ഗോൾ നേടിയത്. ഗോൾരഹിത സമനിലയായിരുന്ന മത്സരത്തെ ഇൻജറി ടൈമിൽ ലഭിച്ച പെനൽറ്റിയിലൂടെ ഷഫീൽ സർവീസസിന് ആദ്യ വിജയം സമ്മാനിച്ചു. കോഴിക്കോട് കപ്പക്കൽ സ്വദേശിയായ ഷഫീൽ കരസേനയിൽ ഹവിൽദാറാണ്. കോഴിക്കോട് കോർപറേഷൻ ഫുട്ബോൾ അക്കാദമിയിലൂടെയാണ് ഫുട്ബോളിലേക്കെത്തുന്നത്. പി.പി.ആലിക്കോയ, വി.സുഹ്റ ദമ്പതികളുടെ മകനാണ്. ആറു മലയാളി താരങ്ങൾ സർവീസസ് ടീമിലുണ്ട്.

തണുപ്പും ടർഫും വെല്ലുവിളി

മഴയും വെയിലും വരുമ്പോൾ മാത്രമേ മഞ്ഞ, ചുവപ്പ് അലർട്ടുകൾ നമ്മുടെ നാട്ടിൽ വരാറുള്ളു. എന്നാൽ അരുണാചൽ പ്രദേശിൽ തണുപ്പിനെക്കൂടി മുന്നറിയിപ്പ് വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ടി വരും. തെക്കേ ഇന്ത്യയിൽനിന്നെത്തിയ താരങ്ങൾക്ക് ചുവന്ന അലർട്ടാണ് ഇവിടത്തെ കാലാവസ്ഥ. ഇന്നലെ കേരളത്തിന്റെ മത്സരം തുടങ്ങിയ ഉച്ചയ്ക്ക് 2.30ന് 20 ഡിഗ്രി സെൽഷ്യസാണ് താപനില. മത്സരം പകുതി സമയം പിന്നിട്ടതോടെ അത് 19ലേക്ക് താഴ്ന്നു. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 217 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയമാണ് യുപിയയിലേത്. കാലാവസ്ഥയും ഉയരങ്ങളിലെ കളിയും കേരള താരങ്ങളുടെ കായികക്ഷമതയെ പരീക്ഷിക്കുന്നുണ്ട്. ഇന്നലെ നടന്ന ആദ്യ മത്സരം അതിനുദാഹരണമാണ്. കൂടാതെ കൃത്രിമ പുൽമൈതാനത്തിൽ (ടർഫ്) നടക്കുന്ന മത്സരത്തിൽ പന്തിന്റെ വേഗവും കൃത്യതയും കണക്കുകൂട്ടാനും കേരള താരങ്ങൾ പ്രയാസപ്പെടുന്നുണ്ടായിരുന്നു.

English Summary:

Santosh Trophy Football: Kerala win first match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com