ADVERTISEMENT

കൊച്ചി ∙ തോൽവിയുടെ മരണക്കിടക്കയിൽനിന്ന് ഉയിർത്തെഴുന്നേറ്റ് പുതുജീവന്റെ താണ്ഡവം! വെറും 17 മിനിറ്റിൽ രണ്ടു ഗോളിനു പിന്നിലായ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ നടത്തിയതു ഗോവൻ തിമിംഗല വേട്ട! രണ്ടിനെതിരെ നാലു ഗോളിന്റെ അതിഗംഭീര വിജയവുമായി കൊമ്പൻമാരുടെ തകർപ്പൻ തിരിച്ചുവരവ്. ഐഎസ്എലിൽ തുടരെ 3 തോൽവികൾക്കു ശേഷം ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജയം. പോയിന്റ് ടേബിളിൽ ഒരു പടി കയറി 4 –ാം സ്ഥാനത്ത്. ക്യാപ്റ്റൻ ദിമിത്രി ഡയമന്റകോസിന് (81–ാം മിനിറ്റ് – പെനൽറ്റി, 84–ാം മിനിറ്റ്) ഇരട്ട ഗോൾ തിളക്കം. ഡെയ്സൂകി സകായ് (51) ഫിയദോർ ചെർനിച് (88) എന്നിവർ കുറിച്ചത് ഐഎസ്എലിൽ അവരുടെ ആദ്യ ഗോൾ. റൗളിൻ ബോർഹേസ് (7), മുഹമ്മദ് യാസിർ (17) എന്നിവരാണു ഗോവയ്ക്കായി ഗോളുകൾ നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളി ബെംഗളൂരു എഫ്സി. മാർച്ച് രണ്ടിനു ബെംഗളൂരുവിലാണു മത്സരം.  

കാവൽക്കാർ മയങ്ങിക്കിടക്കവേ, ശത്രു സൈന്യം കോട്ട ആക്രമിച്ചതു പോലെയായിരുന്നു തുടക്കം! ബ്ലാസ്റ്റേഴ്സ് ഉണരും മുൻപേ രണ്ടു വട്ടം വലയിലേക്കു നിറയൊഴിച്ച എഫ്സി ഗോവ മറ്റൊരു തോൽവിയിലേക്കു ബ്ലാസ്റ്റേഴ്സിനെ തള്ളി വിടുമെന്നു കടുത്ത ആരാധകർ പോലും കരുതിക്കാണും! ബ്ലാസ്റ്റേഴ്സ് ഉണരാൻ വൈകിയെങ്കിലും അതൊരു ഒന്നൊന്നര കാഴ്ച ആയിരുന്നു. ആദ്യ പകുതിയുടെ മധ്യം വരെ ഗോവയ്ക്കായിരുന്നു കളിയിൽ ആധിപത്യമെങ്കിലും ഗോളുകൾ വീണ ശേഷം ബ്ലാസ്റ്റേഴ്സ് നിരയ്ക്കു ജീവൻ വച്ചു. അതുവരെ ഗോവയ്ക്കു പിന്നാലെ ഓടിത്തളർന്ന ടീം പതിയെ താളം കണ്ടെത്തി. 

 രണ്ടാം പകുതി, പുതിയ ഊർജവുമായി ബ്ലാസ്റ്റേഴ്സ്. ഡയമന്റകോസിനെ വീഴ്ത്തിയതിനു ലഭിച്ചതു ഫ്രീ കിക്ക്. ഇടതു വിങ്ങിൽ ഗോവൻ ബോക്സിനു പുറത്തു നിന്നു ഡെയ്സൂകി സകായ് തൊടുത്ത ജാപ്പനീസ് മിസൈൽ ചെന്നുകൊണ്ടതു ഗോവൻ വലയുടെ വലതു മൂലയിൽ; അതോടെ, ബ്ലാസ്റ്റേഴ്സിന്റെ പ്രത്യാക്രമണത്തിനു ജീവൻ വച്ചു.  

ചെർനിച്ചിനെ ബോക്സിൽ വീഴ്ത്തിയതിനു ലഭിച്ച പെനൽറ്റിയിൽനിന്ന് പിഴവേതുമില്ലാതെ സമനില ഗോൾ നേടി ഗ്രീക്ക് സ്ട്രൈക്കർ ഡയമന്റകോസ്. അതോടെ, ഗോവയ്ക്കു സമനില തെറ്റി. പിന്നീട്, കളത്തിൽ കൊമ്പൻമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗോവൻ ബോക്സിലേക്കു വലതു വിങ്ങിൽ നിന്നെത്തിയ ക്രോസ് രക്ഷിക്കാനുള്ള ഗോൾകീപ്പർ അർഷ്ദീപ് സിങ്ങിന്റെ ശ്രമം വിഫലം. വഴുതിയ പന്തിനെ വലയിൽ നിക്ഷേപിച്ചു വീണ്ടും ദിമി ഗോൾ! 

ഗോവൻ വലയിൽ അവസാന ഗോൾ നിക്ഷേപിച്ചതു ലിത്വാനിയൻ താരം ചെർനിച്. അതോടെ, കഥ കഴിഞ്ഞിരുന്നു; ഗോവയുടെ!

English Summary:

Kerala Blasters win against FC Goa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com