മധ്യത്തിലാശങ്ക! സന്തോഷ് ട്രോഫിയിൽ ഇനിയുള്ള 2 മത്സരങ്ങൾ കേരളത്തിനു നിർണായകം
Mail This Article
അനുഭവത്തിൽ നുണയായി മാറിയേക്കാവുന്ന ചില വാഗ്ദാനങ്ങളുണ്ട്. ഞങ്ങളുടെ മധ്യനിര ശക്തമാണെന്ന കേരള ഫുട്ബോൾ ടീമിന്റെ പ്രസ്താവന അതിലൊന്നാണ്! സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിലെ കേരളത്തിന്റെ ആദ്യ 3 മത്സരങ്ങളാണ് ഈ വിലയിരുത്തലിനു പിന്നിൽ. വിങ്ങുകളിലൂടെയുള്ള ആക്രമണമാണ് കേരളത്തിന്റെ ശൈലി. ഈ ആക്രമണത്തിനു പന്തെത്തിച്ചു നൽകേണ്ട മധ്യനിര ഈ ചുമതല നിർവഹിക്കുന്നില്ല. ശേഷിക്കുന്ന 2 മത്സരങ്ങളിൽ കളി ശൈലിയിൽ മാറ്റം വരുത്തിയാൽ കേരളത്തിന് അനായാസം നോക്കൗട്ടിലെത്താം.
പന്ത് കൈവശം വച്ചു കളിക്കുന്ന ശൈലിയല്ല നിലവിൽ കേരളത്തിന്റേത്. എത്രയും പെട്ടെന്ന് എതിർ ഗോൾ പോസ്റ്റിലേക്കു പന്തെത്തിക്കുകയാണ് ലക്ഷ്യം. കിട്ടുന്ന ബോളെല്ലാം ഉയർത്തിയടിച്ചു സ്ട്രൈക്കർക്കു കൊടുക്കുന്ന രീതി പരിചയസമ്പത്തുള്ള ടീമുകളോടു വിലപ്പോവില്ല. ഈ ശൈലി അറിയാവുന്നതിനാൽ, ഗോവൻ ടീം സ്വന്തം പോസ്റ്റിനു മുൻപിൽ ‘ബസ് പാർക്കിങ്’ ശൈലിയിൽ ഡിഫൻഡർമാരെ വിന്യസിച്ചു. ഇതോടെ, കേരള താരങ്ങൾക്കു ഗോളടിക്കാനുള്ള ഗ്യാപ് കുറഞ്ഞു.
പന്ത് ഹോൾഡ് ചെയ്തു കളിക്കുന്ന ശക്തമായ സെന്റർ മിഡ്ഫീൽഡിന്റെ അഭാവം വ്യക്തമാണ്. മേഘാലയയ്ക്കെതിരെയുള്ള മത്സരത്തിൽ മധ്യനിര പൂർണമായും നിയന്ത്രിച്ചത് അവരാണ്. അറ്റാക്കിങ് തേഡിൽ പന്തു കൈവശം വച്ചു കളിക്കുകയും അവരുടെ പ്രതിരോധത്തിലെ വിള്ളൽ കണ്ടെത്തി ഗോളിനു ശ്രമിക്കുകയും ചെയ്യുന്നില്ല. എതിർ ബോക്സിൽ പന്തു കൈവശം വച്ചു കളിക്കാത്തതിനാൽ പെനൽറ്റി സാധ്യതയും കുറയുന്നു.
കേരളം ക്വാർട്ടർ കളിക്കുമോ?
ഫൈനൽ റൗണ്ടിൽ മൂന്നു കളികളിൽ 4 പോയിന്റുമായി കേരളം എ ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ്. ഒരു പോയിന്റുമായി മേഘാലയ, അരുണാചൽ പ്രദേശ് ടീമുകളാണ് കേരളത്തിനു പിന്നിൽ. ഗ്രൂപ്പിൽനിന്ന് 4 ടീമുകളാണ് ക്വാർട്ടർ ഫൈനലിൽ കടക്കുക. 2 മത്സരങ്ങളിൽ ഒരു വിജയവും ഒരു സമനിലയും ഉറപ്പിക്കാനായാൽ ഗോൾ ശരാശരിയിലേക്കു പോകാതെ ക്വാർട്ടർ ഉറപ്പിക്കാം. മേഘാലയയോ അരുണാചലോ അടുത്ത രണ്ടു മത്സരങ്ങളും വിജയിക്കുകയും കേരളത്തിന് ഒരു വിജയവും തോൽവിയുമാവുകയും ചെയ്തതെങ്കിൽ ഗോൾ വ്യത്യാസം നിർണായകമാകും. നാളെ ഉച്ചയ്ക്ക് 2.30ന് അരുണാചലുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.