സിറ്റിക്ക് 6 ഹാളണ്ടിന് 5; മാഞ്ചസ്റ്റര്‍ സിറ്റി എഫ്എ കപ്പ് ക്വാർട്ടറിൽ
Mail This Article
മാഞ്ചസ്റ്റർ ∙ പരുക്കുമൂലം കുറച്ചുകാലം കളത്തിനു പുറത്തിരിക്കേണ്ടി വന്നതിന്റെ കേടുതീർക്കാൻ തന്നെയാണ് മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാളണ്ടിന്റെ തീരുമാനം! എഫ്എ കപ്പിൽ 5 ഗോളടിച്ചു ഹാളണ്ട് തിളങ്ങിയ മത്സരത്തിൽ സിറ്റി 6–2ന് ലൂട്ടനെ പരാജയപ്പെടുത്തി. ജയത്തോടെ സിറ്റി ക്വാർട്ടർ ഫൈനലിൽ കടന്നു. സിറ്റിക്കായി ഹാളണ്ടിന്റെ 8–ാം ഹാട്രിക് ആണ് ഈ കളിയിൽ നേടിയത്. ഒരു കളിയിൽതന്നെ ഹാളണ്ട് 5 ഗോളടിക്കുന്നത് ഇതു രണ്ടാം തവണയും.
77–ാം മിനിറ്റിൽ ഹാളണ്ടിനെ പിൻവലിച്ച് കോച്ച് പെപ് ഗ്വാർഡിയോള പകരം യൂലിയൻ അൽവാരസിനെ കളത്തിലിറക്കി. ഇതില്ലായിരുന്നെങ്കിൽ നോർവേ താരം മത്സരത്തിൽ ഡബിൾ ഹാട്രിക്കും തികച്ചേനെ. കഴിഞ്ഞ വർഷം ചാംപ്യൻസ് ലീഗിൽ ലൈപ്സീഗിനെതിരായ മത്സരത്തിൽ 5 ഗോളടിച്ചു നിന്നപ്പോളും ഗ്വാർഡിയോള ഹാളണ്ടിനെ പിൻവലിച്ചിരുന്നു. 3,18,40,55,58 മിനിറ്റുകളിലായിരുന്നു ഹാളണ്ടിന്റെ ഗോളുകൾ. മാറ്റിയോ കൊവാചിച് സിറ്റിയുടെ 6–ാം ഗോളും നേടി. 45,52 മിനിറ്റുകളിൽ ജോർദാൻ ക്ലാർക്ക് ലൂട്ടനു വേണ്ടി 2 ഗോളുകൾ നേടി.