അവസാന നിമിഷം അടിപതറി, ഐ ലീഗിൽ ഗോകുലം കേരള എഫ്സിക്ക് തോൽവി
Mail This Article
കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോളിൽ ഏഴാം വിജയം തേടിയിറങ്ങിയ ഗോകുലം കേരള എഫ്സിക്ക് കളിയുടെ അവസാനനിമിഷം പഞ്ചാബിക്കരുത്തിനുമുന്നിൽ അടിപതറി. നാംധാരി എഫ്സി 2–1ന് ഗോകുലത്തെ തോൽപ്പിച്ചു.
ലുധിയാനയിൽ നടന്ന മത്സരത്തിന്റെ 3–ാം മിനിറ്റിൽ പഞ്ചാബിപ്പട ആദ്യഗോൾ കുറിച്ചു. ഹർമൻപ്രീത് സിങ്ങാണ് ആദ്യഗോൾ നേടിയത്. 83–ാം മിനിറ്റിൽ മലയാളി താരം കെ.സൗരവിന്റെ ലോങ് റേഞ്ചറിലൂടെ ഗോകുലം ഗോൾ മടക്കി. നാംധാരിയുമായി ഐലീഗിൽ നടന്ന ആദ്യമത്സരം പോലെ വീണ്ടുമൊരു സമനിലയിലേക്ക് കളി നീങ്ങുമ്പോഴാണ് അവസാനനിമിഷം കളിയുടെ ഗതി മാറിയത്. ഇൻജറി ടൈമിന്റെ ഏഴാം മിനിറ്റിൽ ആകാശ്ദീപ് സിങ്ങ് നാംധാരിയുടെ വിജയഗോൾ നേടി.
ഈ തോൽവിയോടെ 17 മത്സരങ്ങളിൽ 32 പോയിന്റുമായി ഗോകുലം 2–ാം സ്ഥാനത്തുനിന്ന് 3–ാം സ്ഥാനത്തേക്കിറങ്ങി. ഇനി 7 മത്സരങ്ങളാണ് ലീഗിൽ ബാക്കി.
നിലവിലെ ഒന്നാം സ്ഥാനക്കാരായ മുഹമ്മദൻസിനെതിരെയാണ് മാർച്ച് 3ന് ഗോകുലത്തിന്റെ അടുത്ത മത്സരം.