കേരളത്തിന് മിസോറം, ക്വാർട്ടർ ഫൈനൽ മത്സരം 5ന് രാത്രി 7ന്
Mail This Article
സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ മിസോറം കേരളത്തിന്റെ എതിരാളി. ഇന്നലെ ഗ്രൂപ്പ് ബിയിലെ മത്സരങ്ങളെല്ലാം പൂർത്തിയായതോടെയാണ് ക്വാർട്ടർ ഫൈനൽ ചിത്രം തെളിഞ്ഞത്. ഗ്രൂപ്പ് ബിയിൽനിന്ന് മണിപ്പുർ, ഡൽഹി, റെയിൽവേസ് ടീമുകൾ നേരത്തേ തന്നെ ക്വാർട്ടർ ബെർത്ത് ഉറപ്പിച്ചിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ റെയിൽവേസിനെ തോൽപിച്ചതോടെ മിസോറമും (4–0) അവസാന എട്ടിലെത്തി. ഗ്രൂപ്പ് ബിയിൽ രണ്ടാമതെത്തിയ മിസോറമിനെതിരെ 5ന് രാത്രി 7നാണ് ഗ്രൂപ്പ് എയിലെ മൂന്നാം സ്ഥാനക്കാരായ കേരളത്തിന്റെ മത്സരം. ക്വാർട്ടറിൽ ഇടം നേടിയ 8 ടീമുകളിൽ മൂന്നെണ്ണവും (മണിപ്പുർ, മിസോറം, അസം) വടക്കുകിഴക്കൻ സംസ്ഥാനങ്ങളാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
മിസോറം
ഗ്രൂപ്പ് റൗണ്ടിലെ 5 കളികളിൽനിന്ന് 2 ജയവും ഒരു സമനിലയും ഒരു തോൽവിയും ഉൾപ്പെടെ 7 പോയിന്റ് നേടിയാണ് മിസോറം ക്വാർട്ടർ ഫൈനലിലേക്കു യോഗ്യത നേടിയത്. ഡൽഹിക്കും മിസോറമിനും ഒരേ പോയിന്റു തന്നെയാണെങ്കിലും മികച്ച ഗോൾ വ്യത്യാസത്തിന്റെ ആനുകൂല്യത്തിൽ മിസോറം ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി. 5 മത്സരങ്ങളിൽനിന്ന് 13 ഗോളാണ് മിസോറം അടിച്ചത്. ബി ഗ്രൂപ്പിലെ ഗോളടിക്കാരിൽ ഒന്നാം സ്ഥാനവും മിസോറമിനാണ്. വഴങ്ങിയതാകട്ടെ 10 ഗോളും. റെയിൽവേസ് (4–0), ഡൽഹി (5–1) എന്നീ ടീമുകളോടു വിജയിച്ചപ്പോൾ മണിപ്പുർ (4–1), മഹാരാഷ്ട്ര (3–1) ടീമുകളോടു പരാജയപ്പെട്ടു. കർണാടകയോട് സമനില (2–2). ഐസോൾ എഫ്സിയുടെ സഹപരിശീലകനായിരുന്ന ലാൽസങ്സുവാല ഹമർ ആണ് പരിശീലകൻ.
ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ
മാർച്ച് 4 സർവീസസ്– റെയിൽവേസ് (ഉച്ചയ്ക്ക് 2.30),ഗോവ– ഡൽഹി (രാത്രി 7)
മാർച്ച് 5 മണിപ്പുർ – അസം (ഉച്ചയ്ക്ക് 2.30),കേരളം – മിസോറം (രാത്രി 7)
ഇന്നലത്തെ മത്സരഫലങ്ങൾ
മിസോറം– 4, റെയിൽവേസ്–0
മണിപ്പുർ–2, ഡൽഹി–1
മഹാരാഷ്ട്ര–3,കർണാടക– 1
ഗ്രൂപ്പ് റൗണ്ട് പൂർത്തിയായതിനാൽ ഇന്ന് മത്സരമില്ല.