ADVERTISEMENT

ഇറ്റാനഗർ∙ ശ്വാസമെടുക്കാൻ പോലും അസമിനു സമയം നൽകാതെ സന്തോഷ് ട്രോഫിയിൽ മണിപ്പുരിന്റെ ഗോളടിമേളം. മൂന്നാം ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ 7 ഗോളുകൾക്ക് അസമിനെ വീഴ്ത്തി മണിപ്പുർ സെമിയിലേക്ക്. 7ന് രാത്രി 7ന് ഗോവയ്ക്കെതിരെയാണ് മണിപ്പുരിന്റെ സെമി മത്സരം. നാലു റീൽസ് കണ്ടുതീരുന്ന സമയം കൊണ്ട് നാലു ഗോളാണ് മണിപ്പുർ ആദ്യപകുതിയുടെ തുടക്കത്തിൽ അസം വലയിലിട്ടത്. 

Read Also: സുഹൃത്തിനൊപ്പമുള്ള ചിത്രം വൈറലായി, ചെഹലിന്റെ ഭാര്യ ധനശ്രീക്കെതിരെ വൻ വിമർശനം

നാലാം മിനിറ്റിൽ ക്യാപ്റ്റൻ സനതോയ് മെയ്തെയ് വകയായിരുന്നു ആദ്യ ഗോൾ. 11, 16 മിനിറ്റുകളിൽ വാങ്ഖെയ്മായും സാദാനന്ദ സിങ്ങും 19–ാം മിനിറ്റിൽ ഗാൻബം പച്ച സിങ്ങും ഗോൾനേടി. 19 മിനിറ്റിനുള്ളിൽ 5 ഗോൾ. ഓരോ അഞ്ചുമിനിറ്റിലും ഒരുഗോൾ വീതമെന്നു പറയാം. രണ്ടാം പകുതി തുടങ്ങി 64–ാം മിനിറ്റിലായിരുന്നു ജയദീപ് ഗോഗോയ് വക അസമിന്റെ ആശ്വാസഗോൾ. 82–ാം മിനിറ്റിൽ മെയ്ബാം ഗെനി സിങ്ങും 88–ാം മിനിറ്റിൽ ങാതെം ഇമർസൺ മെയ്തെയും ഗോൾ കണ്ടെത്തിയതോടെ അസമിന്റെ പരാജയം പൂർണം. 

യുപിയ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ അസമിനെതിരെ വിജയം നേടിയ മണിപ്പുർ ടീമംഗങ്ങളുടെ ആഹ്ലാദം. ചിത്രം∙ അബു ഹാഷിം. മനോരമ
യുപിയ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ അസമിനെതിരെ വിജയം നേടിയ മണിപ്പുർ ടീമംഗങ്ങളുടെ ആഹ്ലാദം. ചിത്രം∙ അബു ഹാഷിം. മനോരമ

ആവേശവുമായി മണിപ്പുരിന്റെയും അസമിന്റെയും ആരാധകർ ഗാലറിയിൽ ആവേശക്കാഴ്ച വിതറി. 17 ഗോളാണ് ഇതുവരെ മണിപ്പുർ ഈ ടൂർണമെന്റിൽ അടിച്ചുകൂട്ടിയത്. വാങ്ങിയത് വെറും 5 എണ്ണവും. സംഘർഷബാധിതപ്രദേശമായ മണിപ്പുരിൽ നിന്ന് പരിശീലനത്തിനു പോലും കൃത്യമായ സമയം ലഭിക്കാതെ വന്ന ഈ ടീം സന്തോഷ് ട്രോഫിയിൽ അദ്ഭുതങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. മിസോറം, ഡൽഹി, റെയിൽവേസ്, മഹാരാഷ്ട്ര, കർണാടക എന്നീ ടീമുകൾ ഉൾപ്പെട്ട ബി ഗ്രൂപ്പിൽനിന്ന് ഒന്നാം സ്ഥാനക്കാരായാണ് മണിപ്പുരിന്റെ സെമിപ്രവേശനം.

സനതോയ് മെയ്തെയ് അല്ല, ഗോളടിയുടെ തിത്തിത്തെയ്

മണിപ്പുരിന്റെ ക്യാപ്റ്റൻ ഫിജം സനതോയ് മെയ്തെയ് ആണ് ഈ സന്തോഷ് ട്രോഫിയിൽ ടോപ്സ്കോറർ പട്ടികയിൽ ഒന്നാമത്. ഇതുവരെ 11 ഗോളാണ് അടിച്ചു കൂട്ടിയത്. വലതുവിങ്ങിൽ അതിവേഗവുമായി നീങ്ങുന്ന സനതോയ് ആണ് മണിപ്പുരിന്റെ തുറുപ്പ് ചീട്ട്.

English Summary:

Manipur beat Assam in Santosh Trophy football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com