സന്തോഷ് ട്രോഫി: കേരള ടീം നാട്ടിലേക്കു തിരിച്ചു
Mail This Article
കഴിഞ്ഞ ദിവസം വരെ നമ്മളെന്തെങ്കിലും പോസ്റ്റിട്ടാൽ സൂപ്പർ, വണ്ടർഫുൾ, വൗ എന്നൊക്കെയായിരുന്നു കമന്റ്. ഇപ്പോൾ പൊട്ടിയ ഹൃദയവും കണ്ണീരുമൊക്കെയാണ്’ ചിരിയോടെയാണ് കെ.അബ്ദുറഹീം ഇതു പറഞ്ഞതെങ്കിലും ഉള്ളിലെ സങ്കടം വ്യക്തമായിരുന്നു. ഇറ്റാനഗറിൽ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം ക്യാപിൽ എല്ലാവരുമുണ്ട്.
‘എത്ര ഷോട്ടെടുത്തു, പക്ഷേ ഒന്നും കയറുന്നുണ്ടായിരുന്നില്ല. രണ്ടാം മിനിറ്റിൽ തന്നെ ഗോളായെന്നുറപ്പിച്ച ഷോട്ട് പുറത്തേക്കു പോയി. ആ ഗോൾ വീണിരുന്നെങ്കിൽ നമ്മൾ മൂന്നെണ്ണം കൂടി വീണ്ടും കൊടുത്തേനേ’ മധ്യനിരയിൽ മിസോറമിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച ഗിഫ്റ്റി ഗ്രേഷ്യസ് പറഞ്ഞു. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ചിട്ടും അവസരങ്ങൾ ഗോളായി മാറാത്തതിലെ സങ്കടമാണ് ഗിഫ്റ്റിയുടെ വാക്കുകളിൽ.
ക്വാർട്ടർ ഫൈനലിൽ മിസോറമിനെ 90 മിനിറ്റിലും എക്സ്ട്രാ ടൈമിലും ഗോൾരഹിത സമനിലയിൽ പിടിച്ചുനിർത്തിയ കേരളത്തിനു ഷൂട്ടൗട്ടിലെ ഏഴാം കിക്കിലാണ് പിഴച്ചത്. പ്രതികൂല കാലാവസ്ഥ, ഏറെയൊന്നും പരിചിതമല്ലാത്ത ടർഫ് മൈതാനത്ത കളി, പരുക്കിന്റെ പിടിയിലായ താരങ്ങൾ.... ക്വാർട്ടർ ഫൈനലിൽ മിസോറമിനെതിരെ കഴിഞ്ഞ ദിവസമിറങ്ങുമ്പോൾ കേരള ടീമിന്റെ സ്ഥിതി അത്ര മെച്ചമായിരുന്നില്ല. പ്രധാന ഇലവനിലെ 4 താരങ്ങൾ ഇല്ലാതെയാണ് കേരളം ഇറങ്ങിയത്. എന്നിട്ടും തീ ചിതറിച്ച പോരാട്ടവീര്യവുമായി അവർ 120 മിനിറ്റ് കളം നിറഞ്ഞു. ടൈബ്രേക്കറിലെ 6 പെനൽറ്റി വരെയും മിസോറമിന് ഒപ്പം നിന്നു.
ശരീരക്ഷമതയും വേഗവും കൂടിയ മിസോറം താരങ്ങൾക്കൊപ്പം ഇത്രയും നേരം പിടിച്ചു നിൽക്കുക നിസ്സാരമല്ല. മത്സരത്തിന്റെ അധികസമയത്ത് പല താരങ്ങളും മൈതാനത്ത് തളർന്നു വീഴുന്നതു കാണാമായിരുന്നു. ശരീരം അരുതെന്ന ചുവപ്പു സിഗ്നൽ കാട്ടിയിട്ടും അവർ വീണ്ടുമെഴുന്നേറ്റോടി. ജയിക്കാനുള്ള വാശിയിൽ അവസാന ഇന്ധനം വരെ കത്തിച്ചു തീർത്തു. മത്സരത്തിനിടെ 3 കേരള താരങ്ങൾക്കാണ് പേശീവലിവ് മൂലം തിരിച്ചുകയറേണ്ടിവന്നത്.
സെമി ഇന്ന്
∙ ഉച്ചകഴിഞ്ഞ് 2.30: സർവീസസ് –മിസോറം
∙ രാത്രി 7.00: ഗോവ – മണിപ്പുർ
ഇറ്റാനഗർ∙ സന്തോഷ് ട്രോഫി ഫൈനൽ മത്സരാർഥികളെ ഇന്നറിയാം. യുപിയ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ആണ് സർവീസസ് – മിസോറം സെമി മത്സരം. രാത്രി 7ന് നടക്കുന്ന രണ്ടാം സെമിയിൽ ഗോവ മണിപ്പുരിനെ നേരിടും.
സർവീസസ് – മിസോറം
ഈ സീസണിലെ കരുത്തരാണ് സർവീസസ് ടീം. ഫൈനൽ റൗണ്ടിൽ ഗ്രൂപ്പ് ചാംപ്യന്മാരായി ക്വാർട്ടറിലെത്തിയ സർവീസസ് റെയിൽവേസിനെ (2–0) പരാജയപ്പെടുത്തി സെമി ഉറപ്പിക്കുകയായിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള താരങ്ങൾ ഉൾപ്പെട്ട ശക്തമായ മധ്യനിരയാണ് സർവീസസിന്റെ പ്രധാന ശക്തി. 6 മലയാളി താരങ്ങളും ടീമിലുണ്ട്.
മണിപ്പുർ– ഗോവ
ഈ സന്തോഷ് ട്രോഫിയിലെ അദ്ഭുത ടീമാണ് മണിപ്പുർ. ഗ്രൂപ്പ് റൗണ്ടിലെ ചാംപ്യന്മാരായി ക്വാർട്ടറിലെത്തിയ മണിപ്പുർ ഇതുവരെ അടിച്ചത് 17 ഗോൾ. ക്വാർട്ടറിൽ അസമിനെ തകർത്തത് 7–1ന് ആണ്.