ADVERTISEMENT

ഇറ്റാനഗർ∙ മിസോറമിനെ വീഴ്ത്തി (1-2) സർവീസസ് സന്തോഷ് ട്രോഫി ഫൈനലിൽ. യുപിയ ഗോൾഡൻ ജൂബിലി സ്‌റ്റേഡിയത്തിൽ നടന്ന സെമിയിൽ ഏറെക്കുറെ ആധികാരിക വിജയമായിരുന്നു സർവീസസിന്റേത്. ഇന്നു രാത്രി നടക്കുന്ന മണിപ്പൂർ- ഗോവ മത്സര വിജയികളെ 9 ന് രാത്രി 7 ന് നടക്കുന്ന ഫൈനലിൽ സർവീസസ് നേരിടും.

ജെ.വിജയ് , പി.പി.ഷഫീൽ, രാഹുൽ രാമകൃഷ്ണൻ എന്നീ മലയാളി താരങ്ങൾ ഉൾപ്പെട്ടതായിരുന്നു സർവീസസിന്റെ ആദ്യ ഇലവൻ. അക്രമണത്തുടക്കം സർവീസസ് വകയായിരുന്നെങ്കിലും മിസോറമും ചില മിന്നൽ നീക്കങ്ങൾ സർവീസസിന്റെ ബോക്സിലേക്കു നടത്താതിരുന്നില്ല. കളിയുടെ 21-ാം മിനിറ്റിൽ മലയാളി താരം രാഹുൽ രാമകൃഷ്ണന്റെ മനോഹര ഷോട്ട് മിസോറമിന്റെ വലകുലുക്കി. പിന്നീടും ആദ്യ പകുതിയിൽ ഒട്ടേറെ അവസരങ്ങൾ സർവീസസിനു ലഭിച്ചെങ്കിലും ഗോളായില്ല.

mizo-services-3
മിസോറം– സർവീസസ് മത്സരത്തിൽനിന്ന്. ചിത്രം∙ അബു ഹാഷിം, മനോരമ

83-ാം മിനിറ്റിലായിരുന്നു സർവീസസിന്റെ രണ്ടാം ഗോൾ. വലതു വിങ്ങിൽ നിന്നു മിസോറം താരം നൽകിയ ബാക്ക് പാസ് ക്ലിയർ ചെയ്യുന്നതിൽ ഗോൾകീപ്പർ ലാൽമുവാനാവ്മയ്ക്കു വന്ന പിഴവാണ് രണ്ടാം ഗോളിനു വഴി തെളിച്ചത്. ഗോൾകീപ്പറിൽ നിന്നു പന്തു റാഞ്ചിയ സർവീസസ് സ്ട്രൈക്കർ ബികാസ് ഥാപ്പ അനായാസം ഗോൾ നേടി.

രണ്ടാം പകുതിയുടെ അധിക സമയത്തായിരുന്നു മിസോറമിന്റെ ആശ്വാസ ഗോൾ. ബോക്സിനു മുൻപിൽ കിട്ടിയ ഫ്രീകിക്ക് പകരക്കാരനായിറങ്ങിയ മാൽസോം ഫെല ഗംഭീരമായി സർവീസസ് പോസ്റ്റിന്റെ വലതുമൂലയിലിട്ടു. മത്സരത്തിന്റെ അവസാന പത്തു നിമിഷങ്ങൾ സർവീസസിനെ വിറപ്പിച്ച പ്രകടനമാണ് മിസോറം കാഴ്ചവച്ചത്. വാശിപ്പോര് മൂത്തപ്പോൾ 88-ാം മിനിറ്റിൽ സർവീസസിന്റെ പ്രതിരോധ താരം സോത്തൻ പുയയ്ക്ക് ചുവപ്പു കാർഡ് കണ്ടു പുറത്തു പോകേണ്ടി വന്നു.

mizo-services-2
മിസോറം– സർവീസസ് മത്സരത്തിൽനിന്ന്. ചിത്രം∙ അബു ഹാഷിം, മനോരമ
English Summary:

Santosh Trophy Semi Final, Services beat Mizoram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com