യുവേഫ ചാംപ്യൻസ് ലീഗ്: മാഞ്ചസ്റ്റർ സിറ്റി, റയൽ ക്വാർട്ടറിൽ

Mail This Article
മാഞ്ചസ്റ്റർ ∙ ആദ്യപകുതിയിൽ 3 തകർപ്പൻ ഗോളുകൾ..യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്രീക്വാർട്ടറിൽ ഡെന്മാർക്ക് ക്ലബ് എഫ്സി കോപ്പൻഹേഗനെ 3–1നു തോൽപിച്ച് നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടർ ഫൈനലിൽ കടന്നു. ഇരുപാദങ്ങളിലുമായി സ്കോർ 6–2. തുടർച്ചയായ 7–ാം സീസണിലാണ് ഇംഗ്ലിഷ് ക്ലബ് സിറ്റി ക്വാർട്ടറിലെത്തുന്നത്.
5–ാം മിനിറ്റിൽ മാനുവൽ അകൻജിയുടെ ഗോളിലാണു മാഞ്ചസ്റ്റർ സിറ്റി ഗോൾവേട്ട തുടങ്ങിയത്. 9–ാം മിനിറ്റിൽ യൂലിയൻ അൽവാരസ് സിറ്റിയുടെ ലീഡ് വർധിപ്പിച്ചു (2–0). 29–ാം മിനിറ്റിൽ കോപ്പൻഹേഗനു വേണ്ടി മുഹമ്മദ് എല്യുനോസി ഒരു ഗോൾ മടക്കി.
എന്നാൽ ആദ്യപകുതിയുടെ ഇൻജറി ടൈമിൽ (45+3) എർലിങ് ഹാളണ്ട് സിറ്റിയുടെ 3–ാം ഗോളും നേടി. ആദ്യപാദ മത്സരത്തിലും സിറ്റി 3–1നു വിജയിച്ചിരുന്നു.
എന്നാൽ, ജർമൻ ക്ലബ് ലൈപ്സീഗുമായി 1–1 സമനില വഴങ്ങിയിട്ടും ആദ്യപാദ മത്സര വിജയത്തിന്റെ ബലത്തിൽ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് ക്വാർട്ടറിൽ കടന്നു. ഇരുപാദ സ്കോർ 2–1. 65–ാം മിനിറ്റിൽ വിനീസ്യൂസ് റയലിനായി ഗോൾ നേടിയെങ്കിലും 3 മിനിറ്റിനകം വില്ലി ഓർബാൻ ജർമൻ ക്ലബ്ബിന്റെ ഗോൾ മടക്കി. ആദ്യപാദം 1–0ന് വിജയിച്ചതു റയലിനു തുണയായി.