റയലിന്റെ പുത്തൻ ത്രിശൂലം; ബിബിസിക്കു ശേഷം റയൽ മഡ്രിഡ് അവതരിപ്പിക്കുന്നു, വിബിആർ!
Mail This Article
സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ മൈതാനമായ സാന്തിയാഗോ ബർണബ്യൂ. പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ മാധ്യമ സമ്മേളനം. ഫ്രഞ്ച് താരം കിലിയൻ എംബപെയുടെ മഡ്രിഡിലേക്കുള്ള വരവിനെക്കുറിച്ചുള്ള ചോദ്യത്തിനു പതിവു ശൈലിയിൽ പുരികം ഉയർത്തി, ഇറ്റലിക്കാരൻ കാർലോ പറഞ്ഞു.‘‘ലോകത്തെ മികച്ച കളിക്കാർ ഇവിടെയുണ്ട്. വിനീസ്യൂസാണ് ഏറ്റവും മികച്ചത്. രണ്ടാമത് ജൂഡ് ബെലിങ്ങാം, മൂന്നാമൻ റോഡ്രിഗോ’’. ആഞ്ചലോട്ടി പുരികം താഴ്ത്തി ചിരിച്ചു. ആ ചിരിയിലുണ്ടായിരുന്നു റയൽ മഡ്രിഡിന്റെ പുതിയ മുന്നേറ്റ ത്രയം: വി–ബി–ആർ!
ആഞ്ചലോട്ടി അക്കമിട്ടു പറഞ്ഞതു പോലെ എല്ലാക്കാലത്തും ലോകത്തിലെ മികച്ച ഫുട്ബോൾ താരങ്ങൾ വിലസുന്ന സ്റ്റേഡിയമാണു സാന്തിയാഗോ ബെർണബ്യൂ. ആ മൈതാനത്ത് ഇടവേളയ്ക്കു ശേഷം രൂപപ്പെട്ട പുതിയ കൂട്ടുകെട്ടാണു വിബിആർ. ജനുവരിയിൽ സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബാർസിലോനയെ 4–1ന് തകർത്തുള്ള കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ചത് വിബിആർ ത്രയമായിരുന്നു. ഇതോടൊപ്പം ഫെബ്രുവരി ആദ്യ വാരം ജിറോണ എഫ്സിയെ തോൽപിച്ച്, റയൽ ലാലിഗയിൽ ഒന്നാം സ്ഥാനത്തേക്കു തിരികെ കയറിയ മത്സരത്തിൽ ഗോൾവല നിറച്ചതും ഇവർ മൂന്നു പേരും തന്നെ.
സിനദിൻ സിദാൻ, റൊണാൾഡോ നസാരിയോ, ലൂയി ഫിഗോ എന്നിവരുടെ കൂട്ടുകെട്ടിനും ഗരെത് ബെയ്‌ൽ, കരിം ബെൻസെമ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ ‘ബിബിസി’ ത്രയത്തിനും ശേഷം റയൽ മഡ്രിഡിന്റെ പുതിയ ത്രിശൂലമാകും ‘വിബിആർ’. ബാർസിലോനയിൽ ലയണൽ മെസ്സി, ലൂയി സ്വാരെസ്, നെയ്മാർ എന്നിവർ തീർത്ത ‘എംഎസ്എൻ’ ത്രയം പേലെ ആക്രമണമൂർച്ചയുള്ള പുതിയകാല ശൂലം. ബ്രസീൽ താരങ്ങളായ വിനീസ്യൂസിനും റോഡ്രിഗോയ്ക്കും വയസ്സ് 23. ഇരുവരും ഫോർവേഡുകൾ. ഇംഗ്ലണ്ടുകാരൻ ജൂഡ് ബെലിങ്ങാമിനു പ്രായം 20– മിഡ്ഫീൽഡർ. ഈ സീസണിൽ (2023–24) ലാലിഗയിൽ ഇതിനകം 16 ഗോളുകളുമായി ടോപ് സ്കോററാണ് ബെലിങ്ങാം. ഫിനിഷിങ് ഉൾപ്പെടെയുള്ള മാസ്റ്റർ ക്ലാസ് കളി ശൈലിയാണു പ്രത്യേകത.
‘ബ്രസീൽ ബോയ്സ്’ വിനീസ്യൂസിന്റെയും റോഡ്രിഗോയുടെയും മികവ് ഡ്രിബ്ലിങ് ആണ്. ലാലിഗയിൽ വിനി 9 ഗോളും റോഡ്രിഗോ 8 ഗോളും ഇതിനകം നേടി. ഏതു ഘട്ടത്തിലും ചെറിയ സമയം മതി മൂവർ സംഘത്തിനു കളിയുടെ ഗതി തന്നെ മാറ്റിമറിക്കാൻ. സീസണിലെ ഇതുവരെയുള്ള എല്ലാ മത്സരങ്ങളിൽ നിന്നുമായി ഇവരുടെ ഗോൾനേട്ടം : ബെലിങ്ങാം– 20, വിനീസ്യൂസ് –12, റോഡ്രിഗോ–11.
പരുക്കിന്റെ പിടിയിലായില്ലെങ്കിൽ മൂവർക്കും കൂട്ടുകെട്ടു മൂർച്ച കൂട്ടി മികച്ച പ്രകടനങ്ങൾ നടത്താനുള്ള സമയമുണ്ടെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ. പരുക്കിൽ നിന്നു മുക്തനായ ബെലിങ്ങാം ടീമിലേക്കു തിരിച്ചെത്തിയെങ്കിലും അടുത്ത 2 മത്സരങ്ങൾ പുറത്തിരിക്കും. കഴിഞ്ഞയാഴ്ച റഫറിയോടു പ്രതിഷേധിച്ചതിനു ചുവപ്പു കാർഡ് കണ്ടതാണു കാരണം.