ADVERTISEMENT

മലയാളിയുടെ ഗോളിൽ സന്തോഷ് ട്രോഫിയിൽ സർവീസസിന്റെ ഏഴാം വിജയമുത്തം. ഇന്നലെ നടന്ന ഫൈനലിൽ 1–0ന്  ഗോവയെ തകർത്താണ് സർവീസസ് ഏഴാം തവണ സന്തോഷ് ട്രോഫി ചാംപ്യന്മാരായത്. 67–ാം മിനിറ്റിൽ മലയാളി താരം പി.പി.ഷഫീൽ ആണ് സർവീസസിനായി ഗോവൻ വലകുലുക്കിയത്. ഇക്കഴിഞ്ഞ ദേശീയ ഗെയിംസ് ഫുട്ബോളിലും സർവീസസ് ചാംപ്യന്മാരായിരുന്നു.

ഗോവൻ മുന്നേറ്റം

തുടക്കത്തിൽ പതുങ്ങുകയും എതിർടീമിന്റെ ഊർജവും ആയുധങ്ങളും തീർന്നെന്നുറപ്പിച്ച ശേഷം ആക്രമിക്കുകയും ചെയ്യുന്ന ഗോവ, ഫൈനലിൽ സർവീസസിനെതിരെ ശൈലി മാറ്റി. മധ്യനിര താരം മുഹമ്മദ് ഫഹീസും സ്ട്രൈക്കർ നെഷ്യോ മരിസ്റ്റോ ഫെർണാണ്ടസും ചേർന്ന ഗോവൻ പട സർവീസസിന് തുടക്കത്തിലേ തലവേദന സൃഷ്ടിച്ചു. ആദ്യ പകുതിയിൽ ഗോളെന്നുറപ്പിച്ച 3 അവസരങ്ങളെങ്കിലും ഗോവയ്ക്ക് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായി. കൗണ്ടർ അറ്റാക്കുകളിലൂടെ സർവീസസ് ഇടയ്ക്കിടെ ഗോവൻ ബോക്സിലെത്തിയെങ്കിലും കവചം തീർത്ത പ്രതിരോധത്തിനു മുൻപിൽ അവയെല്ലാം നിഷ്പ്രഭം. അടിയും തിരിച്ചടിയുമായി ഇരുടീമുകളും മുന്നേറിയ ആദ്യപകുതിയിൽ നേരിയ ആധിപത്യം ഗോവയ്ക്കായിരുന്നു. പ്രതിരോധതാരം പി.പി.ഷഫീൽ, സ്ട്രൈക്കർ രാഹുൽ രാമകൃഷ്ണൻ, മധ്യനിരയിൽ ജെ.വിജയ് എന്നീ മലയാളി താരങ്ങൾ സർവീസസിന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു.

ഷഫീൽ മാജിക്

സർവീസസ് തീപോലെ കളിച്ച രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു ആ ഗോൾ. മലയാളി താരം രാഹുൽ രാമകൃഷ്ണൻ നൽകിയ പാസിൽ 22 വാര അകലെനിന്ന് പി.പി.ഷഫീലിന്റെ ബുള്ളറ്റ് ഷോട്ട്. നിലംമുട്ടിപ്പാഞ്ഞ ആ പന്തിൽ ഗോവൻ ഗോൾ കീപ്പർ അന്റോണിയോ ഡി സിൽവ ഫ്ലാറ്റ് ! പട്ടാളം ലീഡെടുത്തു. കോഴിക്കോട് കപ്പൽക്കൽ സ്വദേശിയായ ഷഫീലിന്റെ സന്തോഷ് ട്രോഫിയിലെ മൂന്നാം ഗോളായി അത്. അപകടം മണത്ത ഗോവ പിന്നീട് തിരമാല പോലെ ആക്രമിച്ചെങ്കിലും സർവീസസിന്റെ പ്രതിരോധത്തിനു മുൻപിൽ അവയെല്ലാം നനഞ്ഞ പടക്കമായി.

മലയാളി എൻജിനിൽ വിജയ സർവീസ്

സന്തോഷ് ട്രോഫിയിൽ നാലു വർഷങ്ങൾക്കുശേഷമുള്ള സർവീസസിന്റെ വിജയമുത്തമായിരുന്നു ഇത്തവണത്തേത്. 2018– 19 സീസണിലാണ് ഇതിനു മുൻപ് സർവീസസ് കിരീടം നേടിയത്. അന്നു പഞ്ചാബ് ആയിരുന്നു എതിരാളികൾ. 1960– 61 സീസണിലായിരുന്നു ആദ്യ കിരീടം. അതിനു ശേഷം ചാംപ്യന്മാരാകുന്നത് പതിറ്റാണ്ടുകൾക്കിപ്പുറം 2011–12 സീസണിൽ. 2010 മുതൽ ഒന്നരപ്പതിറ്റാണ്ടിനിടെ 6 സന്തോഷ് ട്രോഫി കിരീടങ്ങളാണ് സർവീസസ് നേടിയത്. ഈ കാലയളവിനുള്ളിൽ ഇത്രയും കിരീടം നേടിയ മറ്റൊരു ടീമില്ല. രാഹുൽ രാമകൃഷ്ണൻ, ആർ.റോബിൻസൺ, ജിജോ ഫ്രെഡി, വിജയ് ജെറാൾഡ്, പി.പി.ഷഫീൽ, ജിജോ ജെറോൺ എന്നീ 6 മലയാളി താരങ്ങളാണ് സർവീസസ് ടീമിലുണ്ടായിരുന്നത്.

English Summary:

Services defeated Goa in Santhosh trophy Football final match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com