ആഘോഷിച്ച് ആർസനൽ, ബാർസ; ഇനി കളി ചാംപ്യൻസ് ലീഗ് ക്വാർട്ടറിൽ
Mail This Article
ബാർസിലോന ∙ നാലു വർഷത്തിനു ശേഷം വീണ്ടുമൊരിക്കൽക്കൂടി സ്പാനിഷ് ക്ലബ് ബാർസിലോന യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ. പ്രീക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ ഇറ്റാലിയൻ ക്ലബ് നാപ്പോളിയെ 3–1ന് ബാർസിലോന കീഴടക്കി. ആദ്യപാദ മത്സരം 1–1 സമനിലയായിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 4–2 എന്ന സ്കോറിനാണു ബാർസയുടെ ക്വാർട്ടർ പ്രവേശം. കഴിഞ്ഞ 2 സീസണുകളിലും ബാർസിലോന ഗ്രൂപ്പ് റൗണ്ടിൽ പുറത്തായിരുന്നു. 2019–20 സീസണിൽ ജർമൻ ക്ലബ് ബയൺ മ്യൂണിക്കിനോടു തോറ്റ് ക്വാർട്ടർ ഫൈനലിൽ പുറത്താവുകയും ചെയ്തു.
പോർച്ചുഗീസ് ക്ലബ് എഫ്സി പോർട്ടോയെ പെനൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് ഇംഗ്ലിഷ് ക്ലബ് ആർസനലും ക്വാർട്ടർ ഫൈനലിലെത്തി (ഇരുപാദ സ്കോർ 1–1; ഷൂട്ടൗട്ടിൽ 4–2) . 2010നു ശേഷം ആദ്യമായാണ് ആർസനൽ ചാംപ്യൻസ് ലീഗ് ക്വാർട്ടറിലെത്തുന്നത്.
നാപ്പോളിക്കെതിരെ 15–ാം മിനിറ്റിൽ ഫെർമിൻ ലോപ്പസിന്റെ ഗോളിൽ ബാർസിലോന മുന്നിലെത്തി. 2 മിനിറ്റിനകം ജോവ കാൻസലോ ബാർസയുടെ ലീഡ് ഉയർത്തി. 83–ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കി ബാർസയുടെ മൂന്നാം ഗോളും നേടി.
ഇതിനിടെ 30–ാം മിനിറ്റിൽ കൊസോവ താരം അമിർ റഹ്മാനി നാപ്പോളിക്കായി ഒരു ഗോൾ മടക്കി. ബാർസയുടെ കൗമാര താരം ലാമിൻ യമാൽ 68–ാം മിനിറ്റിൽ നാപ്പോളിയുടെ വലയിൽ പന്ത് എത്തിച്ചെങ്കിലും റഫറി അനുവദിച്ചില്ല.
തുടർച്ചയായി 7 വർഷം പ്രീക്വാർട്ടറിൽ പരാജയപ്പെട്ട ശേഷമാണ് ആർസനൽ ഷൂട്ടൗട്ട് വരെ നീണ്ട ആവേശപ്പോരാട്ടം ജയിച്ച് അവസാന എട്ടിൽ കടന്നത്. നിശ്ചിത സമയക്കളിയിൽ ആർസനൽ 1–0ന് ജയിച്ചിരുന്നു. എന്നാൽ ആദ്യപാദം പോർട്ടോ ജയിച്ചതിനാൽ ഇരുപാദ സ്കോർ 1–1 ആയി. തുടർന്നു നടന്ന ഷൂട്ടൗട്ടിൽ ആർസനൽ 4–2നാണ് പോർട്ടോയെ മറികടന്നത്. ആർസനൽ താരങ്ങൾ 4 കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു. പോർട്ടോ താരം ഗലേനോയുടെ കിക്ക് ആർസനലിന്റെ സ്പാനിഷ് ഗോളി ഡേവിഡ് റയാ തടുത്തു. വെൻഡലിന്റെ കിക്ക് പോസ്റ്റിൽത്തട്ടി തെറിക്കുകയും ചെയ്തു.
റയൽ മഡ്രിഡ്, ബയൺ മ്യൂണിക്, പിഎസ്ജി, മാഞ്ചസ്റ്റർ സിറ്റി ടീമുകൾ നേരത്തേ ക്വാർട്ടറിലെത്തിയിരുന്നു.