ADVERTISEMENT

കൊച്ചി ∙ വേനൽച്ചൂടിൽ മഴ കാത്തിരുന്ന കൊച്ചിയിൽ ഇന്നലെ രാത്രി പെയ്തതു ഗോൾമഴ! ആ മഴയ്ക്കൊടുവിൽ വീണതു ബ്ലാസ്റ്റേഴ്സിന്റെ കണ്ണീർത്തുള്ളികൾ. ഡിസംബർ 27നു കൊൽക്കത്തയിൽ തങ്ങളെ വീഴ്ത്തിയ കേരള ബ്ലാസ്റ്റേഴ്സിന് അതേ നാണയത്തിൽ ബഗാന്റെ തിരിച്ചടി.

ജയം 4–3ന്. സാദികു (4, 60 മിനിറ്റുകൾ), ദീപക് ടാംഗരി (68), ജയ്സൺ കമ്മിങ്സ് (ഇൻജറി ടൈം) എന്നിവർ ബഗാനു വേണ്ടി സ്കോർ ചെയ്തപ്പോൾ വിബിൻ മോഹനനും (54), ദിമിത്രി ഡയമന്റകോസും ബ്ലാസ്റ്റേഴ്സിനായി (63, ഇൻജറി ടൈം) ഗോൾ കണ്ടെത്തി. ശക്തരായ ബഗാനെതിരെ ബ്ലാസ്റ്റേഴ്സ് വീണതു പൊരുതിക്കളിച്ച്. രണ്ടാം പകുതിയിൽ 2 ഗോളുകൾക്കു വഴിയൊരുക്കിയ ഫിയദോർ ചെർനിച്ചിനെ 71 –ാം മിനിറ്റിൽ പിൻവലിച്ച് ജസ്റ്റിൻ ഇമ്മാനുവലിനെ കളത്തിലിറക്കിയ തീരുമാനവും ഡിഫൻസിലെ പിഴവുകളും തിരിച്ചടിയായി. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം 30ന് ജംഷഡ്പുരിൽ ജംഷഡ്പുർ എഫ്സിക്കെതിരെ. 

  ഒന്നാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സ് ഗോൾ ലക്ഷ്യം വച്ച അർമാൻഡോ സാദികു 4–ാം മിനിറ്റിൽ ലക്ഷ്യം കണ്ടു! അൻവർ അലിയുടെ പാസിൽനിന്ന് സാദികു തൊടുത്ത വലങ്കാൽ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളിന്റെ ഇടതു മൂലയിൽ.  രണ്ടാം പകുതിയിൽ 6 ഗോളുകൾ. ബ്ലാസ്റ്റേഴ്സും ബഗാനും അടിച്ചു കൂട്ടിയതു 3 ഗോൾ വീതം. ടീം വർക്കിന്റെ, കുറിയ പാസുകളുടെ മാജിക്കിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ പിറന്നു. വലതു വിങ്ങിലൂടെ ഓടിക്കയറിയ ഫിയദോർ ചെർനിച്ചിന്റെ ക്രോസ് തട്ടിത്തെറിച്ചു തിരിച്ചെത്തിയതു ചെർനിച്ചിനു തന്നെ. ബഗാൻ ബോക്സിനു തൊട്ടു പുറത്തു ചെർനിച്ച് – രാഹുൽ – വിബിൻ എന്നിവർ പാസുകൾ കൊണ്ടു നെയ്ത് ഒരു മനോഹര ഗോൾ. ഫിനിഷിങ് വിബിൻ മോഹനിലൂടെ.

ലീഗിൽ വിബിന്റെ ആദ്യ ഗോൾ! ആ സന്തോഷം നിലയ്ക്കാൻ വേണ്ടി വന്നതു നിമിഷങ്ങൾ മാത്രം. ബ്ലാസ്റ്റേഴ്സ് ബോക്സിന് അകലെനിന്ന് ബഗാൻ സ്ട്രൈക്കർ ദിമിത്രി പെട്രറ്റോസെടുത്ത കിക്ക് മൻവീർ സിങ് ഹെഡ് ചെയ്തതു സാദികു നെഞ്ചു വിരിച്ചു സ്വീകരിച്ചു. പിന്നെ, ഇടിമിന്നൽ പോലെ പന്തു പായിച്ചതു ബ്ലാസ്റ്റേഴ്സ് വലയിലേക്ക്. ബഗാനു ലീഡ്. തിരിച്ചടി വൈകിയില്ല. ചെർനിച് നൽകിയ ത്രൂ പാസ് സ്വീകരിക്കുമ്പോൾ ഡയമന്റകോസിനൊപ്പം ബഗാൻ ഡിഫൻഡർ അൻവർ അലി മാത്രം. അൻവറിനെ വട്ടം കറക്കി ഇടങ്കാൽ കൊണ്ടു ബഗാൻ ഗോളിലേക്കൊരു ചിപ്പിങ്; വീണ്ടും സമനില! 

ബഗാൻ പക്ഷേ, രണ്ടും കൽപിച്ചായിരുന്നു. വീണ്ടും ആക്രമണം. അവസാനിച്ചതു കോർണർ കിക്കിൽ.  ദീപക് ടാംഗരിയുടെ മിന്നൽ ഹെഡർ! ബഗാൻ മുന്നിൽ: 3 – 2. അതോടെ കളി ബഗാൻ കൊൽക്കത്തയ്ക്കു കൊണ്ടുപോയിരുന്നു. പിന്നെ, ഇരു ടീമും ഓരോ ഗോൾ കൂടി നേടിയെങ്കിലും!

English Summary:

mohun bagan defeated kerala blasters in Football match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com