2002 ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമില്‍ അംഗം, റിവാൾഡോ ഇവിടെയുണ്ട്
Mail This Article
ഭാര്യ എലിസയ്ക്കൊപ്പം വിമാനത്തിലിരിക്കുന്ന ഈ വ്യക്തിയെ ഫുട്ബോൾ ആരാധകർക്കു പരിചയപ്പെടുത്തേണ്ടതില്ല- ബ്രസീലിന്റെ മികച്ച താരങ്ങളിൽ ഒരാളായ റിവാൾഡോ തന്നെ. 2002 ലോകകപ്പ് നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്ന റിവാൾഡോ സ്ട്രൈക്കർ ആയും അറ്റാക്കിങ് മിഡ്ഫീൽഡറായും വിങ്ങറായും ശോഭിച്ച താരമാണ്. ബ്രസീലിനുവേണ്ടി 74 മത്സരങ്ങളിൽ 35 ഗോളുകൾ നേടിയ റിവാൾഡോ 1999ൽ ബലോൻ ദ് ഓർ, ഫിഫ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരങ്ങളും നേടി.
ക്ലബ്ബ് ഫുട്ബോളിൽ ബാർസിലോനയുടെ പ്രധാന താരങ്ങളിൽ ഒരാളായിരുന്ന റിവാൾഡോ ടീമിനൊപ്പം രണ്ട് ലാലിഗ ട്രോഫികൾ നേടി. 2001 ലാലിഗ സീസണിന്റെ അവസാന ദിവസം വലൻസിയയ്ക്കെതിരെ ഉജ്വലമായ ഹാട്രിക്കോടെയാണ് റിവാൾഡോ ബാർസയ്ക്കു ചാംപ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുത്തത്. 89-ാം മിനിറ്റിൽ ഒരു ഓവർ ഹെഡ് കിക്കിലൂടെയാണ് റിവാൾഡോ ഹാട്രിക് തികച്ചത്.
ക്ലബ്ബ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഹാട്രിക്കുകളിൽ ഒന്നായി ഇത് വിശേഷിപ്പിക്കപ്പെടുന്നു. പിന്നീട് ഇറ്റാലിയൻ ക്ലബ് എസി മിലാനൊപ്പവും ചാംപ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി. വിരമിച്ച ശേഷം ഫുട്ബോൾ നിരീക്ഷകനായി തുടരുന്ന റിവാൾഡോ ഈയിടെ റുമാനിയൻ ക്ലബ്ബായ ഫാരുൾ കോൺസ്റ്റന്റയുടെ സഹ ഉടമയായി മാറിയിരുന്നു.