ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നിന്റെ ഉടമ, ഡെനിസ് ബെർഗ്കാംപ് ഇവിടെയുണ്ട്
Mail This Article
ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിലൊന്ന് നേടിയത് ഈ വ്യക്തിയാണ്. നെതർലൻഡ്സിന്റെ ഇതിഹാസ താരമായിരുന്ന ഡെനിസ് ബെർഗ്കാംപ്. 1998 ലോകകപ്പിൽ അർജന്റീനയ്ക്കെതിരെ താൻ നേടിയ ആ ഗോളിന്റെ മാതൃക തന്നെയാണ് അദ്ദേഹത്തിന്റെ കയ്യിൽ.
ക്വാർട്ടർ ഫൈനൽ മത്സരം 1–1 എന്ന നിലയിൽ സമനിലയിൽ ആയിരിക്കെ, 90–ാം മിനിറ്റിൽ ഫ്രാങ്ക് ഡിബോയറുടെ നെടുനീളൻ ഏരിയൽ പാസിനെ ബോക്സിൽ ഒറ്റ ടച്ചിൽ നിയന്ത്രിച്ചെടുത്ത് പുറംകാലു കൊണ്ട് വലയിലേക്കു തൊടുത്താണ് ബെർഗ്കാംപ് ഓറഞ്ച് പടയ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്. ഇംഗ്ലിഷ് ക്ലബ് ആർസനലിനു വേണ്ടിയും ഒട്ടേറെ ഉജ്വലമായ ഗോളുകൾ നേടിയിട്ടുള്ള ബെർഗ്കാംപ് ക്ലബ്ബിനൊപ്പം 3 പ്രിമിയർ ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്.
2003–04 സീസണിലെ ഒരു മത്സരം പോലും തോൽക്കാതെയുള്ള കിരീടനേട്ടവും ഇതിൽ ഉൾപ്പെടുന്നു. അയാക്സ് ആംസ്റ്റർഡാം, ഇന്റർ മിലാൻ ക്ലബ്ബുകൾക്കു വേണ്ടിയും ബൂട്ടണിഞ്ഞ ബെർഗ്കാംപ് വിരമിച്ചതിനു ശേഷം അയാക്സിന്റെ സഹപരിശീലകനുമായി. ബെർഗ്കാംപിനും ഭാര്യ ഹെൻറിറ്റയ്ക്കും 4 മക്കളാണുള്ളത്. അൻപത്തിനാലുകാരനായ ബെർഗ്കാംപ് മറ്റു ചില മുൻതാരങ്ങൾക്കൊപ്പം ഒരു ഇംഗ്ലിഷ് ക്ലബ്ബിനെ ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ ഈയിടെ പുറത്തു വന്നിരുന്നു.