ഐഎസ്എൽ ടീമിനെ പരിശീലിപ്പിച്ച ബ്രസീൽ മുൻ സൂപ്പർ താരം, ലോകകപ്പ് ജയിക്കാൻ സാധിക്കാത്ത സീക്കോ
Mail This Article
വിവാഹവാർഷിക ആഘോഷത്തിൽ വയലിൻ വായിക്കുന്ന ഈ വ്യക്തിയുടെ പേര് അർതർ അന്റ്യൂണസ് കൊയിമ്പ്ര എന്നാണ്. പക്ഷേ മറ്റൊരു പേരിലാണ് ഇദ്ദേഹത്തെ നമ്മളറിയുക– സീക്കോ! ‘വെളുത്ത പെലെ’ എന്ന് അറിയപ്പെട്ടിരുന്ന സീക്കോ ബ്രസീലിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. ബ്രസീലിനു വേണ്ടി 71 മത്സരങ്ങളിൽ നിന്നായി 48 ഗോളുകൾ നേടിയ സീക്കോ ഫ്രീകിക്കുകളിൽനിന്ന് ഗോളുകൾ നേടുന്നതിൽ സമർഥനായിരുന്നു. 1978, 1982, 1986 ലോകകപ്പുകളിൽ ബ്രസീലിനായി കളിച്ച സീക്കോയ്ക്കു പക്ഷേ ലോകകപ്പ് നേടാനുള്ള ഭാഗ്യമുണ്ടായില്ല.
വിരമിച്ച ശേഷം പരിശീലകനായ സീക്കോ ജപ്പാൻ, ഇറാഖ് ദേശീയ ടീമുകളുടെ കോച്ചായിട്ടുണ്ട്. ജപ്പാന് 2004ൽ ഏഷ്യൻ കപ്പ് നേടിക്കൊടുത്ത സീക്കോ തുർക്കി ക്ലബ് ഫെനർബാച്ചെയെ 2008ൽ യുവേഫ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലുമെത്തിച്ചു. ഐഎസ്എൽ ക്ലബ് എഫ്സി ഗോവയുടെ പരിശീലകനെന്ന (2014–16) നിലയിൽ ഇന്ത്യയിലും സുപരിചിതനാണ് അദ്ദേഹം.
എഴുപത്തിയൊന്നുകാരനായ സീക്കോ ഇപ്പോൾ ജപ്പാൻ ക്ലബ് കാഷിമ ആന്റ്‌ലേഴ്സിന്റെ ടെക്നിക്കൽ ഡയറക്ടറാണ്. സീക്കോയുടെയും ഭാര്യ സാന്ദ്ര കാർവാലോയുടെയും 49–ാം വിവാഹവാർഷികം ഈ മാസം അഞ്ചിനായിരുന്നു. മൂന്ന് ആൺമക്കളാണ് ഇരുവർക്കുമുള്ളത്.