പതിനേഴുകാരൻ എൻഡ്രിക്കിന്റെ ഗോളിൽ വെംബ്ലിയിൽ ഇംഗ്ലണ്ടിനെ തോൽപിച്ച് ബ്രസീൽ (1–0)

Mail This Article
ലണ്ടൻ ∙ വെംബ്ലി മൈതാനത്തെ ഈ മത്സരം കണ്ട് ആവേശഭരിതരായത് ബ്രസീൽ ആരാധകർ മാത്രമല്ല; റയൽ മഡ്രിഡ് ആരാധകർ കൂടിയാണ്! ക്ലബ്ബിലേക്കു വരവേൽക്കാൻ അവർ കാത്തുനിൽക്കുന്ന പതിനേഴുകാരൻ എൻഡ്രിക്കിന്റെ കന്നി ഗോളിലാണല്ലോ ഈ ബ്രസീൽ ജയം. വെംബ്ലിയിലെ രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ എൻഡ്രിക്കിന്റെ ഒറ്റഗോളിൽ ഇംഗ്ലണ്ടിനെതിരെ ബ്രസീലിന്റെ ജയം 1–0ന്. ഈ സീസണിനൊടുവിൽ പാൽമിരാസിൽ നിന്ന് റയലിലേക്കു കൂടുമാറാനിരിക്കുകയാണ് ബ്രസീലിയൻ വണ്ടർ കിഡ് എന്നു വാഴ്ത്തപ്പെട്ട എൻഡ്രിക്.
രണ്ടാം പകുതിയിൽ റയൽ താരം റോഡ്രിഗോയ്ക്കു പകരക്കാരനായി ഇറങ്ങി 9 മിനിറ്റിനുള്ളിലാണ് എൻഡ്രിക് ലക്ഷ്യം കണ്ടത്. വിനീസ്യൂസിന്റെ ഷോട്ട് ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്ഫോഡിന്റെ കാലിൽത്തട്ടി തെറിച്ചുവീണത് എൻഡ്രിക്കിന്റെ കാൽക്കൽ. പന്തിനെ അനായാസം ഗോളിലേക്കു തട്ടിയിട്ട് എൻഡ്രിക്ക് ഗോളാഘോഷം തുടങ്ങി. വിഎആർ പരിശോധനയ്ക്കു ശേഷമാണ് റഫറി ഗോൾ അനുവദിച്ചത്. വെംബ്ലിയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷതാരം എന്ന നേട്ടം എൻഡ്രിക്കിനു സ്വന്തമായി.
ശനിയാഴ്ച സൗഹൃദ മത്സരത്തിൽ അർജന്റീന 3–0ന് എൽ സാൽവദോറിനെ തോൽപിച്ചിരുന്നു. ക്രിസ്റ്റ്യൻ റൊമേറോ (16–ാം മിനിറ്റ്), എൻസോ ഫെർണാണ്ടസ് (42), ജിയോവാനി ലോ സെൽസോ (52) എന്നിവരാണ് ഗോൾ നേടിയത്. പരുക്കു മൂലം ലയണൽ മെസ്സി അർജന്റീന നിരയിലുണ്ടായിരുന്നില്ല.
ഫ്രാൻസിനെ വീഴ്ത്തി ജർമനി
ലിയോൺ (ഫ്രാൻസ്) ∙ ജൂണിൽ യൂറോകപ്പിന് ആതിഥ്യമരുളും മുൻപ് പ്രതാപകാലത്തേക്കു തിരിച്ചു വരുന്നതിന്റെ സൂചന നൽകി ജർമനി. രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ, ലോകകപ്പ് റണ്ണർ അപ്പുകളായ ഫ്രാൻസിനെ അവരുടെ മൈതാനത്ത് 2–0നാണ് ജർമനി വീഴ്ത്തിയത്. കളി തുടങ്ങി 7–ാം സെക്കൻഡിൽ തന്നെ ഗോൾ നേടിയ ഫ്ലോറിയൻ വിറ്റ്സ് അതിവേഗ ഗോളിൽ ജർമൻ റെക്കോർഡും കുറിച്ചു. വിരമിക്കലിൽ നിന്നു തിരിച്ചുവന്ന ടോണി ക്രൂസിന്റെ പാസിൽ നിന്നായിരുന്നു വിറ്റ്സിന്റെ ഗോൾ. 49–ാം മിനിറ്റിൽ കായ് ഹാവെർട്സ് രണ്ടാം ഗോൾ നേടി.