ഛേത്രീ, ഒരു ഗോൾ!
Mail This Article
ഗുവാഹത്തി ∙ ഇന്ത്യയ്ക്കു വേണ്ടി രാജ്യാന്തര ഫുട്ബോളിൽ 93 ഗോളുകൾ നേടിയിട്ടുണ്ട് സുനിൽ ഛേത്രി. ആ ഛേത്രിയോട് ഇനിയും ഒരു ഗോളിനു വേണ്ടി അപേക്ഷിക്കുന്നത് നീതികേടാണ്. പക്ഷേ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ അവസ്ഥ ഇപ്പോൾ അതാണ്! ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്നു വീണ്ടും കളത്തിലിറങ്ങുമ്പോൾ ഇന്ത്യ ആദ്യം ആഗ്രഹിക്കുന്നത് ഒരു ഗോളാണ്. കഴിഞ്ഞ 5 മത്സരങ്ങളിൽ ഗോൾ നേടാനാവാത്തതിന്റെ ക്ഷീണം മറികടന്ന് ഇന്നു ജയിച്ചാൽ ഏഷ്യൻ യോഗ്യതാ ചാംപ്യൻഷിപ്പിൽ മൂന്നാം റൗണ്ട് ഇന്ത്യയ്ക്കു സ്വപ്നം കാണാം. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ രാത്രി 7നാണ് മത്സരത്തിനു കിക്കോഫ്. കഴിഞ്ഞയാഴ്ച അഫ്ഗാനോട് ഗോൾരഹിത സമനില വഴങ്ങിയിരുന്നു ഇന്ത്യ.
ഛേത്രി @ 150
150–ാം രാജ്യാന്തര മത്സരത്തിനിറങ്ങുന്ന മുപ്പത്തിയൊൻപതുകാരൻ സുനിൽ ഛേത്രിയുടെ ബൂട്ടുകളിലേക്കു തന്നെയാണ് ഒരു ഗോളിനായി ഇന്ത്യ പ്രധാനമായും ഉറ്റു നോക്കുക. 2005ൽ രാജ്യത്തിനായി അരങ്ങേറിയ ഛേത്രി ഇപ്പോൾ ഗോൾ എണ്ണത്തിൽ ലോക ഫുട്ബോളിലെ സജീവ താരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും (128) ലയണൽ മെസ്സിക്കും (106) പിന്നിലായി മൂന്നാമതുണ്ട് (93). ഇന്ത്യയുടെ 11 കിരീടനേട്ടങ്ങളിൽ ഛേത്രി പങ്കാളിയായി.
ഇന്ത്യ പുറത്തായാൽ രാജി വയ്ക്കും: സ്റ്റിമാച്
ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലെത്താതെ ഇന്ത്യ പുറത്തായാൽ താൻ രാജി വയ്ക്കുമെന്ന് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്. നിലവിൽ ഗ്രൂപ്പ് എയിൽ ഖത്തറിനു പിന്നിലായി രണ്ടാമതാണ് ഇന്ത്യ. എന്നാൽ ഇന്നു ജയിച്ചില്ലെങ്കിൽ ആ സ്ഥാനം ഭീഷണിയിലാകും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർക്കാണ് മൂന്നാം റൗണ്ടിലേക്കും ഒപ്പം അടുത്ത ഏഷ്യൻ കപ്പിലേക്കും യോഗ്യത ലഭിക്കുക.