വന്നു, കണ്ടു ഗോളടിച്ചു! സൗഹൃദ മത്സരത്തിൽ സ്പെയിനെതിരെ ബ്രസീലിന് സമനില

Mail This Article
മഡ്രിഡ് ∙ തന്റെ വാഗ്ദത്ത മൈതാനത്തും ബ്രസീൽ താരം എൻഡ്രിക്കിന് ഉജ്വല അരങ്ങേറ്റം. റയൽ മഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്തിയാഗോ ബെർണബ്യൂവിലെ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബ്രസീൽ സ്പെയിനെതിരെ 3–3 സമനില പാലിച്ചപ്പോൾ ഒരു ഗോൾ നേടിയത് പതിനേഴുകാരൻ എൻഡ്രിക് തന്നെ.
ഈ സീസണൊടുവിൽ ബ്രസീൽ ക്ലബ് പാൽമിരാസ് വിട്ട് റയലിലേക്കു കൂടുമാറുകയാണ് എൻഡ്രിക്. തങ്ങളുടെ ഭാവിതാരത്തിന്റെ മത്സരം കാണാൻ ബെർണബ്യൂവിലേക്ക് ഒഴുകിയെത്തിയ റയൽ ആരാധകരെ സന്തോഷിപ്പിച്ചാണ് 50–ാം മിനിറ്റിൽ എൻഡ്രിക് സ്പെയിൻ വല ചലിപ്പിച്ചത്.
ഗോളും മറുപടി ഗോളുമായി ആവേശകരമായ മത്സരത്തിൽ ഇൻജറി ടൈമിൽ (90+6) കിട്ടിയ പെനൽറ്റിയിലാണ് ബ്രസീൽ സമനില നേടിയെടുത്തത്. കിക്ക് എടുക്കാനായി കാണികൾ ‘എൻഡ്രിക്, എൻഡ്രിക്’ എന്ന് ആർപ്പുവിളിച്ചെങ്കിലും ലൂക്കാസ് പാക്കറ്റയാണ് കിക്കെടുത്ത് ലക്ഷ്യത്തിലെത്തിച്ചത്.
നേരത്തേ 12–ാം മിനിറ്റിൽ പതിനാറുകാരൻ ലാമിൻ യമാൽ നേടിയെടുത്ത പെനൽറ്റിയിലൂടെ സ്പെയിനാണ് ഗോളടി തുടങ്ങിയത്. കിക്ക് എടുത്തത് റോഡ്രി. 36–ാം മിനിറ്റിൽ ഡാനി ഒൽമോയും ഗോൾ നേടിയതോടെ ആദ്യ പകുതിയിൽ സ്പെയിൻ 2–0നു മുന്നിലെത്തി. എന്നാൽ റയൽ താരങ്ങളായ റോഡ്രിഗോയുടെയും (40–ാം മിനിറ്റ്) എൻഡ്രിക്കിന്റെയും ഗോളുകളിൽ ബ്രസീൽ തിരിച്ചടിച്ചു.
കളി സമനിലയിലേക്കെന്ന് ഉറപ്പിച്ചു നിൽക്കവേ 87–ാം മിനിറ്റിൽ സ്പെയിനു വീണ്ടും പെനൽറ്റി. ഇത്തവണയും കിക്കെടുത്ത് ലക്ഷ്യം കണ്ടത് റോഡ്രി തന്നെ. സമനില ഗോളിനായി ഇരമ്പിക്കളിച്ച ബ്രസീലിന് പ്രതിഫലം കിട്ടിയത് കളി തീരാൻ നിമിഷങ്ങൾ ശേഷിക്കെ. മത്സരത്തിൽ വിഎആർ സംവിധാനം ഇല്ലാതിരുന്നതിനാൽ റഫറിയുടെ പല തീരുമാനങ്ങളും തർക്കത്തിനു വഴിവയ്ക്കുകയും ചെയ്തു.