സീസണിലെ അവസാന ഹോം മത്സരവും തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്, ഇരുട്ടടിയായി രണ്ട് റെഡ് കാർഡുകള്
Mail This Article
കൊച്ചി ∙ ഞങ്ങളുടെ പിഴ, ഞങ്ങളുടെ പിഴ, ഞങ്ങളുടെ വലിയ പിഴ എന്നു സ്വയം പഴിക്കാം കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക്! സ്വന്തം മണ്ണിലെ അവസാന ലീഗ് പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനോട് ‘ഇരന്നു’ വാങ്ങിയതു വൻ തോൽവി. റെഡ് കാർഡുകളുടെ ദുർദിനത്തിൽ ബ്ലാസ്റ്റേഴ്സ് കെട്ടടങ്ങിയത് 4–2ന്. 2 റെഡ് കാർഡുകൾ വഴങ്ങിയതും ദിമിത്രി ഡയമന്റകോസിനെയും ഫിയദോർ ചെർനിചിനെയും പരുക്കു മൂലം പിൻവലിക്കേണ്ടിവന്നതും കേരള ടീമിനു വലിയ തിരിച്ചടിയായി.
ബ്ലാസ്റ്റേഴ്സ് താരങ്ങളായ ജീക്സൺ സിങ്ങും നവോച്ച സിങ്ങും ചുവപ്പുകാർഡ് കണ്ട കളിയിൽ ഈസ്റ്റ് ബംഗാളിനായി സോൾ ക്രെസ്പോ (45– ാം മിനിറ്റ് – പെനൽറ്റി, 71), നവോറം മഹേഷ് സിങ് (82, 87) എന്നിവർ സ്കോർ ചെയ്തു. ബ്ലാസ്റ്റേഴ്സിനായി ഫിയദോർ ചെർനിച് (23) ആദ്യഗോൾ നേടി. ഈസ്റ്റ് ബംഗാളിന്റെ ഹിജാസി മാഹെറിന്റെ സെൽഫ് ഗോളായിരുന്നു (84) മറ്റൊന്ന്. തുടർച്ചയായ മൂന്നാം സീസണിലും പ്ലേ ഓഫ് ബെർത്ത് നേടിയതിന്റെ ആഹ്ലാദത്തോടെ കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിനു മുന്നിൽ നിന്ന ശേഷമാണ് അനാവശ്യ പിഴവുകളിലൂടെ തോൽവി ചോദിച്ചു വാങ്ങിയത്. പോയിന്റ് ടേബിളിൽ 5–ാം സ്ഥാനത്തു തുടരുന്ന ടീമിന്റെ അടുത്ത മത്സരം 6 നു ഗുവാഹത്തിയിൽ; എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.
ആദ്യ പ്രഹരം; ജീക്സന്റെ മടക്കം
കൊൽക്കത്തയുടെ തുടർ ആക്രമണങ്ങൾക്കിടെ 23–ാം മിനിറ്റിൽ ഒരു അതിവേഗ കൗണ്ടർ അറ്റാക്കിലൂടെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾപ്പിറവി. വലതു വിങ്ങിൽ കെ.പി.രാഹുൽ ഈസ്റ്റ് ബംഗാൾ പ്രതിരോധം പിളർത്തി നൽകിയ ത്രൂ പാസ്. അതിലേക്കു പറന്നെത്തിയ ചെർനിച്ചിന്റെ കാലിൽ നിന്നു ഗോൾകീപ്പർ പ്രഭ്സുഖൻ സിങ് ഗിൽ പന്തു കുത്തിയകറ്റാൻ ശ്രമിച്ചെങ്കിലും വിഫലമായി. പന്ത് എത്തിപ്പിടിച്ച ചെർനിച് കറങ്ങിത്തിരിഞ്ഞു തൊടുത്തതൊരു മിസൈൽ! വലംകാൽ ഷോട്ട് ഇടിച്ചിറങ്ങിയതു വലയുടെ ഇടതു മൂലയിൽ. 22 മിനിറ്റ് മാത്രമേ ആ സന്തോഷം നീണ്ടുള്ളൂ. രണ്ടാം മഞ്ഞക്കാർഡിലൂടെ ചുവപ്പിന്റെ നിർഭാഗ്യം ഏറ്റുവാങ്ങി ജീക്സൺ സിങ് പുറത്തായത് ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചടികളുടെ തുടക്കമായി. കാർഡ് കാണിക്കാൻ ‘സമയമെടുത്ത’ റഫറി ആർ.വെങ്കിടേഷിന്റെ തീരുമാനം സംശയകരമായിരുന്നെങ്കിലും ജീക്സന്റെ മടക്കം മധ്യനിരയുടെ കരുത്തു ചോർത്തിക്കളഞ്ഞു.
തൊട്ടു പിന്നാലെ ഈസ്റ്റ് ബംഗാളിന്റെ അതിവേഗ ആക്രമണം തടയാൻ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ കരൺജീത്ത് സിങ്ങിന്റെ ഡൈവിങ് ശ്രമം അവസാനിച്ചതു പെനൽറ്റിയിൽ. കിക്കെടുത്ത സ്പാനിഷ് മിഡ്ഫീൽഡർ സോൾ ക്രെസ്പോയ്ക്കു തെല്ലും പിഴച്ചില്ല. സമനിലയുടെ ഹാഫ് ടൈം.
വീണ്ടും റെഡ്, പിഴവുകളും
10 പേരിലേക്കു ചുരുങ്ങിയതിന്റെ ക്ഷീണത്തിലായിരുന്നു രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാൾ ബോക്സ് വരെ കഷ്ടപ്പെട്ടു മുന്നേറിയ ശേഷം അതേ വേഗത്തിൽ ബാക് പാസ് ചെയ്ത ബ്ലാസ്റ്റേഴ്സ് പന്തെത്തിച്ചതു ഗോൾ കീപ്പർ കരൺജീത്തിന്. അദ്ദേഹത്തിന്റെ തണുപ്പൻ പാസ് വേഗത്തിൽ പിടിച്ചെടുക്കാൻ സെന്റർ ബാക്ക് മാർക്കോ ലെസ്കോവിച്ചിനു കഴിഞ്ഞില്ല. പറന്നെത്തിയ മലയാളി താരം സി.കെ.അമൻ നൽകിയ മനോഹരമായ പാസിൽ 71–ാം മിനിറ്റിൽ ക്രെസ്പോയുടെ രണ്ടാം ഗോൾ.
ബ്ലാസ്റ്റേഴ്സ് തിരിച്ചടിക്കു ശ്രമിക്കവേയാണു നവോച്ച സിങ് അമന്റെ പ്രകോപനത്തിൽ കുരുങ്ങി നില വിട്ടത്. അമന്റെ മുഖത്ത് തല കൊണ്ട് ഒരിടി! ബ്ലാസ്റ്റേഴ്സിനു രണ്ടാം ചുവപ്പു കാർഡ്. 9 പേരിലേക്കു ചുരുങ്ങിയതോടെ കൊമ്പൻമാർ തളർന്നു. പിന്നാലെ, ബംഗാളിനായി നവോറം മഹേഷ് സിങ്ങിന്റെ ഗോൾ. നിമിഷങ്ങൾക്കകം ഹിജാസി മാഹെറിന്റെ സെൽഫ് ഗോൾ സമ്മാനം ബ്ലാസ്റ്റേഴ്സിന്. വീണ്ടും നവോറത്തിന്റെ ഗോൾ; അടിക്കടിയുള്ള പ്രഹരത്തിൽ ബ്ലാസ്റ്റേഴ്സ് തീർന്നു!