ADVERTISEMENT

ലണ്ടൻ ∙ യൂറോപ്യൻ ഫുട്ബോളിലെ മുടിചൂടാമന്നന്മാരായിരുന്ന എസി മിലാനും ലിവർപൂളിനും വൻകരയിലെ രണ്ടാം നിര ചാംപ്യൻഷിപ്പിൽ കാലിടറി. യൂറോപ്പ ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ ആദ്യപാദ മത്സരത്തിൽ, ഇംഗ്ലിഷ് ക്ലബ് ലിവർപൂൾ സ്വന്തം ഗ്രൗണ്ടിൽ ഇറ്റാലിയൻ ക്ലബ് അറ്റലാന്റയോടു 3–0 തോൽവി വഴങ്ങി. ഇറ്റാലിയൻ ക്ലബ്ബുകൾ തമ്മിൽ നടന്ന പോരാട്ടത്തിൽ, എസി മിലാൻ സ്വന്തം ഗ്രൗണ്ടിൽ എഎസ് റോമയോട് 1–0നും തോറ്റു. സ്വന്തം മൈതാനത്ത് അറ്റലാന്റയോടു തോറ്റതോടെ ലിവർപൂളിന്റെ യൂറോപ്പ പ്രതീക്ഷകൾ മങ്ങിയതായി കോച്ച് യൂർഗൻ ക്ലോപ്പ് മത്സരശേഷം പറഞ്ഞു.

ഇറ്റാലിയൻ സ്ട്രൈക്കർ ജിയാൻലുക്ക സ്കമാക്കയുടെ 2 ഗോളുകളാണ് ആൻഫീൽഡിൽ ലിവർപൂളിന്റെ പ്രതീക്ഷകൾ തെറ്റിച്ചത്. 38, 60 മിനിറ്റുകളിലായിരുന്നു ഈ ഗോളുകൾ. 83–ാം മിനിറ്റിൽ മാരിയോ പസാലിച്ച് അറ്റലാന്റയുടെ 3–ാം ഗോളും കൂടി നേടിയതോടെ കഥ പൂർണം.

17–ാം മിനിറ്റിൽ പൗലോ ഡിബാലയുടെ കോർണർ കിക്കിനു ഗോളിലേക്കു കൃത്യമായി തല വച്ച ജിയാൻലുക്ക മാൻചീനിയുടെ പിൻപോയിന്റ് ഹെഡറാണ് എസി മിലാനെതിരെ എഎസ് റോമയ്ക്കു വിജയമൊരുക്കിയത്. സാൻസിറോയിൽ വഴങ്ങേണ്ടി വന്ന തോൽവി അടുത്ത പാദത്തിൽ മിലാന്റെയും ശക്തി ചോർത്തും. പോർച്ചുഗീസ് ചാംപ്യൻമാരായ ബെൻഫിക്ക 2–1ന് ഫ്രഞ്ച് ക്ലബ് ഒളിംപിക് മാഴ്സൈയെ തോൽപിച്ചു. റാഫ സിൽവ, ഏയ്ഞ്ചൽ ഡി മരിയ എന്നിവരാണു ഗോളുകൾ നേടിയത്. ബയേർ ലെവർക്യൂസൻ 2–0ന് ഇംഗ്ലിഷ് ക്ലബ് വെസ്റ്റ്ഹാമിനെ തോൽപിച്ചു. 2–ാം പാദ മത്സരങ്ങൾ വ്യാഴാഴ്ച നടക്കും.

English Summary:

Europa League: Defeat for Liverpool and AC Milan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com