ADVERTISEMENT

∙വലിയ ഡെക്കറേഷൻ ഒന്നും ഇല്ലാതെ പറയാം; ‘പിള്ളേരു’ പണി പറ്റിച്ചു! വമ്പൻ താരങ്ങളില്ലാതെ കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ തീർത്തെടുത്തത് 3–1ന്. അവസാന ലീഗ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി മുഹമ്മദ് അയ്മൻ (34 –ാം മിനിറ്റ്), ഡെയ്സൂകി സകായ് (51), നിഹാൽ സുധീഷ് (81) എന്നിവർ ഗോൾ കുറിച്ചപ്പോൾ ഹൈദരാബാദ് എഫ്സിയുടെ ഏക ഗോൾ ബ്രസീലിയൻ താരവും ക്യാപ്റ്റനുമായ ജോവ വിക്ടറിലൂടെ 88 –ാം മിനിറ്റിൽ.

ബ്ലാസ്റ്റേഴ്സ് നിരയിൽ മുഹമ്മദ് അയ്മന്റെ അത്യധ്വാനമായിരുന്നു തുടക്കം മുതൽ. ഒരു ഗോളും ഒരു അസിസ്റ്റും. രണ്ട് അസിസ്റ്റുമായി സൗരവ് മണ്ഡലും ബ്ലാസ്റ്റേഴ്സ് ഗോൾ വലയ്ക്കു മുന്നിൽ ഗോളി ലാറ ശർമയും തിളങ്ങി. വിജയത്തോടെ പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്സ് 5 –ാം സ്ഥാനം ഉറപ്പാക്കി. അവസാന 6 കളികളിൽ ആദ്യ ജയം! ഇനി, പ്ലേ ഓഫിനുള്ള ഒരുക്ക കാലം. ഹൈദരാബാദിനു ലീഗിലെ അവസാന സ്ഥാനക്കാരായി മടക്കം. 

blasters
കേരള ബ്ലാസ്റ്റേഴ്സ് ഗോൾ നേടുന്നതു നിരാശയോടെ നോക്കുന്ന ഹൈദരാബാദ് താരങ്ങൾ. ചിത്രം∙ ഇ.വി. ശ്രീകുമാർ

അത്യധ്വാനമെന്നാൽ അയ്മൻ 

ആദ്യ 15 മിനിറ്റിനു ശേഷം ലാറയെയും ഡ്രിൻസിച് – ലെസ്കോവിച് സെന്റർ ബാക്ക് ദ്വയത്തെയും ബ്ലാസ്റ്റേഴ്സ് കാവൽ ഏൽപിച്ചു. ശേഷിച്ചവരെല്ലാം കൂട്ടത്തോടെ ഹൈദരാബാദ് പോസ്റ്റിലേക്ക്. വൈകാതെ ഫലവും കണ്ടു. വലതു വിങ്ങിലൂടെ പല കാൽ മാറിയെത്തിയ പന്തു അളന്നു മുറിച്ചു സൗരവ് മണ്ഡൽ നൽകിയത് അയ്മന്. മിന്നൽ ഹെഡർ! ഹൈദരാബാദ് ഗോളി ലക്ഷ്മികാന്ത് കട്ടിമണി വലത്തേയ്ക്കൊന്നു ചാടിയെങ്കിലും വെറുതെ; ആദ്യ ബ്ലാസ്റ്റ്! പിന്നെ, എപ്പോൾ വേണമെങ്കിലും ഗോളടിക്കാവുന്ന നിലയിലായിരുന്നു ബ്ലാസ്റ്റേഴ്സ്. രണ്ടാം പകുതിയിലും മുന്നേറ്റം ബ്ലാസ്റ്റേഴ്സ് വക. വലതു വിങ്ങിൽ അയ്മന്റെ മികച്ച ഫുട്വർക്കിലൂടെ ലഭിച്ച പന്തിൽ സൗരവിന്റെ നിലം പതിഞ്ഞൊരു ക്രോസ് ബോക്സിലേക്ക്. ഡെയ്സൂകി സകായുടെ വലങ്കാൽ ഫ്ലിക് വലയിലേക്ക്; രണ്ടാം ബ്ലാസ്റ്റ്! പകരക്കാനായിറങ്ങിയ നിഹാൽ സുധീഷ് വക മൂന്നാം ഗോൾ. അസിസ്റ്റ് അയ്മൻ. ഒരു ഗോളെങ്കിലും മടക്കാനുള്ള ഹൈദരാബാദിന്റെ ശ്രമം ഫലിച്ചതു ടീമിലെ ഏക വിദേശ താരമായ ജോവയിലൂടെ. 

blasters-1
കേരള ബ്ലാസ്റ്റേഴ്സ്– ഹൈദരാബാദ് എഫ്സി മത്സരത്തിൽനിന്ന്

രണ്ടു വശത്തും മലയാളിപ്പട 

കളത്തിൽ ഏറെയും മലയാളികളായിരുന്നു; ഗാലറിയിലും. ഹൈദരാബാദ് നിരയിലായിരുന്നു കൂടുതൽ മലയാളികൾ; 6 പേർ. കേരള നിരയിൽ 4. മുഹമ്മദ് റാഫി, അലക്സ് സജി, പി.എ.അഭിജിത്, ജോസഫ് സണ്ണി, അബ്ദുൽ റബീഹ്, എം.റാഷിദ് എന്നിവരായിരുന്നു ഹൈദരാബാദി മലയാളികൾ. വിബിൻ മോഹനൻ, മുഹമ്മദ് അയ്മൻ – അസ്ഹർ സഹോദരങ്ങളും കെ.പി.രാഹുലും ബ്ലാസ്റ്റേഴ്സ് ടീമിൽ. പകുതിയോളം ഒഴിഞ്ഞ ഗാലറികളിൽ ഏറെയും മഞ്ഞക്കുപ്പായക്കാർ. ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ? അതോ, ഹൈദരാബാദിന്റെയോ? പക്ഷേ, ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഉറപ്പായി; മഞ്ഞയുടെ ആരവത്തിനു മലയാളി സ്വരമായിരുന്നു! 

English Summary:

Kerala Blasters vs Hyderabad FC Football Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com