യുവേഫ ചാംപ്യൻസ് ലീഗ്: സെമി ഫൈനലിൽ ബയേൺ മ്യൂണിക്കും റയൽ മഡ്രിഡും ഏറ്റുമുട്ടും

Mail This Article
മാഞ്ചസ്റ്റർ ∙ എത്തിഹാദ് സ്റ്റേഡിയത്തിൽ വീശിയ ആരാധകക്കൊടുങ്കാറ്റിനെ നിശ്ശബ്ദമാക്കി സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ സെമിഫൈനലിൽ. ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ അവരുടെ തട്ടകത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലാണു റയലിന്റെ വിജയം. ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരം 1–1 സമനിലയായതോടെ ഇരുപാദ സ്കോർ 4–4. തുടർന്നു നടന്ന പെനൽറ്റി ഷൂട്ടൗട്ടിൽ, അതുവരെയുണ്ടായിരുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ സകല മേധാവിത്തങ്ങളെയും കാറ്റിൽ പറത്തി റയൽ 4–3ന് വിജയം പിടിച്ചെടുത്തു. മറ്റൊരു ക്വാർട്ടറിൽ ഇംഗ്ലിഷ് ക്ലബ് ആർസനലിനെ ജർമൻ ക്ലബ് ബയൺ മ്യൂണിക് 1–0ന് തോൽപിച്ചു. ഇരുപാദ സ്കോർ 3–2.
15–ാം യൂറോപ്യൻ കിരീടമെന്ന സ്വപ്നം ഇനി വിദൂരമല്ലെന്ന സന്തോഷവുമായാണ് ഇംഗ്ലണ്ടിൽനിന്നു റയൽ മഡ്രിഡ് മടങ്ങുന്നത്. കളിയുടെ മേൽക്കോയ്മകളിൽ റയലിനെക്കാൾ ഒരുപടി മുന്നിലായിരുന്നു, പെപ് ഗ്വാർഡിയോള പരിശീലിപ്പിച്ച മാഞ്ചസ്റ്റർ സിറ്റി. 12–ാം മിനിറ്റിൽ റോഡ്രിഗോയുടെ ഗോളിൽ റയൽ ലീഡ് നേടിയെങ്കിലും 76–ാം മിനിറ്റിൽ സിറ്റിയുടെ പതിവു രക്ഷകൻ കെവിൻ ഡിബ്രുയ്നെ ഗോൾ നേടി സമനില പിടിച്ചു. എന്നാൽ, ഷൂട്ടൗട്ടിൽ സിറ്റി താരങ്ങളായ ബെർണാഡോ സിൽവയുടെയും മാറ്റിയോ കൊവാച്ചിച്ചിന്റെയും ഷോട്ടുകൾ ഗോളാകാതെ പോയി.
നിർണായകമായ നാലാം കിക്കെടുത്ത റയൽ താരം അന്റോണിയോ റൂഡിഗർ ലക്ഷ്യം കണ്ടതോടെ റയൽ ടീം ആവേശാധിക്യത്താൽ പൊട്ടിത്തെറിച്ചു. മത്സരത്തിനിടെ വിനീസ്യൂസിനു പരുക്കേറ്റതു മാത്രമാണ് റയലിനെ അലട്ടുന്ന ഏകസംഗതി. 63–ാം മിനിറ്റിൽ ജോഷ്വ കിമ്മിച്ച് നേടിയ ഗോളിലാണ് ബയൺ മ്യൂണിക് 1–0ന് ആർസനലിനെ തോൽപിച്ചത്. ആദ്യപാദ ക്വാർട്ടർ 2–2 സമനിലയായിരുന്നു.
സെമിഫൈനൽ
ബയൺ – റയൽ മഡ്രിഡ് പിഎസ്ജി – ഡോർട്മുണ്ട്
ലണ്ടൻ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ സെമിഫൈനലുകളിൽ ജർമൻ ക്ലബ് ബയൺ മ്യൂണിക് സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിനെയും ഫ്രഞ്ച് ക്ലബ് പിഎസ്ജി ജർമനിയിൽനിന്നുള്ള ബൊറൂസിയ ഡോർട്മുണ്ടിനെയും നേരിടും. ആദ്യപാദ മത്സരങ്ങൾ ഏപ്രിൽ 30, മേയ് 1 തീയതികളിലും രണ്ടാം പാദം മേയ് 7,8 തീയതികളിലും നടക്കും.