ADVERTISEMENT

കൊച്ചി∙ രണ്ടാം പകുതി ഇഴയുന്നൊരു ബ്ലോക്ബസ്റ്റർ ചിത്രത്തിനു സമാനമായ കാഴ്ചയായിരുന്നു ഐഎസ്എൽ പത്താം സീസണിലെ കേരള ബ്ലാസ്റ്റേഴ്സ്. ലീഗിന്റെ ആദ്യ പകുതിയിൽ ആരാധകർക്ക് ആവേശം സമ്മാനിച്ച ബ്ലാസ്റ്റേഴ്സ് ഇടവേളയ്ക്കു ശേഷം ആകെ ശോകമായി. സീസണിലുടനീളം വില്ലൻ സാന്നിധ്യമായി നിറഞ്ഞ പരുക്കിന്റെ ‘പ്രകടന’ത്തിലാണു ടീമിന്റെ കണക്കുകൂട്ടലുകൾ തെറ്റിയത്. കൂട്ടപ്പരുക്കിന്റെ തീക്കടലും പുതിയ താരപ്പിറവികളുടെ തിരുമധുരവും കണ്ട ബ്ലാസ്റ്റേഴ്സിന്റെ യാത്ര പ്ലേഓഫിൽ അവസാനിക്കുമ്പോൾ സമ്മിശ്രമാകും ആരാധകരുടെയും വികാരങ്ങൾ. പ്ലേഓഫിൽ ഒഡീഷ എഫ്സിയോടാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്.

പരുക്കിന്റെ വിളയാട്ടം

ഓരോ മത്സരത്തിനു മുൻപായും കളിക്കാൻ ആരെല്ലാമാണ് ഫിറ്റ്, എന്ന അന്വേഷണമായിരുന്നു ഇത്തവണ ടീം ക്യാംപിൽ. സീസണിലെ ആദ്യ സൈനിങ് ആയ ഓസ്ട്രേലിയൻ സ്ട്രൈക്കർ ജോഷ്വ സൊത്തീരിയോ ലീഗ് തുടങ്ങുംമുൻപേ പരുക്കേറ്റു മടങ്ങിയതാണ് ആദ്യ ആഘാതം. മുഖ്യ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസിന്റെയും പ്രതിരോധതാരം മാർക്കോ ലെസ്കോവിച്ചിന്റെയും അഭാവത്തിൽ ഐഎസ്എൽ തുടങ്ങിയ ടീമിനു ക്യാപ്റ്റൻ അഡ്രിയൻ ലൂണ, സ്ട്രൈക്കർ ക്വാമി പെപ്ര, ഗോളി സച്ചിൻ സുരേഷ്, വിങ് ബാക്ക് ഐബൻ ദോലിങ് എന്നിവരെ പരുക്കു മൂലം പൂർണമായും നഷ്ടമായി. ഇന്ത്യൻ താരങ്ങളായ ജീക്സൺ സിങ്ങും വിബിൻ മോഹനനും ഫ്രെഡ്ഡിയും നൈജീരിയൻ താരം ജസ്റ്റിൻ ഇമ്മാനുവലുമെല്ലാം പരുക്കിന്റെ പിടിയിലായതോടെ പലവട്ടം ഫോർമേഷനിൽ പരീക്ഷണത്തിനു നിർബന്ധിതരായ ബ്ലാസ്റ്റേഴ്സിനെ പ്ലേഓഫിലും വേട്ടയാടിയാണു പരുക്ക് (ഗോളി ലാറ ശർമ) മടങ്ങുന്നത്.

kbfc-1
മത്സരത്തിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ. ചിത്രം∙ റിജോ ജോസഫ്, മനോരമ

പ്രതീക്ഷയുടെ കളിയാട്ടം

പരുക്കിന്റെ തുടരാക്രമണം പടയോട്ടത്തെ ബാധിച്ചെങ്കിലും പടയിൽ പ്രതീക്ഷയുടെ മിന്നൽപിണറുകൾ കണ്ടാണു ബ്ലാസ്റ്റേഴ്സിന്റെ മടക്കം. കിരീടത്തിളക്കം വീണ്ടും അകന്നുവെങ്കിലും യുവതാര പ്രോത്സാഹനമെന്ന ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം നിറവേറ്റിയാണു സീസണിന്റെ ലോങ് വിസിൽ. യുവനക്ഷത്രങ്ങളിൽ തിളങ്ങുന്നതേറെയും മലയാളി മുഖങ്ങള്‍. അരങ്ങേറ്റ സീസൺ കളിച്ച ഗോളി സച്ചിനും മധ്യനിരയിലെ മുഹമ്മദ് അയ്മൻ – അസ്ഹർ ജോടിയും മധ്യം നയിക്കാൻ കെൽപുണ്ടെന്നു തെളിയിച്ച വിബിൻ മോഹനനും ടീം ഇന്ത്യയിലേക്കുള്ള ബ്ലാസ്റ്റേഴ്സിന്റെ എൻട്രികളെന്നു വിളിച്ചോതുന്നുണ്ട് സൂപ്പർ ലീഗിന്റെ പത്താം പതിപ്പ്.

കളത്തിലെ ‘പരുക്കിടം’

എന്തുകൊണ്ട് ബ്ലാസ്റ്റേഴ്സ് നിറം മങ്ങിയെന്ന ചോദ്യത്തിനു പരുക്കിനപ്പുറമൊരു ഉത്തരം തേടിയാൽ അതു പ്രതിരോധത്തിലെത്തും. ഗോൾ കണ്ടെത്തുന്നതിൽ പതിവിലും വീര്യം നിറച്ചിട്ടും പ്ലേഓഫിൽ ഉൾപ്പെടെ ടീം വീണതു പ്രതിരോധപ്പിഴവിലാണ്. ഇക്കുറി ടീമൊരുക്കത്തിൽ ഏറെ ശ്രദ്ധ വച്ച ഇടമായിട്ടും ആടിയുലയുന്ന ഒന്നായി മാറി പ്രതിരോധം. പ്രീതം കോട്ടലും പ്രബീർ ദാസുമുൾപ്പെടെയുള്ള പരിചയസമ്പന്നർ പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോയതും 3 ഗോൾകീപ്പർമാരെ പരീക്ഷിക്കേണ്ടിവന്നതും പിൻനിരയിലെ കെട്ടുറപ്പിനെ ബാധിച്ചു. പരുക്കിന്റെ നിഴലിൽ കളിച്ച ലെസ്കോവിച്ചിന്റെ നിറം മങ്ങലും തിരിച്ചടിയായി. സൂപ്പർ കപ്പിലേത് ഉൾപ്പെടെ നിരന്തര യാത്രകളുടെ അധികഭാരവും കൂടിയായതോടെയാണു പ്രതിരോധം പൊളിഞ്ഞത്.

kbfc-4
മത്സരത്തിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ. ചിത്രം∙ റിജോ ജോസഫ്, മനോരമ
English Summary:

Kerala Blasters team performance in ISL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com