ADVERTISEMENT

ബ്രൈട്ടൻ ∙ ചാംപ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിൽ അടിതെറ്റിയെങ്കിലും ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ കിരീടം വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി. യുവതാരം ഫിൽ ഫോഡന്റെ ഇരട്ട ഗോൾ മികവിൽ ബ്രൈട്ടനെ 4–0ന് തകർത്ത സിറ്റി, 33 മത്സരങ്ങളിൽ നിന്ന് 76 പോയിന്റുമായി രണ്ടാമതാണ്. ഒരു മത്സരം അധികം കളിച്ച ആർസനൽ 77 പോയിന്റുമായി ഒന്നാമതും ലിവർപൂൾ 74 പോയിന്റുമായി മൂന്നാമതുമുണ്ട്. തോൽവിയറിയാതെ സിറ്റിയുടെ 18–ാം ലീഗ് മത്സരമായിരുന്നു ഇത്.

ബ്രൈട്ടന്റെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ 17–ാം മിനിറ്റിൽ മിഡ്ഫീൽഡ് ജനറൽ കെവിൻ ഡിബ്രുയ്നെയിലൂടെയാണ് സിറ്റി ആദ്യ വെടി പൊട്ടിച്ചത്. ഇടതു വിങ്ങിൽ നിന്ന് ബോക്സിനകത്തേക്ക് പറന്നിറങ്ങിയ പന്ത്, ഒരു ഡൈവിങ് ഹെഡറിലൂടെ ഡിബ്രുയ്നെ വലയിലെത്തിച്ചു. ആദ്യ ഗോളിന്റെ ക്ഷീണം മാറുന്നതിനു മുൻപ് ഫിൽ ഫോഡനിലൂടെ സിറ്റി ലീഡ് 2–0 ആയി ഉയർത്തി. 

ബോക്സിനു തൊട്ടുപുറത്തുനിന്നു ലഭിച്ച ഫ്രീകിക്ക്, ഫോഡൻ (26–ാം മിനിറ്റ്) കൃത്യമായി വലയിൽ എത്തിക്കുകയായിരുന്നു. ബ്രൈട്ടൻ ഡിഫൻഡർമാർ വരുത്തിയ പിഴവു മുതലെടുത്ത് 8 മിനിറ്റിനുള്ളിൽ ഫോഡൻ തന്റെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ യൂലിയൻ അൽവാരസിലൂടെയായിരുന്നു (64) സിറ്റിയുടെ നാലാം ഗോൾ. 

സിറ്റി ഗോളി എഡേഴ്സൻ നീട്ടിനൽകിയ ബോളുമായി വലതുവിങ്ങിലൂടെ ഓടിക്കയറിയ കൈൽ വാക്കർ നൽകിയ ത്രൂ പാസ് പോസ്റ്റിൽ എത്തിക്കുന്ന ചുമതല മാത്രമേ അൽവാരസിന് ഉണ്ടായിരുന്നുള്ളൂ.

English Summary:

Manchester City beat Brighton

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com