ADVERTISEMENT

‘‘കേറിവാടാ മക്കളേ...’’അഞ്ഞൂറാന്റെ ഈ ഡയലോഗ് 20 വർഷത്തിനുശേഷം വീണ്ടുമെടുത്തു റിലീസ് ചെയ്തതു സിദ്ദിഖ്–ലാൽ അല്ല. സെർബിയക്കാരൻ ഇവാൻ വുക്കൊമനോവിച് ആയിരുന്നു. 2021 മാർച്ചിലായിരുന്നു അഞ്ഞൂറാൻ ഡയലോഗിന്റെ രണ്ടാമത്തെ റിലീസ്. ഐഎസ്എൽ 8–ാം സീസണിന്റെ ഫൈനൽ മഡ്ഗാവിലെ ഫറ്റോർദ നെഹ്റു സ്റ്റേഡിയത്തിൽ. 2 സീസൺ അടച്ചിട്ട സ്റ്റേഡിയത്തിൽനിന്നു പുറത്തുവന്ന ലീഗ് ഒടുവിൽ കാണികൾക്കായി വാതിലുകൾ തുറന്ന നാൾ.

കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകൻ ഇവാൻ വുക്കൊമനോവിച് ഗോവയിലിരുന്ന് ആരാധകരോടു പച്ചമലയാളത്തിൽ പറഞ്ഞു: ‘‘കേറിവാടാ മക്കളേ..’’ മലയാളികളുള്ള നാട്ടിലെങ്ങും വിഡിയോ വഴി അതു പാട്ടായി. കേട്ടപാതി കേൾക്കാത്തപാതി മലയാളികൾ കേരളത്തിൽനിന്നും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽനിന്നും വണ്ടി കേറി.

‘‘വീ ലൗവ് യൂ ആശാനേ... യൂ ആർ സോ പ്രഷ്യസ്...’’

കേരളത്തിൽനിന്നൊരു ആരാധിക ഇവാൻ വുക്കൊമനോവിച്ചിനു 2022 ജൂൺ 19നു സമൂഹ മാധ്യമത്തിലൂടെ അയച്ച ജന്മദിന സന്ദേശമാണിത്. ആയിരക്കണക്കിനു സ്നേഹാശംസകൾ ലോകമെമ്പാടുമുള്ള മലയാളികളിൽനിന്നു ലഭിച്ചപ്പോൾ ഇവാൻ മറുപടിയെഴുതി.

‘‘ഡിയർ കേരള, നിങ്ങളുടെ വീട് എനിക്കായി തുറന്നു തന്നതിനു നന്ദി. ഇന്ന്, നിങ്ങളുടെയെല്ലാവരുടെയും സന്ദേശങ്ങൾ എന്റെ ഹൃദയം നിറയ്ക്കുന്നു. എക്കാലവും നന്ദിയുള്ളവനായിരിക്കും. ഐ ലൗവ് യൂ ഓൾ!’ബൽജിയത്തിലെ ആന്റ്‌വെർപിലെ വീട്ടിലായിരുന്നു ജന്മദിനാഘോഷം, പിന്നെ കേരളത്തിലെ ആരാധക ഹൃദയങ്ങളിലും.

ഇവാൻ വുക്കോമനോവിച്ച് (Photo courtesy: Twitter)
ഇവാൻ വുക്കോമനോവിച്ച് (Photo courtesy: Twitter)

‘‘അച്ഛാ ഐ ലൗവ് ഹിം....’’

ബെംഗളൂരുവിൽ ജോലി ചെയ്യുന്ന 24 വയസ്സുള്ള മകളുടെ വാട്സാപ് മെസേജ് കണ്ടു കൊച്ചിയിലുള്ള അച്ഛൻ ആദ്യമൊന്നു പതറി. പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം അവൾക്കു വിട്ടുകൊടുത്തിട്ടുണ്ട്. പക്ഷേ ഈ ‘ഹിം’... അതാര്? അടുത്ത മെസേജ് ‘ഇവാൻ വുക്കൊമനോവിച് പാർട്ടഡ് വേയ്സ് വിത് കേരള ബ്ലാസ്റ്റേഴ്സ്’ എന്ന ന്യൂസ് ക്ലിപ് ആയിരുന്നു. അപ്പോൾ അച്ഛൻ മറുപടി നൽകി: ‘‘ഐ റ്റൂ ലവ് ഹിം...’’ ഇവാനോടുള്ള സ്നേഹം പങ്കുവച്ച് കുടുംബങ്ങളും സുഹൃദ്‌വലയങ്ങളും ഫുട്ബോൾ ഗ്രൂപ്പുകളും പരസ്പരം മെസേജുകളയക്കുന്ന ദിനരാത്രങ്ങളാണു കടന്നുപോകുന്നത്. എല്ലാ മെസേജിലും ഇവാനോടുള്ള സ്നേഹവും അതിന്റെ വക്കുകളിൽ പൊടിഞ്ഞുനിൽക്കുന്ന വേദനയുമുണ്ട്. അതേ, ഈ കടന്നുപോകലിൽ മലയാളികൾ നോവനുഭവിക്കുന്നു.

‘നിങ്ങൾ ഒരു ഫുട്ബോൾ ക്ലബ്ബിനെ ഇഷ്ടപ്പെടുന്നതു വിജയങ്ങളും കിരീടങ്ങളും കൊണ്ടുമാത്രമല്ല, നിങ്ങളെത്തന്നെ അതിൽ കാണുന്നതു കൊണ്ടാണ്’ എന്നു പറഞ്ഞതു മുൻ നെതർലൻഡ്സ് ഫുട്ബോൾ താരം ഡെനിസ് ബെർഗ്കാംപാണ്. കേരളത്തിലെ ഫുട്ബോൾ ആരാധകർ ഈ വാക്കുകളുടെ പൊരുൾ അറിയുകയും അനുഭവിക്കുകയും ചെയ്ത സീസണുകളാണു കടന്നുപോയത്. രണ്ടുവർഷം നീണ്ട കോവിഡ് തളർച്ചയിൽനിന്നു നമ്മുടെ നാടും നഗരവും ആവേശത്തിലേക്കുണരാൻ ഇന്ത്യൻ സൂപ്പർ ലീഗും കേരള ബ്ലാസ്റ്റേഴ്സും കാരണമായി. മലയാളി ഫുട്ബോൾ ആരാധകർ ബ്ലാസ്റ്റേഴ്സിൽ കാണുന്നത് അവരുടെതന്നെ ആത്മാംശമായാണ്. 

ഇവാൻ
ഇവാൻ

ഇവാൻ എന്ന കോച്ചിനു കീഴിൽ െഎഎസ്എൽ കിരീടപ്പോരാട്ടത്തിന്റെ അവസാനപടിയിൽ ബ്ലാസ്റ്റേഴ്സ് വീണുപോയെങ്കിലും ആ പ്രണയം അവസാനിച്ചില്ല; ആ ടീം കേരള ഫുട്ബോളിനു പകർന്ന ആവേശം അവസാനിക്കുന്നില്ല. രാജ്യാതിർത്തികൾവരെ അപ്രസക്തമാകുന്ന ക്ലബ് ഫുട്ബോളിൽ കേരള ബ്രാൻഡിന്റെ വിളംബരം കൂടിയാണ് ഇവാന്റെ കീഴിൽ ബ്ലാസ്റ്റേഴ്സ് നടത്തിയത്. ഇതിനെല്ലാം തെളിവാണ് അർജന്റീന പോലുള്ള രാജ്യങ്ങളിൽനിന്നുപോലും മഞ്ഞപ്പടയിൽ അംഗങ്ങളുണ്ടാകുന്നത്.

എന്താണ് ഇവാനിസം?

കാൽപന്തുകളിയുടെ ആകൃതിയെന്താണ്? ദീർഘചതുരത്തിലുള്ള കളിക്കളമാണോ? ഭൂഗോളം പോലെയെന്നു പറയാവുന്ന പന്താണോ? അതോ ട്രോഫികളോ? ഫുട്ബോൾ എന്നാൽ ട്രോഫികളെന്നു പറയുന്നവരോടു മലയാളി പറയും; ‘‘കടക്കു പുറത്ത്...’’ ഫുട്ബോൾ ഒരു വികാരമാണ്. വായുനിറച്ച പന്തിലുള്ളത് ആരാധകരുടെ ജീവശ്വാസമാണ്. അതുകൊണ്ടാണ് വർഷങ്ങളായി ലോകകപ്പ് നേടാതെ വിയർത്ത അർജന്റീനയെ ഇക്കാലമത്രയും സ്നേഹിച്ചത്. ഇപ്പോഴും നെഞ്ചിലേറ്റുന്നത്. 2002നുശേഷം ലോകകപ്പിൽ മുത്തമിടാതെ കറങ്ങി നടക്കുന്ന ബ്രസീലിനെ സ്നേഹിക്കുന്നത്. ഒരിക്കലും ലോകകപ്പ് നേടാത്ത ഹോളണ്ടിനെയും ബൽജിയത്തെയും തോളിലേറ്റുന്നത്.

ട്രോഫികൾ വിജയമളക്കാനും ഷെൽഫിൽ സൂക്ഷിച്ചു വമ്പുപറയാനുമുള്ള ഉപാധികളാണ്. പാശ്ചാത്യർ ‘മാനേജർ’ എന്നുവിളിക്കുന്ന പരിശീലകന്റെ തൊപ്പിയിലെ തൂവലുകളുമാണവ. വിജയം എന്നതു ചില ചോദ്യങ്ങൾക്കുള്ള ടിപ്പിക്കൽ മറുപടികളും അടയാളങ്ങളുമാണ്. കളിയോടുള്ള സ്നേഹമളക്കാൻ ആ ഉത്തരങ്ങൾക്കാവില്ല. കളിക്കാരെക്കാളേറെ താരാരാധന നേടിയെടുക്കാൻ പലപ്പോഴും പരിശീലകർക്കു കഴിയാറില്ല. കാരണം, അവർ പലപ്പോഴും കളത്തിനുപുറത്താണ്. 90 മിനിറ്റിൽ പ്രത്യേകിച്ചും. അണിയറയിലെ ആശാന്മാരാണവർ. പക്ഷേ അവരിൽ ചിലർ കളിക്കാരിലേക്ക് ഉത്തേജനവും വീര്യവും കുത്തിവയ്ക്കുന്നതുപോലെതന്നെ ആരാധകരിലേക്ക് ആത്മാവും അതുവഴി ജീവനും ഒഴുക്കിവിടും. അതോടെ ചത്തുകിടന്ന ആരാധക ഹൃദയങ്ങൾ മിടിക്കുകയായി.

നാം സ്നേഹിക്കുന്ന ഫുട്ബോളിൽ നമ്മൾ, മലയാളികൾ പ്രത്യേകിച്ചൊരു ഇടമില്ലാതെ ഉഴറിനടക്കുകയായിരുന്നു. ആ നമുക്കാണ് ഇവാൻ ആത്മാവും ജീവന്റെ വായുവും ഊതിത്തന്നത്. അതോടെ നമ്മളുണർന്നു. നമ്മുടെ സിരകളിൽ ചോരയ്ക്കു തീപിടിക്കുന്ന അവസ്ഥയുണ്ടായി. കലൂർ സ്റ്റേഡിയത്തിൽ തീപിടിച്ച സിരകളുമായി ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കണ്ടുകണ്ടിരുന്നവർക്കറിയാം. സ്റ്റേഡിയത്തിലേക്കു വരാത്തവരോട് ഇക്കാര്യം പറഞ്ഞിട്ടു കാര്യവുമില്ല. ഇവാൻ ഒരിക്കൽ പറഞ്ഞു: ‘‘പരിശീലകന്റേത് പ്രവചനത്തിനും അപ്പുറത്തുള്ള ജോലിയാണ്. അടുത്ത നിമിഷം എന്തു സംഭവിക്കും എന്നു പറയാനാവില്ല. വാക്കും വാഗ്ദാനങ്ങളും ബുദ്ധിമുട്ടാണ്. എങ്കിലും ഞാൻ വാഗ്ദാനം ചെയ്യുന്നു. ടീമിനെ ശക്തമാക്കും.’’ കിട്ടിയ കളിക്കാരെവച്ച് തന്നാലാവുംവിധം, ഇവാൻ ടീമിനെ ശക്തമാക്കി.

കപ്പടിച്ചില്ലെങ്കിലും ഇവാൻ ബെസ്റ്റ് തന്നെ എന്ന് ആരാധകർ വിശ്വസിക്കുന്നു. എന്താണതിനു പിന്നിൽ? ചില ഘടകങ്ങൾ മാത്രം പറയാം:

∙തികഞ്ഞ ഫുട്ബോൾ വ്യക്തിത്വം. അതിൽ അവ്യക്തമുഖങ്ങളില്ല. ഇവാൻ എന്ന കോച്ചിന്റെ വ്യക്തിത്വം ‘ക്ലിയർ’ ആണ്. ഫിലോസഫി വ്യക്തമാണ്.

∙ആകർഷമായ ഫുട്ബോൾ ശൈലി. ഇവാൻ പഠിപ്പിച്ച ശൈലി ആകർഷകമല്ലെന്ന് ആരെങ്കിലും പറയുമോ? ഹൈപ്രസിങ്, അറ്റാക്കിങ് പ്ലേ. അതുസാധ്യമാവാതെ വന്നത് കളിക്കാരുടെ പരുക്കും അതുമൂലം ലൈനപ്പിലുണ്ടായ ഉലച്ചിലുകളുമാണ്. തിരിച്ചടികളിൽനിന്നു കരകയറാനുള്ള മോട്ടിവേഷൻ നൽകുന്നതിലും ഇവാൻ മികച്ചുനിന്നു.

∙യുവകളിക്കാരെ പ്രോത്സാഹിപ്പിക്കുന്ന മനോഭാവം. സച്ചിൻ സുരേഷ്, ഐമൻ–അസഹ്ർ സഹോദരങ്ങൾ, വിബിൻ മോഹനൻ, സൗരവ് മണ്ഡൽ, നവോച്ച, നിഹാൽ സുധീഷ്. ഇവരെ മുൻനിരയിലേക്കു കൈപിടിച്ചുയർത്തിയതുവഴി ഇവാൻ ആകർഷിക്കുന്നതു കേരളമെങ്ങുമുള്ള കുരുന്നു ഫുട്ബോളർമാരെയും അവരുടെ കുടുംബങ്ങളെയുമാണ്. ഫുട്ബോൾ ഒരു പ്രഫഷനായി സ്വീകരിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ആത്മവിശ്വാസമേകുന്നതാണ് ഇവാൻ പകർന്ന സന്ദേശം.

∙ട്രാക്ക് റെക്കോർഡ്. ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽകാലം പരിശീലക പദവി. ഏറ്റവും കൂടുതൽ വിജയങ്ങൾ. ഏറ്റവുമധികം പ്ലേഓഫ് മത്സരങ്ങൾ.

∙സാധാരണക്കാരായ ആരാധകരുമായി വിനയത്തോടെ ഇടപഴകാനുള്ള മനസ്സ്. ഫുട്ബോൾ അധികാരികൾക്കു മുൻപിൽ നട്ടെല്ലുവളയ്ക്കാതെ നിവർന്നുനിന്ന് കൃത്യമായ ഭാഷയിൽ നിലപാടുകൾ അറിയിക്കാനുള്ള മനക്കട്ടി. രണ്ടും വിരുദ്ധധ്രുവങ്ങളിലുള്ള സ്വഭാവ സവിശേഷതകൾ. രണ്ടിനും ഇവാനോടു കായിക കേരളം കടപ്പെട്ടിരിക്കുന്നു.

ബ്ലാസ്റ്റേഴ്സ് താരങ്ങളായ ലെസ്കോവിച്, അഡ്രിയൻ ലൂണ, മിലോസ് ഡ്രിൻസിച് എന്നിവർ പ്ലേഓഫ് മത്സരശേഷം.
ബ്ലാസ്റ്റേഴ്സ് താരങ്ങളായ ലെസ്കോവിച്, അഡ്രിയൻ ലൂണ, മിലോസ് ഡ്രിൻസിച് എന്നിവർ പ്ലേഓഫ് മത്സരശേഷം.

ഒടുവിൽ ആ നിമിഷം വന്നിരിക്കുന്നു. മടങ്ങാനുള്ള സമയം. ഇവാൻ അതിനെ നേരിട്ടുകഴിഞ്ഞു. നമ്മൾ, ആരാധകരാണതിനോടു പൊരുത്തപ്പെടാനുള്ളത്. ഫുട്ബോൾ കോച്ചിന്റെ ജീവിതം വിജയങ്ങളുടേതു മാത്രമല്ല, പുറത്താകലുകളുടേതുമാണ്. 2022–23 സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പണി നഷ്ടമായതു 13 പരിശീലകർക്കാണ്. കളിക്കളത്തിൽ കാൽപന്തുകളി വരച്ചിടുന്നത് ആവേശകരമായ ദൃശ്യമാണ്. ആ വെള്ളിവെളിച്ചത്തിൽനിന്നു മാറിച്ചിന്തിക്കുമ്പോൾ പന്തുകളിയുടെ മറ്റുചില വിശങ്ങൾ മ്ലാനമാണ്, മങ്ങിയതാണ്. ഇന്ത്യൻ ഫുട്ബോളെന്തേ ജനസംഖ്യയ്ക്കൊത്തു വളരുന്നില്ല? ഐഎസ്എലിൽ എന്തേ ‘വിഎആർ’ വരുന്നില്ല? ചോദ്യങ്ങൾക്കുത്തരം മൗനവും മ്ലാനവുമാണ്. അത്തരം ചിന്തകൾക്കു തീപിടിപ്പിച്ചാണ് ഇവാന്റെ മടക്കം. 

പരിശീലകർക്ക് ഇന്ത്യൻ ഫുട്ബോൾ ചെവികൊടുക്കുന്നുണ്ടോ? ഗൗരവമായി കേൾക്കുന്നുണ്ടോ? ഇല്ലെങ്കിൽ, കേൾക്കണമെന്ന നിർദേശം അമിട്ടുപൊട്ടുന്ന ഉച്ചത്തിൽ പറഞ്ഞാണ് ഇവാന്റെ മടക്കം. സ്വപ്നങ്ങൾ സമ്മാനിച്ചാണ് ഇവാന്റെ മടക്കം. തൊപ്പിയിൽ തൂവൽ ചൂടാതെയാണ് ഇവാന്റെ മടക്കം. വെള്ളഷർട്ടാണ് ഇഷ്ടമെങ്കിലും മനസ്സിൽ മഞ്ഞയണിഞ്ഞാണ് ഇവാന്റെ മടക്കം. യൂറോപ്യൻ ഫുട്ബോളിന്റെ പലമുഖങ്ങൾ, കളിക്കാരനായും പരിശീലകനായും കണ്ടയാളാണ് ഇവാൻ. ‘ഇമോഷൻസ്’ അടക്കിവയ്ക്കാൻ അദ്ദേഹത്തിനറിയാം. പക്ഷേ കേരള ഫുട്ബോൾ ഒരൊറ്റ ഇവാനെ മാത്രമേ കണ്ടിട്ടുള്ളൂ. അതുകൊണ്ടുതന്നെ കേരളത്തിലെ ആരാധകർ ഈ വേളയിൽ‌ ഇമോഷനലാണ്. അതേ, ഇവാന്റെ മടക്കം ഇമോഷനലാണ്. കാരണം, ഇവാൻ എന്നാൽ ഇമോഷനാണ്.

English Summary:

Looking back at Ivan Vukomanovic's time at Kerala Blasters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com