ഫോർ എവർ യുവേഴ്സ്... : ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇവാന്റെ വൈകാരിക കുറിപ്പ്
Mail This Article
കൊച്ചി ∙ അത്രമേൽ സ്നേഹിക്കുന്ന ആരാധകർക്കൊരു വിട വാങ്ങൽ കുറിപ്പ് എഴുതാതിരിക്കാൻ ആകുമായിരുന്നില്ല, ആ സെർബിയക്കാരന്! അതിനു പക്ഷേ, വേണ്ടിവന്നത് ഒന്നോ രണ്ടോ ഐഎസ്എൽ മത്സരങ്ങളുടെ ഇടവേള. ഹൃദയം നോവിച്ചൊരു വിടവാങ്ങൽ ആയിരുന്നു എന്നതിനു മറ്റെന്തു സാക്ഷ്യം വേണം! ഏപ്രിൽ 26 നാണു ഇവാൻ വുക്കോമനോവിച് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനം ഉഭയ സമ്മതത്തോടെ ഒഴിയുകയാണെന്നു ടീം മാനേജ്മെന്റ് പ്രഖ്യാപിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ലക്ഷക്കണക്കിന് ആരാധക ഹൃദയങ്ങളെ ആ അപ്രതീക്ഷിത വിട പറയൽ വല്ലാതെ വേദനിപ്പിച്ചെങ്കിലും ഇവാൻ നിശ്ശബ്ദനായിരുന്നു; ഇന്നലെ വരെ.
അദ്ദേഹം ഇന്നലെ സമൂഹ മാധ്യമത്തിൽ കുറിച്ചതു കണ്ണു നനയ്ക്കുന്ന, അതീവ വികാരനിർഭരമായ കുറിപ്പ്. കേരളത്തോട്, ബ്ലാസ്റ്റേഴ്സ് ആരാധകരോട്, കളിക്കാരോട് അടങ്ങാത്ത സ്നേഹം തുളുമ്പുന്ന ദീർഘമായ കുറിപ്പ്. ‘‘ കണ്ണു നിറയാതെ, വൈകാരികമായല്ലാതെ ഈ കുറിപ്പെഴുതുക വളരെയധികം കഠിനമാണ്. ദ് ഫാൻസ്.. നിങ്ങളെ പോലെ ഈ ലോകത്ത് മറ്റാരുമില്ല. മഞ്ഞക്കടലിന്റെ ആർപ്പു വിളികൾക്കു നടുവിൽ നിങ്ങളുടെ ശബ്ദം, പ്രതിധ്വനി, കൂട്ടായ്മയുടെ ശക്തി, ആത്മാർഥത, സ്നേഹം എന്നിവയ്ക്കു തുല്യമായി മറ്റൊന്നുമില്ല. നിങ്ങളുടെ പിന്തുണയുടെ കരുത്തിലാണു നാം ഒട്ടേറെ മത്സരങ്ങൾ ജയിച്ചത്. സസ്പെൻഷൻ കാലം പൂർത്തിയാക്കി ഞാൻ മടങ്ങിയെത്തിയ ദിനം. ആ വൈകാരിക നിമിഷങ്ങൾക്കു ഞാൻ നിങ്ങളോടു കടപ്പെട്ടിരിക്കുന്നു. ഒരിക്കലും ഞാനതു മറക്കില്ല ’’ – ഇൻസ്റ്റഗ്രാം കുറിപ്പിൽ ഇവാനെഴുതി. ‘ഡിയർ കേരള’ എന്ന് അഭിസംബോധന ചെയ്ത് ‘ആശാൻ ഇവാൻ’ എന്നെഴുതി അവസാനിപ്പിച്ച കുറിപ്പു പങ്കുവച്ചതൊരു പ്രതീക്ഷയാണ്. ‘‘എനിക്കു ഗുഡ്ബൈ പറയാൻ കഴിയില്ലെന്നു നമുക്കെല്ലാമറിയാം. നമ്മുടെ വഴികൾ ഇനിയും കൂട്ടിമുട്ടുമെന്നു നമുക്കെല്ലാം അറിയാം. വി വിൽ മീറ്റ് എഗെയിൻ!’’
കുറിപ്പിൽ നിന്ന്: ‘‘ എതിരാളികളെ വിറപ്പിക്കുന്ന കോട്ടയാക്കി കലൂർ സ്റ്റേഡിയത്തെ നാം മാറ്റി. ടീമിനും എല്ലാ കളിക്കാർക്കും നന്ദി. മഞ്ചേശ്വരം മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ നഗരങ്ങളും എനിക്കു വീടു പോലെയായിരുന്നു. എല്ലാവർക്കും ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നു നന്ദി! കേരള ഐ ലവ് യൂ, ഫോർ എവർ യുവേഴ്സ്, ആശാൻ ഇവാൻ .’’