ADVERTISEMENT

കൊൽക്കത്ത∙ ‘പകയും പ്രതികാരവും കൊണ്ടുനടക്കാൻ ഞാൻ മാഫിയ ഡോൺ അല്ല’ എന്നായിരുന്നു ഐഎസ്എൽ ഫുട്ബോൾ ഫൈനലിനു തലേദിവസം നടന്ന മാധ്യമ സമ്മേളനത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ് പരിശീലകൻ അന്റോണിയോ ലോപസ് ഹബാസ് പറഞ്ഞത്. പക്ഷേ, ലീഗിലെ അവസാന മത്സരത്തിൽ ബഗാനോട് തോറ്റ്, ലീഗ് വിന്നേഴ്സ് ഷീൽഡ് അടിയറവു വയ്ക്കേണ്ടിവന്നതിന്റെ നിരാശയും പകരം ചോദിക്കാനുള്ള വാശിയുമായാണ് മുംബൈ സിറ്റി എഫ്സിയും പരിശീലകൻ പീറ്റർ ക്രാറ്റ്കിയും ഇന്നലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ എത്തിയത്.

ആ പ്രതികാരച്ചൂടിൽ, 62,000ൽ അധികം വരുന്ന സ്വന്തം ആരാധകർക്കു മുന്നിൽ വെന്തുരുകാനായിരുന്നു ബഗാന്റെ വിധി. മോഹൻ ബഗാനെ 3–1ന് തോൽപിച്ച്, ഐഎസ്എൽ 10–ാം സീസണിലെ കിരീടത്തിൽ മുംബൈ മുത്തമിട്ടു. ആദ്യ പകുതിയിൽ ജയ്സൻ കമ്മിങ്സിലൂടെ (44) ബഗാനാണ് ലീഡെടുത്തതെങ്കിലും രണ്ടാം പകുതിയിൽ ഹോർഹെ പെരേര ഡയസ് (53), ബിപിൻ സിങ് (81), യാകുബ് വോട്സ് (90+7) എന്നിവരിലൂടെ ഗോൾ മടക്കിയാണ് ബഗാന്റെ ട്രെബിൾ മോഹം മുംബൈ ഊതിക്കെടുത്തിയത്. മുംബൈയുടെ രണ്ടാം ഐഎസ്എൽ കിരീടനേട്ടമാണിത്.

കിടിലൻ കമ്മിങ്സ്

മുംബൈയുടെ ഹൈ പ്രസ് ഗെയിമിൽ തുടക്കത്തിലേ താളംതെറ്റിയ ബഗാന് മത്സരത്തിലേക്ക് തിരിച്ചുവരാൻ ഒരു തീപ്പൊരി അത്യാവശ്യമായിരുന്നു. അതിനായി ആദ്യ പകുതിയുടെ അവസാന മിനിറ്റുവരെ ബഗാൻ ടീമിനും ആരാധകർക്കും കാത്തിരിക്കേണ്ടിവന്നു. 44–ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് ദിമിത്രിയോസ് പെട്രറ്റോസ് തൊടുത്തുവിട്ട ബുള്ളറ്റ് ഷോട്ട്, മുംബൈ ഗോൾകീപ്പർ ഫുർബ ലചെൻപ തട്ടിയകറ്റിയെങ്കിലും പന്ത് നേരെ ചെന്നു വീണത് ബോക്സിനകത്തുള്ള ജയ്സൻ കമ്മിങ്സിന്റെ കാലുകളിലേക്കാണ്.

പന്ത് ക്ലിയർ ചെയ്യാൻ മുന്നോട്ട് ഓടിയടുത്ത ഫുർബയെ മറികടന്ന് കമ്മിങ്സിന്റെ ഇടംകാൽ ചിപ് ഷോട്ട് വലയിലേക്ക്. ബഗാൻ –1, മുംബൈ– 0.തുടക്കം മുതൽ നിലനിർത്തിയ ആധിപത്യം ഒറ്റ ഗോളിൽ കൈവിട്ടതിന്റെ നിരാശയുമാണ് മുംബൈ ആദ്യ പകുതി അവസാനിപ്പിച്ചത്. മറുവശത്ത് കിരീടനേട്ടം ആഘോഷിക്കാൻ ബഗാൻ ആരാധകർ മാനസികമായി തയാറെടുത്തു തുടങ്ങിയിരുന്നു.

പെരേര പവർ

ഒരു ഗോൾ ലീഡിന്റെ ആലസ്യത്തിൽ രണ്ടാം പകുതി തുടങ്ങിയ ബഗാനെ ഞെട്ടിച്ച് 7 മിനിറ്റിനുള്ളിൽ മുംബൈ ഗോൾ മടക്കി. ആൽബർട്ടോ നൊവേര നീട്ടിനൽകിയ പന്തുമായി ബോക്സിലേക്ക് ഓടിക്കയറിയ ഹോർഹെ പെരേര ഡയസ് (53–ാം മിനിറ്റ്) പോസ്റ്റിലേക്ക് കോരിയിട്ടത് മുംബൈ താരങ്ങൾക്ക് രണ്ടാം പകുതിയിൽ നിറഞ്ഞു കളിക്കാനുള്ള ഊർജം കൂടിയായിരുന്നു. സമനില ഗോൾ പിറന്നതോടെ മുംബൈ പൂർവാധികം ശക്തിയോടെ മത്സരത്തിലേക്ക് തിരിച്ചെത്തി. 

തനിയാവർത്തനം !

കളിക്കുന്നതു മുംബൈ സിറ്റിക്കെതിരെ ആണെങ്കിൽ ഫൈനൽ വിസിൽ മുഴങ്ങുന്നതുവരെ ഒരു ടീമും ‘സേഫ്’ അല്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു. 2020–21 ഐഎസ്എൽ ഫൈനലിൽ മുംബൈയും ബഗാനും നേർക്കുനേർ വന്നപ്പോൾ ആദ്യം ലീഡ് നേടിയത് ബഗാനായിരുന്നു. എന്നാൽ പിന്നാലെ രണ്ടു ഗോളുകൾ തിരിച്ചടിച്ച മുംബൈ കിരീടം സ്വന്തമാക്കി. ദിവസങ്ങൾക്കു മുൻപ് എഫ്സി ഗോവയ്ക്കെതിരെ നടന്ന ഐഎസ്എൽ ആദ്യപാദ സെമിയിലും ഏറക്കുറെ ഇതായിരുന്നു അവസ്ഥ. മത്സരത്തിന്റെ 89–ാം മിനിറ്റ് വരെ 2–0ന് ഗോവ മുന്നിലായിരുന്നു. എന്നാൽ അവസാന 7 മിനിറ്റിനുള്ളിൽ 3 ഗോളുകൾ മടക്കിയ മുംബൈ ഗോവയിൽ നിന്ന് ജയം പിടിച്ചെടുത്തു !

വെൽക്കം വോട്സ്

72–ാം മിനിറ്റിൽ ഹോർഹെ പെരേര ഡയസ് പരുക്കുമൂലം മടങ്ങിയത് മുംബൈയെ ആശങ്കയിലാക്കി. എന്നാൽ പെരേരയ്ക്കു പകരമെത്തിയ സ്ലൊവാക്യൻ താരം യാകുബ് വോട്സ്, മുംബൈയുടെ വിജയനായകനായി മാറുന്ന കാഴ്ചയ്ക്കായിരുന്നു സോൾട്ട് ലേക്ക് സ്റ്റേഡിയം പിന്നീട് സാക്ഷ്യം വഹിച്ചത്. 81–ാം മിനിറ്റിൽ ബിപിൻ സിങ്ങിലൂടെ മുംബൈയുടെ രണ്ടാം ഗോൾ പിറന്നപ്പോൾ അതിനു വഴിയൊരുക്കിയത് വോട്സ് ആയിരുന്നു. 

 ലാലിയൻസുവാല ഛാങ്തെയുടെ ഷോട്ട് ബഗാൻ ഡിഫൻഡർമാർ തട്ടിയകറ്റിയെങ്കിലും പന്ത് പിടിച്ചെടുത്ത വോട്സ്, ബിപിന് മറിച്ചുനൽകി. പന്തിന് പോസ്റ്റിനകത്തേക്കുള്ള ദിശ കാണിക്കുക എന്ന ദൗത്യം മാത്രമേ ബിപിനുണ്ടായിരുന്നു. മുംബൈ–2, ബഗാൻ– 1. ഏറക്കുറെ മത്സരം കൈവിട്ടുപോയെന്ന് ഉറപ്പിച്ച ബഗാൻ, പിന്നാലെ ഓൾഔട്ട് അറ്റാക്കിലേക്ക് മാറി.  ഇതിനിടെ ബഗാൻ പ്രതിരോധത്തിൽ വന്ന വീഴ്ച മുതലെടുത്ത   യാകുബ് (90+7) മുംബൈയുടെ മൂന്നാം ഗോൾ സ്വന്തം പേരിൽ കുറിച്ചു. മുംബൈ –3, ബഗാൻ– 1.

English Summary:

Mumbai City win ISL title

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com