ADVERTISEMENT

കോട്ടയം ∙ കേരളത്തിലെ മികച്ച സ്പോർട്സ് ക്ലബ്ബിനു സാന്റാ മോണിക്ക ഹോളിഡേയ്സിന്റെ സഹകരണത്തോടെ മലയാള മനോരമ നൽകുന്ന പുരസ്കാരത്തിനുള്ള അവസാന ചുരുക്കപ്പട്ടികയിൽ മലബാർ സ്പോർട്സ് അക്കാദമി (പുല്ലൂരാംപാറ,കോഴിക്കോട്), ബ്രദേഴ്സ് സ്പോർട്സ് ക്ലബ് (മൂലാട്, കോഴിക്കോട്), ഒളിംപിക് അത്‌ലറ്റിക് ക്ലബ് (പാലക്കാട്) എന്നീ ക്ലബ്ബുകൾ.  രണ്ടാം ഘട്ട ചുരുക്കപ്പട്ടികയിൽ ഇടം നേടിയ 6 ക്ലബ്ബുകളിൽനിന്നു കഴിഞ്ഞ വർഷത്തെ പ്രവർത്തന മികവും കൈവരിച്ച നേട്ടങ്ങളും അടിസ്ഥാനമാക്കിയാണ് അവസാന 3 ക്ലബ്ബുകളെ തിരഞ്ഞെടുത്തത്. ഇതിൽനിന്നു മനോരമ ക്ലബ് അവാർഡ്– 2018 ജേതാവിനെയും രണ്ട്, മൂന്ന് സ്ഥാനക്കാരെയും കൊച്ചിയിൽ നടക്കുന്ന മനോരമ സ്പോർട്സ് അവാർഡ് ചടങ്ങിൽ പ്രഖ്യാപിക്കും.

പുരസ്കാര ജേതാക്കൾക്കു ട്രോഫിക്കു പുറമേ 3 ലക്ഷം രൂപ, ഫസ്റ്റ് റണ്ണേഴ്സ് അപ്പിനു 2 ലക്ഷം, മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം എന്നിങ്ങനെയാണു സമ്മാനത്തുക. നൂറുകണക്കിനു ക്ലബ്ബുകളുടെ അപേക്ഷകളാണ് ആദ്യഘട്ടത്തിൽ ലഭിച്ചത്. അതിൽ നിന്നു പ്രാഥമിക തിരഞ്ഞെടുപ്പിനു ശേഷം ലഭിച്ച 30 ക്ലബ്ബുകളിൽനിന്ന് വിദഗ്ധ സമിതി ആറു ക്ലബ്ബുകളെ തിരഞ്ഞെടുത്തിരുന്നു. ആ ക്ലബ്ബുകളിലെല്ലാം വിദഗ്ധ സമിതി സന്ദർശനം നൽകി.

തുടർന്നാണ് ഇപ്പോഴത്തെ മൂന്നു ക്ലബ്ബുകളിലേക്ക് പട്ടിക ചുരുക്കിയത്. ക്ലബ്ബുകളുടെ തിരഞ്ഞെടുപ്പ് അതീവ ശ്രമകരമായിരുന്നുവെന്ന് വിദഗ്ധ സമിതി അംഗങ്ങളായ ഡോ. ബിനു ജോർജ് വർഗീസ് (കായിക വിഭാഗം മേധാവി, മഹാത്മാഗാന്ധി സർവകലാശാല), സി.സി. ജേക്കബ് (മുൻ ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ), ടോം ജോസഫ് (മുൻ ഇന്ത്യൻ വോളിബോൾ താരം) എന്നിവർ പറഞ്ഞു. ഒന്നിനൊന്നു മെച്ചപ്പെട്ട പ്രവർത്തനമാണ് ആറു ക്ലബ്ബുകളും കാഴ്ചവച്ചത്. നിശ്ചിത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അവസാന വട്ട തിരഞ്ഞെടുപ്പു നടത്തിയത്.

ക്ലബ്ബുകളുടെ മികവു  പരിശോധിച്ചതിന്റെ  മാനദണ്ഡങ്ങൾ ?

കായിക വികസനത്തിനുള്ള ക്ലബ്ബിന്റെ സംഭാവന, പദ്ധതികളുടെ നടത്തിപ്പ്, കൈവരിച്ച നേട്ടങ്ങൾ, ക്ലബ് പ്രവർത്തനങ്ങളിലെ പൊതുജന പങ്കാളിത്തവും സാന്നിധ്യവും, സാമൂഹിക പ്രതിബദ്ധത, പദ്ധതി നടത്തിപ്പിലെ പുതുമ എന്നിവയാണ് അവസാന റൗണ്ട് മൂല്യനിർണയത്തിന് അടിസ്ഥാനമാക്കിയത്.

ഡോ. ബിനു ജോർജ് വർഗീസ്  (എം.ജി. സർവകലാശാല കായിക വിഭാഗം മേധാവി)

‘‘ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ക്ലബ്ബുകളെല്ലാം ഒരോ തലത്തിൽ മികച്ചതുതന്നെ. ഇതിൽനിന്ന് ജേതാവിനെ തിരഞ്ഞെടുക്കുക എന്നത് ഒട്ടും എളുപ്പമല്ല. ഇല്ലായ്മയിൽനിന്നു നേട്ടങ്ങളുടെ തിളക്കത്തിലേക്കു കുതിച്ച ക്ലബ്ബുകൾക്ക് പ്രത്യേക അനുമോദനം.’’

സി.സി. ജേക്കബ്  (മുൻ ഇന്ത്യൻ ഫുട്ബോൾ താരം)

‘‘കായിക മേഖലയിലെ മികവിനൊപ്പം സമൂഹത്തിനു തന്നെ മുതൽക്കൂട്ടാകുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണു പല ക്ലബ്ബുകളും കാഴ്ചവച്ചത്. ഇതു തുടരുക, നാളെയുടെ കേരളം ഇതു കണ്ടു പഠിക്കട്ടെ.’’

ടോം ജോസഫ്  (മുൻ ഇന്ത്യൻ വോളിബോൾ താരം)

‘‘ക്ലബ്ബുകളുടെ പ്രവർത്തനം കാണുമ്പോൾ അതിയായ സന്തോഷമുണ്ട്. 16–ാം വയസ്സിലാണു ഞാൻ വോളിബോൾ കളിക്കാൻ തുടങ്ങുന്നത്. എന്നാൽ ഇന്നത്തെ കുട്ടികൾക്കു വ്യക്തമായ ദിശാബോധമുണ്ട്. നാളെയുടെ കായിക താരങ്ങളെ വളർത്തിയെടുക്കുന്നതിൽ നാട്ടിൻപുറങ്ങളിലെയും നഗരങ്ങളിലെയും സ്പോർട്സ് ക്ലബ്ബുകളുടെ പങ്കു വിസ്മരിക്കാനാകില്ല.’’

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com