ചാംപ്യൻസ് ബോട്ട് ലീഗ് ഓഗസ്റ്റ് 10 മുതൽ
Mail This Article
തിരുവനന്തപുരം∙ കഴിഞ്ഞ വർഷം പ്രളയത്തെത്തുടർന്നു മാറ്റിയ ടൂറിസം വകുപ്പിന്റെ ചാംപ്യൻസ് ബോട്ട് ലീഗ് അടുത്ത ഓഗസ്റ്റ് 10 മുതൽ നവംബർ ഒന്നുവരെ നടക്കും. ഐപിഎൽ മാതൃകയിൽ നടത്തുന്ന സിബിഎല്ലിൽ 12 മത്സരങ്ങളുണ്ട്. . ആലപ്പുഴ പുന്നമടക്കായലിലെ നെഹ്റു ട്രോഫി വള്ളംകളിയോടെയാണ് ലീഗ് തുടങ്ങുക. അഷ്ടമുടിക്കായലിൽ നടത്തുന്ന പ്രസിഡന്റ്സ് ട്രോഫി മത്സരത്തോടെ സമാപിക്കും. 9 ടീമുകളാണ് ആദ്യ ലീഗിൽ മാറ്റുരയ്ക്കാനെത്തുന്നത്. ലീഗ് വിജയിക്ക് 25 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങളിലേത്തുന്നവർക്ക് 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയുമാണ് സമ്മാനത്തുക.
കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ആറു ജില്ലകളിലാണ് ലീഗ് സംഘടിപ്പിക്കുന്നത്. നെഹ്റു ട്രോഫിക്കും പ്രസിഡൻറ്സ് ട്രോഫിക്കും പുറമെ പുളിങ്കുന്ന്, കൈനകരി, കായംകുളം, കരുവാറ്റ, മറൈൻ ഡ്രൈവ്, പിറവം, പൊന്നാനി, കോട്ടപ്പുറം, കോട്ടയം താഴത്തങ്ങാടി, കല്ലട തുടങ്ങിയവയാണ് സിബിഎല്ലിലെ മത്സരങ്ങൾ. അടുത്ത 5 വർഷത്തേയ്ക്ക് സിബിഎല്ലിന്റെ നടത്തിപ്പിന് ടൂറിസം വകുപ്പ് വിവിധ ഏജൻസികളിൽനിന്ന് പദ്ധതി നിർദ്ദേശങ്ങൾ ക്ഷണിച്ചു. കായികമത്സരങ്ങളും മറ്റും നടത്തുന്നതിൽ 3 വർഷമെങ്കിലും പരിചയമുള്ളവർക്ക് അപേക്ഷിക്കാം.