തർക്കമില്ല; ഈ ‘കോർട്ടിൽ’; മുൻ ഭാരവാഹികൾക്ക് ആദരവുമായി കേരള ടെന്നിസ് അസോസിയേഷൻ

Mail This Article
കോട്ടയം∙ കേരള ടെന്നിസിന്റെ ചരിത്രം സംസ്ഥാനത്തിന്റെ കായികചരിത്രത്തിനു മുൻപേ തുടങ്ങുന്നു. 1938ൽ കേണൽ ഗോദവർമ രാജയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് ഒരു ടെന്നിസ് കോർട്ട് നിർമിക്കുന്നതും ട്രാവൻകൂർ ടെന്നിസ് അസോസിയേഷന് രൂപം നൽകുന്നതും.
അതേ വർഷം തന്നെ ഗ്രാൻസ്ലാം ജേതാവായ അമേരിക്കയുടെ ബിൽ ടിൽഡനും ഫ്രാൻസിന്റെ ഹെന്റി കോച്ചെറ്റും തമ്മിൽ ഒരു പ്രദർശന മൽസരവും തിരുവനന്തപുരത്ത് നടന്നു. ട്രാവൻകൂർ ടെന്നിസ് അസോസിയേഷനാണ് പിന്നീട് കേരള ലോൺ ടെന്നിസ് അസോസിയേഷനും 1984ൽ കേരള ടെന്നിസ് അസോസിയേഷനുമായത്.
പേരും ഭാരവാഹികളും മാറിയെങ്കിലും അസോസിയേഷനിൽ ഇതുവരെ മാറാത്ത കാര്യമൊന്നു മാത്രം– 1984 മുതൽ ഇന്നുവരെ തിരഞ്ഞെടുപ്പിന്റെ ആവശ്യമില്ലാതെ ഏകകണ്ഠമായാണ് ഭാരവാഹികളെല്ലാം തിരഞ്ഞെടുക്കപ്പെട്ടത്. നാളിതു വരെ ഒരേ ‘കോർട്ട് മാറാതെ’ ഒന്നിച്ചു നിന്നതിന്റെ ഓർമ പുതുക്കുകയാണ് കേരള ടെന്നിസ് അസോസിയേഷൻ.
24–ാം തീയതി തൃശൂരിൽ നടക്കുന്ന പരിപാടിയിൽ മുൻ ഭാരവാഹികളെയെല്ലാം അസോസിയേഷൻ ആദരിക്കും. ജേക്കബ് സി.കള്ളിവയലിലാണ് ഇപ്പോൾ അസോസിയേഷന്റെ പ്രസിഡന്റ് എമരിറ്റസ്. എ.സലിം (പ്രസിഡന്റ്) തോമസ് പോൾ (ഓണററി സെക്രട്ടറി), ഡോ.പ്രസാദ് എ.ചീരമറ്റം (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി.