ADVERTISEMENT

തൃശൂർ ∙ ജീവിത സ്വപ്നങ്ങളുടെ ട്രാക്കിൽ വിശ്രമമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന മുൻ ദേശീയ സ്കൂൾ അത്‌ലറ്റിക് ചാംപ്യന്റെ ജോലി സ്വപ്നം ‘അൺഫിറ്റായി’ ട്രാക്കിനു പുറത്ത്. ദേശീയ സ്കൂൾ കായികമേളയിൽ രണ്ടു തവണ 100 മീറ്റർ വേഗത്തിന്റെ ചാംപ്യനായ യുവാവിനെ തോൽപ്പിച്ചതോ വെറും 3 സെന്റിമീറ്ററിന്റെ ഉയരക്കുറവ്.

മുൻ ദേശീയ അത്‌ലറ്റിക് താരമായ കണ്ണൂർ കൊട്ടിയൂർ മന്ദംചേരി കോളനിയിലെ പുത്തലത്ത് വീട്ടിൽ പി.ബി. ഗിരീഷിനാണ് പൊലീസ് കോൺസ്റ്റബിൾ കായികക്ഷമതാ പരീക്ഷയിൽ ഉയരക്കുറവ് തിരിച്ചടിയായത്. ഈ മാസം 2ന് പ്രസിദ്ധീകരിച്ച കോൺസ്റ്റബിൾ ചുരുക്കപ്പട്ടിയിലെ ഉദ്യോഗാർഥികളുടെ കായികക്ഷമതാ പരീക്ഷ രാമവർമ്മപുരത്തെ കേരള പൊലീസ് അക്കാദമിയിലാണ് നടന്നത്.

160 സെന്റിമീറ്റർ ഉയരമായിരുന്നു ശരാശരി യോഗ്യത. ഗിരീഷിന്റെ ഉയരം 153.5 സെന്റിമീറ്ററും. 157 സെന്റിമീറ്ററെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഗിരീഷ് തിരഞ്ഞെടുക്കപ്പെട്ടേനെ.

ഓടിയെടുത്ത മെഡലുകൾ സൂക്ഷിക്കാൻ സ്വന്തമായൊരു വീടു പോലുമില്ലാത്ത, ഗിരീഷിന്റെ സ്വപ്നമായിരുന്നു പൊലീസ് ജോലി. 2007 ൽ പുണെയിലും 2008 ൽ കൊൽക്കത്തയിലും നടന്ന ദേശീയ സ്‌കൂൾ കായിക മേളയിൽ 100 മീറ്ററിലാണ് ഗിരീഷ് സ്വർണ മെഡൽ നേടിയത്. സംസ്ഥാന സ്കൂൾ കായികമേളയിൽ 3 വർഷം തുടർച്ചയായി 100 മീറ്റർ വേഗരാജാവായിരുന്നു.

ജീവിത പ്രാരാബ്‌ധങ്ങൾ കൂടെ ഓടാൻ തുടങ്ങിയപ്പോൾ 7 വർഷം മുൻപ് ട്രാക്കിനോടു ഗുഡ്ബൈ പറഞ്ഞ്, കൂലിപ്പണിക്കിറങ്ങി. നിലവിൽ വെള്ളിമാനം പട്ടികജാതി വികസന വകുപ്പ് പ്രീ–മെട്രിക് ഹോസ്റ്റലിലെ താൽക്കാലിക സുരക്ഷാ ജീവനക്കാരനാണ്. ഭാര്യ മിനിയും 2 മക്കളും അടങ്ങുന്ന കുടുംബത്തിനു തണലാകാൻ പിഎസ്‌സിക്കും പൊലീസ് അധികൃതർക്കും അപ്പീൽ നൽകാനുള്ള തയാറെടുപ്പിലാണ് ഗിരീഷ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT