ADVERTISEMENT

കോട്ടയം ∙ തകർത്തു കളിക്കാൻ മാത്രമല്ല, വെടിപ്പായി പഠിക്കാനും കഴിയുമെന്നു തെളിയിക്കുകയാണു കേരളത്തിലെ കുട്ടിത്താരങ്ങൾ. പത്താം ക്ലാസ് പരീക്ഷാഫലം ഇന്നലെ പുറത്തുവന്നപ്പോൾ ട്രാക്കിലും ഫീൽഡിലും കോർട്ടിലും നേട്ടങ്ങളുടെ മെഡൽ കഴുത്തിലണിഞ്ഞ് തിളങ്ങിനിൽക്കുന്ന ചാംപ്യൻ താരങ്ങളിൽ പലർക്കും മികവിന്റെ എ പ്ലസ്.

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ മുതൽ ഏഴും എട്ടും എ പ്ലസ്സുകാർ വരെയുണ്ട് ഇക്കൂട്ടത്തിൽ. അത്‌ലറ്റിക്സിലും ഫുട്ബോളിലും വോളിബോളിലുമൊക്കെ ദേശീയ, സംസ്ഥാന മെഡലുകൾ നേടിയവരാണു പഠനത്തിന്റെ ട്രാക്കിലും മിടുക്കിന്റെ വിജയക്കൊടി പാറിച്ചത്.

∙ ട്രാക്കിലെ പുലികൾ

കഴിഞ്ഞ സംസ്ഥാന ജൂനിയർ അത്‍ലറ്റിക്സിൽ ഹൈജംപിൽ (അണ്ടർ 16) സ്വ‍ർണം നേടിയ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ റോഷ്ന അഗസ്റ്റിൻ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഇക്കഴിഞ്ഞ ദേശീയ സ്കൂൾ മീറ്റിൽ ജൂനിയർ 400 മീറ്ററിൽ വെള്ളി നേടിയ കൊച്ചി മേഴ്സി കുട്ടൻ അക്കാദമി താരം ഗൗരി നന്ദന എസ്എസ്‌എൽസിയിൽ ഒന്നാം നമ്പരായി. പെരുമാനൂർ സെന്റ് തോമസ് എച്ച്എസ്എസിൽ പഠിക്കുന്ന ഗൗരിക്ക് 8 എ പ്ലസ്സും 2 എയും.

സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഡിസ്കസ് ത്രോയിൽ ഒന്നാമനായ കോതമംഗലം സെന്റ് ജോർജിലെ ബിജോ തോമസ് 9 എ പ്ലസ്സും ഒരു ബി പ്ലസ്സും എറിഞ്ഞു പിടിച്ചു. കോതമംഗലം മാർ ബേസിലിന്റെ സംസ്ഥാനതാരം സി.എഫ്.അമൃത മേരി എല്ലാ വിഷയങ്ങളിലും മിടുക്ക് കാട്ടി ‘എ പ്ലസ് അമൃത’യായി. സംസ്ഥാന സ്കൂൾ മീറ്റിൽ സബ് ജൂനിയർ ഡിസ്കസിൽ വെള്ളി നേടിയ പാലക്കാട് പറളി സ്കൂളിലെ കെ.ബി.അനുശ്രീക്കും ഫുൾ എ പ്ലസ്സുണ്ട്.

∙ എ പ്ലസ് ഗോൾ, സ്മാഷ്

കേരള ഫുട്ബോൾ അസോസിയേഷന്റെ ഏറ്റവും മികച്ച സബ് ജൂനിയർ താരത്തിനുള്ള പുരസ്കാരം (2017–18) സ്വന്തമാക്കിയ കോഴിക്കോട് പുറമേരി കടത്തനാട് രാജാസ് ഹൈസ്കൂളിലെ വിസ്മയ രാജ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വീട്ടുകാരെയും അധ്യാപകരെയും വിസ്മയിപ്പിച്ചു. 2 വർഷം സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ടീം വൈസ് ക്യാപ്റ്റനായിരുന്നു.

കഴിഞ്ഞ മാസം കോലാപ്പൂരിൽ നടന്ന ദേശീയ ജൂനിയർ ഫുട്ബോളിലും കേരളത്തിന്റെ പ്രതിരോധനിരയിൽ ബൂട്ടണിഞ്ഞു. ഗുണ്ടൂരിൽ നടന്ന ജൂനിയർ സ്കൂൾ വോളിചാംപ്യൻഷിപ്പിൽ ജേതാക്കളായ സംസ്ഥാന ടീമിലെ 2 താരങ്ങൾ പത്താം ക്ലാസിൽ എ പ്ലസ് മിടുക്കികളായി: തിരുവനന്തപുരം സായിയിലെ മരിയ ഷൈബിയും ജെ.പ്രിയങ്കയും. തുണ്ടത്തിൽ എംവിഎച്ച്എസ്എസ് വിദ്യാർഥികളാണ് ഇരുവരും.

∙ തളരാതെ റസാഖ്, ചാന്ദ്നി

ഹോങ്കോങ്ങിൽ നടന്ന ഏഷ്യൻ യൂത്ത് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയതിനാൽ 4 പരീക്ഷകൾ നഷ്ടപ്പെട്ട സി.ആർ.അബ്ദുൽ റസാഖും സി.ചാന്ദ്‌നിയും ബാക്കി 6 വിഷയങ്ങൾക്കും മികച്ച ജയം നേടി. ഹോങ്കോങ്ങിൽ 400 മീറ്ററിൽ സ്വർണം നേടിയ റസാഖ് 6 വിഷയങ്ങളിലും എ പ്ലസ് പിടിച്ചു. പാലക്കാട് മാത്തൂർ സിഎഫ്ഡിവിഎച്ച്എസ്എസിലാണു പഠനം. കല്ലടി സ്കൂളിലെ ചാന്ദ്നി 3 എ, ഒന്നു വീതം എ പ്ലസ്സും ബി പ്ലസ്സും ബിയും. താരത്തിന്റെ ഗ്രേസ് മാർക്ക് കൂട്ടിയിട്ടില്ല. ബാക്കിയുള്ള 4 വിഷയങ്ങളിൽ ഇരുവർക്കും സേ പരീക്ഷയെഴുതണം.

∙ രഹസ്യമെന്ത്?

പരിശീലനം, മത്സരങ്ങളിൽ പങ്കെടുക്കാൻ ദൂരദേശങ്ങളിലേക്കുള്ള യാത്രകൾ, ദിവസങ്ങളോളം നീളുന്ന ചാംപ്യൻഷിപ്പുകൾ. ഇതിനെല്ലാമിടയിൽ ക്ലാസിൽ കയറുന്നതു വല്ലപ്പോഴും മാത്രം. എന്നിട്ടും, എല്ലാ വിഷയങ്ങളിലും എ പ്ലസ് എത്തിപ്പിടിക്കാൻ എങ്ങനെ കഴിഞ്ഞു? ചാംപ്യൻ കിഡ്സിന്റെ മറുപടി ഇങ്ങനെ: 

കൂട്ടുകാർ നന്നായി സഹായിക്കും. രാത്രിയിൽ ഉറക്കമിളച്ചിരുന്നു പഠിക്കും. മീറ്റുകളിലേക്കുള്ള യാത്രയിൽ പാഠപുസ്തകങ്ങൾ വായിക്കും. പിന്നെ, മെഡലുകളുടെ ഗ്രേസ് മാർക്ക് കൂടി കൂട്ടുമ്പോൾ എ പ്ലസ് സന്തോഷത്തിനു വക ലഭിക്കും, ഞങ്ങൾക്കും വീട്ടുകാർക്കും.

Englis Summary: Kerala School Athletes Peform Well in School Examinations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com